Pages

കേരളത്തില്‍ പരക്കെ വേനല്‍ മഴ, ആലപ്പുഴയില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത.

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴ.
 കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കെയാണ് വൈകുന്നേരത്തോടെ ഭേദപ്പെട്ട മഴ പെയ്തിറങ്ങിയത്.
വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ ലഭിച്ചേയ്ക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയ്ക്ക് പിന്നാലെ കനത്ത നാശ നഷ്ടങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ശനിയാഴ്ച വൈകീട്ട് പുറപ്പെടുവിച്ച മഴ സാധ്യതാ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിന് പുറമെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ദക്ഷിണ അസം, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ജന ജീവിതത്തെ ബാധിക്കും വിധം ഇടിമിന്നല്‍, കനത്ത മഴ, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ബംഗളൂരു വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. പത്തോളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.


No comments:

Post a Comment