Pages

കീം: തമിഴ്നാട് മാതൃക ഇന്ന് മന്ത്രിസഭ പരിഗണിക്കും

കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക തയാറാക്കുന്പോള്‍ കേരള സിലബസില്‍ പ്ലസ് ടു പാസായ കുട്ടികളുടെ മാർക്കില്‍ വ്യത്യാസമുണ്ടാകുന്ന രീതി അവസാനിപ്പിക്കാൻ തമിഴ്നാട് മോഡല്‍ നടപ്പാക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയ്ക്ക് എത്തും.
സംസ്ഥാന പോലീസ് മേധാവിയുടെ നിയമനവും ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭ പരിഗണിക്കും. കീം റാങ്ക് പട്ടിക തയാറാക്കുന്പോള്‍ കേരള സിലബസില്‍ പഠിച്ച വിദ്യാർഥികള്‍ക്ക് മാർക്ക് കുറയുന്ന സ്റ്റാന്‍റേഡൈസേഷൻ രീതി അവസാനിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ പ്രവേശന പരീക്ഷാ കമീഷണർ സമർപ്പിച്ച പുതിയ മാതൃക മന്ത്രിസഭ ചർച്ച ചെയ്യും.

പ്രവേശന പരീക്ഷ പൂർത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും സമീകരണ പ്രക്രിയയില്‍ വ്യക്തതയില്ലാത്തതിനാല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനായില്ല. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷകളില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ നേടിയ മാർക്കും തുല്യഅനുപാതത്തില്‍ പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.

വിവിധ ബോർഡുകള്‍ക്ക് കീഴില്‍ വ്യത്യസ്ത നിലവാരത്തിലുള്ള പരീക്ഷ നേരിട്ട വിദ്യാർഥികളുടെ മാർക്ക് ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് 2011 മുതല്‍ സമീകരണ പ്രക്രിയ നടപ്പാക്കിയത്. കഴിഞ്ഞ നാലു വർഷമായി കേരള സിലബസിലുള്ള കുട്ടികള്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാർക്ക് കുറയുന്ന രീതിയിലായിരുന്നു പ്രക്രിയ.

ഇതുസംബന്ധിച്ച്‌ പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ബദല്‍ നിർദേശങ്ങള്‍ പരിശോധിച്ച്‌ പ്രവേശന പരീക്ഷാ കമ്മീഷണർ സമർപ്പിച്ച നിർദേശമാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്. തമിഴ്നാട്ടില്‍ വ്യത്യസ്ത പരീക്ഷാ ബോർഡുകളുടെ പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാർക്ക് സമീകരിക്കുന്നതിന് സമാനമായ രീതിയിലുള്ള നിർദേശമാണ് പ്രവേശന പരീക്ഷാ കമീഷണർ മുന്നോട്ടുവച്ചത്.

സംസ്ഥാന പോലീസ് മേധാവിയായി യുപിഎസ്‌സി അംഗീകരിച്ച മൂന്നു പേരുടെ പട്ടികയാണ് പരിഗണിക്കുക. ഇതില്‍ നിന്ന് ഒരാളെയാകും തെരഞ്ഞെടുക്കുക.

നിതിൻ അഗർവാളിനെ പരിഗണിച്ചാല്‍ ഇന്നു തന്നെ ചുമതലയേല്‍ക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവത ചന്ദ്രശേഖറിനെ പരിഗണിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് ചുമതലകള്‍ ഒഴിഞ്ഞ് അദ്ദേഹം മടങ്ങിയെത്തും വരെ ഇൻ ചാർജ് ഡിജിപിയായിരിക്കും ചുമതല വഹിക്കുക. മൂന്നാം സ്ഥാനത്തുള്ളത് ഫയർ ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയാണ്. അദ്ദേഹം സർക്കാരുമായി ഇടഞ്ഞു നില്‍ക്കുകയാണ്.

No comments:

Post a Comment