Pages

ധോണി മുതല്‍ ഡുപ്ലെസിസ് വരെ. ഈ ഐപിഎല്ലോടെ വിരമിക്കാൻ 5 താരങ്ങള്‍.

മാർച്ച്‌ 22നാണ് 2025 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. മെഗാ ലേലത്തിന് ശേഷം വ്യത്യസ്തമായ ടീമുകളും വ്യത്യസ്തമായ തന്ത്രങ്ങളുമായാണ് ഇത്തവണത്തെ ഐപിഎല്‍ എത്തുന്നത്.

ധോണി, രോഹിത്, കോഹ്ലി അടക്കം ഇന്ത്യൻ ടീമിലെ പല വമ്ബന്മാരും ഇത്തവണത്തെ ഐപിഎല്ലിലും അണിനിരക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിന് ശേഷം എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും തങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ സീനിയർ താരമായ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിന്റെ ഒരു വലിയ അംബാസിഡർ തന്നെയാണ്. 2008 ഐപിഎല്‍ മുതല്‍ ചെന്നൈ ടീമിന്റെ നിറസാന്നിധ്യമായ ധോണി കഴിഞ്ഞ സീസണുകളിലും മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഈ സീസണിന് ശേഷം മഹേന്ദ്ര സിംഗ് ധോണി തന്റെ ഐപിഎല്‍ കരിയർ അവസാനിപ്പിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്.

ദക്ഷിണാഫ്രിക്കയുടെ മുൻ നായകനായ ഡുപ്ലസിസും ഈ ഐപിഎല്‍ സീസണോടെ മത്സരം അവസാനിപ്പിക്കാൻ സാധ്യതയുള്ള ഒരു താരമാണ്. നിലവില്‍ 40 വർഷവും 249 ദിവസവുമാണ് ഡുപ്ലസിസിന്റെ പ്രായം. ലോകത്താകമാനമുള്ള ട്വന്റി20 ലീഗുകളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഡുപ്ലസിസ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സ് എന്നീ ടീമുകള്‍ക്കായി മുൻപ് ഡുപ്ലസിസ് കളിച്ചിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഡുപ്ലസിസ്.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് ഇന്ത്യയുടെ വെറ്ററൻ പേസർ ഇഷാന്ത് ശർമ. 2008 ഐപിഎല്‍ ലേലത്തിലും 2025 ഐപിഎല്‍ ലേലത്തിലും ടീമുകള്‍ സ്വന്തമാക്കിയ ഒരേയൊരു താരം കൂടിയാണ് ഇഷാന്ത് ശർമ. നിലവില്‍ 36 വർഷവും 198 ദിവസവുമാണ് ഇഷാന്ത് ശർമയുടെ പ്രായം. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം ഇഷാന്ത് ക്രിക്കറ്റിനോട് വിട പറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഇംഗ്ലണ്ട് താരം മൊയിൻ അലിയും ഈ സീസണോടുകൂടി വിരമിക്കാൻ സാധ്യതയുള്ള താരമാണ്. 37 വർഷവും 274 ദിവസവുമാണ് മോയിൻ അലിയുടെ പ്രായം. ഇതുവരെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകള്‍ക്കായാണ് മോയിൻ അലി കളിച്ചിട്ടുള്ളത്. 2025 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമാണ് മൊയ്ൻ അലിയെ സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ വളരെ കാലങ്ങളായി സജീവമായുള്ള ഇന്ത്യൻ താരമാണ് കരണ്‍ ശർമ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ലെഗ് ബ്രേക്ക് ബോളർ എന്ന നിലയില്‍ മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഹൈദരാബാദ് സണ്‍റൈസേഴ്സ് എന്നീ ടീമുകള്‍ക്കായിയാണ് കരണ്‍ കളിച്ചിരുന്നത്. ഈ സീസണില്‍ മുംബൈ ഇന്ത്യൻസ് കരണ്‍ ശർമയെ സ്വന്തമാക്കിയിട്ടുണ്ട്. 37 വർഷവും 147 ദിവസവുമാണ് കരണ്‍ ശർമയുടെ പ്രായം.

No comments:

Post a Comment