Pages

അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വ്യാപക വെടിവെപ്പ്, പ്രകോപനം; കനത്ത തിരിച്ചടി നല്‍കി ഇന്ത്യൻ സൈന്യം

അതിർത്തിയില്‍ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നല്‍കി. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായില്ല.

26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിർത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ് സൈന്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സൈന്യം പുറത്തുവിട്ടിരിക്കുകയാണ്. അഞ്ച് ഭീകരരില്‍ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.

അലി ഭായ് എന്നറിയപ്പെടുന്ന തല്‍ഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദില്‍ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തല്‍ഹ എന്നിവരാണ് പാകിസ്താനില്‍ നിന്നുള്ളവർ. ആദില്‍ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.

ഭീകരർക്കായുള്ള വ്യാപക തിരച്ചില്‍ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാല്‍ മേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ കാണും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

No comments:

Post a Comment