കടലിലേക്ക് മുങ്ങിയ കണ്ടെയ്‌നറുകളിലുള്ള സാധനങ്ങള്‍ മത്സ്യം കഴിക്കുന്നതിന് പ്രശ്‌നമാണോ എന്നതാണ് ജനങ്ങളുടെ പ്രധാന സംശയം. കണ്ടെയ്‌നറുകളിലെ എണ്ണകളിലെ വിഷപദാര്‍ത്ഥമായ പിഎഎച്ച് എന്ന വസ്തുവിന്റെ സാന്നിദ്ധ്യം ക്യാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
മറൈന്‍ ഗ്യാസ് ഓയിലിന് ഉള്ളില്‍ പിഎഎച്ച് സാന്നിദ്ധ്യമുണ്ട്. ഇത് അടങ്ങിയ മീന്‍ കഴിച്ചാല്‍ പിഎഎച്ച് മനുഷ്യശരീരത്തിനുള്ളിലെത്തുമെന്നതാണ് പ്രശ്‌നം. പിഎഎച്ച് അപകടകരമായ അളവില്‍ അല്ലെങ്കില്‍ പോലും ഇതിന്റെ സാന്നിദ്ധ്യം കാരണം മീനിന് പെട്രോളിന്റെ ചുവയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദഹനപ്രശ്‌നങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെയാണ് ആരോഗ്യത്തെ ബാധിക്കുന്നതായ പ്രശ്‌നങ്ങള്‍.
അതേസമയം, വലിയ മീനുകളില്‍ പിഎഎച്ച് സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് പറയുന്നത്. ഇവയ്ക്ക് എണ്ണ കലര്‍ന്ന വെള്ളത്തെ ഒഴിവാക്കി നീന്താനുള്ള കഴിവുള്ളതാണ് ഇതിന് കാരണം. എന്നാല്‍ ചെറിയ മീനുകളില്‍ ഇവ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണ്. പിഎഎച്ചിന്റെ തന്‍മാത്രകള്‍ വലിയ മീനുകളുടെ ദഹനവ്യവസ്ഥയില്‍ വിഘടിക്കുമെന്നതാണ് വലിയ മീനുകള്‍ താരതമേന്യ സുരക്ഷിതമാണെന്ന് കരുതാന്‍ കാരണം.
ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ കൂടുതല്‍ വിഷം ബാധിക്കാന്‍ സാദ്ധ്യതയുള്ളവയാണെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍ വലിയ മീനുകള്‍ ആണെങ്കില്‍ പോലും നന്നായി പാകം ചെയ്ത് കഴിക്കുന്നതായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യത്തിന് നല്ലതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മറൈന്‍ ഗ്യാസ് ഓയില്‍ പെട്ടെന്ന് ബാഷ്പീകരിച്ച് പോകുമെന്നതിനാല്‍ അധികകാലം ഈ ഭീഷണി തുടരില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
കയറ്റുമതിക്കും പ്രതിസന്ധി
കേരള തീരത്ത് നിന്ന് പിടിക്കുന്ന ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്. അമേരിക്കയിലും ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവയ്ക്ക് വലിയ മാര്‍ക്കറ്റാണുള്ളത്. പുതിയ സാഹചര്യം അധികനാള്‍ തുടര്‍ന്നാല്‍ അത് കയറ്റുമതി മേഖലയേയും പ്രതിസന്ധിയിലാക്കുമോയെന്ന് ആശങ്കയുണ്ട്.
No comments:
Post a Comment