Pages

കുരുമുളക് വില സര്‍വകാല റെക്കോഡില്‍; ക്വിൻറലിന്‌ 72,000ന് മുകളില്‍

കുരുമുളക്‌ കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉല്‍പന്നം സർവകാല റെക്കോഡ്‌ നിലവാരത്തിലേക്ക്‌ കുതിച്ചു. 
2014ല്‍ എക്കാലത്തെയും ഉയർന്ന നിരക്കായ ക്വിൻറലിന്‌ 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട്‌ കനത്ത വില തകർച്ചയിലേക്ക്‌ വഴുതി.
ഒരുവേള 40,000ത്തിലും താഴ്‌ന്ന്‌ ഇടപാടുകള്‍ നടന്നത്‌ ഒരു വിഭാഗം കർഷകരെ മറ്റ്‌ വിളകളിലേക്ക്‌ തിരിയാനും നിർബന്ധിതരാക്കി. എന്നാല്‍, പിന്നിട്ടവാരം കുരുമുളക്‌ വില 72,100 രൂപയായി ഉയർന്ന്‌ പുതിയ റെക്കോഡ്‌ സ്ഥാപിച്ചു.

കുരുമുളക്‌ വില ഏതാനും വർഷങ്ങള്‍ക്ക്‌ മുമ്ബേ ആഗോള തലത്തില്‍ ഇടിഞ്ഞത്‌ മുൻനിര ഉല്‍പാദന രാജ്യമായ വിയറ്റ്‌നാം കർഷകരെ തളർത്തി. 2020 കാലയളവില്‍ അവരുടെ ഉല്‍പാദനം രണ്ടുലക്ഷം ടണ്ണിന്‌ മുകളിലേക്ക്‌ നീങ്ങിയതാണ്‌ വില തകർച്ചക്ക്‌ തുടക്കമിട്ടത്‌. ടണ്ണിന്‌ 2000 ഡോളറിന്‌ പോലും വാങ്ങലുകാരെ കണ്ടത്താനാവാതെ കയറ്റുമതി സമൂഹം പരക്കം പാഞ്ഞതോടെ ആഭ്യന്തര വില ഏകദേശം കിലോക്ക് 160 രൂപയിലേക്കിടിഞ്ഞു. കാർഷിക ചെലവുകള്‍ താങ്ങാനാവാതെ വിയറ്റ്‌നാം, കുരുമുളകിനെ തഴഞ്ഞ്‌ മറ്റ്‌ വിളകളിലേക്ക്‌ തിരിഞ്ഞത്‌ ആഗോള തലത്തില്‍ ചരക്ക് ക്ഷാമത്തിന്‌ കാരണമായി. പിന്നിട്ട വർഷം എല്‍ലിനോ പ്രതിഭാസത്തില്‍ മുഖ്യ ഉല്‍പാദന രാജ്യങ്ങളില്‍ കുരുമുളക്‌ കൃഷിക്ക്‌ വീണ്ടും തിരിച്ചടി നേരിട്ടു.

ദക്ഷിണേന്ത്യയില്‍ വിളവെടുപ്പ്‌ പൂർത്തിയായെങ്കിലും വിപണികളില്‍ മുളകു വരവ്‌ നാമമാത്രം. ഉല്‍പാദനം മുൻവർഷത്തെ അപേക്ഷിച്ച്‌ 40 ശതമാനം വരെ പല ഭാഗങ്ങളിലും കുറഞ്ഞതായി കർഷകർ. കൊച്ചിയില്‍ വരവ്‌ ചുരുങ്ങിയതോടെ വാങ്ങലുകാർ സംഭരണത്തിന്‌ ഉത്സാഹിച്ചത്‌ ചരിത്രനേട്ടത്തിന്‌ അവസരം ഒരുക്കി. വാരാന്ത്യം കിലോ 712 രൂപയിലാണ്‌.

No comments:

Post a Comment