Pages

വീണ്ടും ചരിത്രവിലയില്‍ സ്വര്‍ണം; 67,000 രൂപയിലേക്ക് കുതിപ്പ്

സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്.

ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,880 രൂപയിലും ഗ്രാമിന് 8,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ ഉയർന്ന് 6,855 രൂപയിലെത്തി.

വെള്ളിയാഴ്ച കുറിച്ച പവന് 66,720 രൂപ എന്ന റിക്കാർഡാണ് ഒറ്റദിവസംകൊണ്ട് മറികടന്നത്. ഈമാസം 20ന് കുറിച്ച പവന് 66,480 രൂപ എന്ന ഉയരത്തിലെത്തിയ ശേഷം താഴേക്കു പോയ സ്വർണം അഞ്ചുദിവസത്തിനിടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞിരുന്നു.

പിന്നീട് ബുധനാഴ്ച മുതലാണ് തിരിച്ചുകയറാൻ ആരംഭിച്ചത്. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 320 രൂപയും ഉയർന്ന സ്വർണവില വെള്ളിയാഴ്ച വീണ്ടും 66,000 കടക്കുകയായിരുന്നു. നാലു ദിവസം കൊണ്ട് 1,400 രൂപയുടെ വർധനയാണുണ്ടായത്. 67,000 രൂപ എന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി വെറും 120 രൂപയുടെ അകലം മാത്രമാണുള്ളത്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില വെള്ളിയാഴ്ച കുറിച്ച ഔണ്‍സിന് 3,076 ഡോളർ എന്ന റിക്കാർഡ് തിരുത്തിക്കുറിച്ച്‌ 3,086 ഡോളറിലെത്തി.

അതേസമയം, വെള്ളി വില 112 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

No comments:

Post a Comment