Pages

തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ ഉറച്ച നടപടി ഉറപ്പ്: നരേന്ദ്ര മോദി

തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരെ ഉറച്ചതും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ - ഇന്ത്യ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അംഗോളന്‍ പ്രസിഡന്റ് ജോവോ മാനുവല്‍ ഗോണ്‍കാല്‍വ്‌സ് ലോറെന്‍കോയുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരത മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 22-നാണ് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
നാല് ആക്രമണകാരികളില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ചേര്‍ന്ന സുരക്ഷാ കാര്യങ്ങളുടെ മന്ത്രിസഭാ സമിതി യോഗത്തില്‍ നീതി തേടുന്നതില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. 'എല്ലാ തീവ്രവാദികളെയും അവരുടെ പിന്തുണക്കാരെയും ഞങ്ങള്‍ തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങള്‍ അവരെ പിന്തുടരും,' അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനുള്ള ശിക്ഷാ നടപടികളുടെ ഭാഗമായി, ഇന്ത്യ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുരയാണ്. കൂടാതെ അട്ടാരി അതിര്‍ത്തി അടച്ചു, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ എല്ലാ വിസകളും റദ്ദാക്കി, പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്കും എക്‌സ് ഹാന്‍ഡിലുകള്‍ക്കും നേരെ വ്യാപകമായ നടപടി സ്വീകരിച്ചു, നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്തി തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട്, 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. അബ്ദാലി വെപ്പണ്‍ സിസ്റ്റം എന്നറിയപ്പെടുന്ന ഈ മിസൈല്‍, 'എക്സര്‍സൈസ് ഇന്‍ഡസ്' എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചതെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments:

Post a Comment