Pages

പത്മകുമാറിലൂടെ പുറത്തുവന്നത് പത്തനംതിട്ട സിപിഎമ്മിലെ ഏറെ കാലമായുള്ള വിഭാഗീയത; ഗൗരവമായി കണ്ട് സിപിഎം, നടപടി.

പത്തനംതിട്ട സിപിഎമ്മില്‍ ഏറെ കാലമായി നീറിപുകയുന്ന വിഭാഗീയതയാണ് മുൻ എംഎല്‍എ എ പത്മകുമാറിൻ്റെ പരസ്യ പ്രതിഷേധത്തിലൂടെ പുറത്ത് വന്നത്.

സംസ്ഥാനസമ്മേളന നടപടികള്‍ പൂർത്തിയാകും മുൻപുള്ള ഇറങ്ങിപ്പോക്കിനെ സംസ്ഥാന നേതൃത്വവും അതീവഗൗരവത്തോടെ കാണുന്നു. മറ്റന്നാള്‍ ചേരുന്ന ജില്ലാകമ്മിറ്റിയില്‍ നടപടി വരാനാണ് സാധ്യത.

വിവാദങ്ങള്‍ ഒന്നുമില്ലാതെ അവസാനിക്കേണ്ട കൊല്ലം സമ്മേളനമാണ്. പക്ഷേ പൊതുസമ്മേളനത്തിനു മുൻപ് പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പത്മകുമാറിന്റെ ഇറങ്ങിപ്പോക്ക് പാർട്ടിക്ക് ആകെ നാണക്കേടായി. പത്മകുമാറിനെ എംഎല്‍എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടും ഒക്കെ ആക്കിയിട്ടുണ്ട് പാർട്ടി. എന്നാല്‍ സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതാണ് ഇപ്പോഴത്തെ കടുത്ത അതൃപയ്ക്ക് കാരണം. ചതിവ് - വഞ്ചന - അവഹേളനം. അഞ്ചു പതിറ്റാണ്ടിലേറെയായി ഉള്ള കോമ്രേഡ്ഷിപ്പിനെ പത്മകുമാർ ഇങ്ങനെ ചുരുക്കി എഴുതി ഫേസ്ബുക്കില്‍.

വീണ ജോർജിനെ ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയില്‍ എടുത്തതില്‍ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നാണ് പത്മകുമാർ പറയുന്നത്. എന്നാല്‍ വീണയെ പോലും പരിഗണിച്ചിട്ടും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന നേതാവായ തന്നെ അവഗണിച്ചതായി പത്മകുമാർ പലരോടും പരിതപിക്കുന്നു. ഏറെക്കാലമായി പത്തനംതിട്ടയിലെ സിപിഎമ്മില്‍ ഒറ്റയാനാണ് പത്മകുമാർ. ഇക്കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയാകാൻ കുപ്പായം തൈപ്പിച്ചതാണ്. ആഗ്രഹം പക്ഷേ മറ്റു നേതാക്കള്‍ കൈകോർത്ത് മുളയിലെ നുള്ളി കളയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ കൊണ്ടുവന്ന് മത്സരിപ്പിക്കാൻ മുൻകൈ എടുത്തവരില്‍ ഒരാള്‍ പത്മകുമാർ ആയിരുന്നു. ഐസക്കിന്റെ വരവില്‍ പാർലമെൻററി മോഹം തകർന്ന പലരും ആ ദേഷ്യവും പത്മകുമാറിനോട് തീർത്തു. എന്തായാലും സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ പത്മകുമാറിനെതിരെ നടപടി വരുമെന്ന് ഔദ്യോഗിക വിഭാഗം ഉറപ്പിച്ചു പറയുന്നു. മുഖ്യമന്ത്രിക്കും കടുത്ത അതൃപതി ഉണ്ട്.
ബിജെപിയും കോണ്‍ഗ്രസും ഇരുകൈ നീട്ടി സ്വാഗതം ചെയ്തെങ്കിലും തല്‍ക്കാലം പത്മകുമാർ പാർട്ടി വിടില്ലന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ

No comments:

Post a Comment