Pages

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനവും തെറിച്ചേക്കും; അവസരങ്ങള്‍ നല്‍കിയ പാര്‍ട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലര്‍ത്തുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്ന നിഗമനത്തില്‍ നേതൃത്വം

കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനവും തെറിച്ചേക്കുമെന്ന് സൂചന.
ലൈംഗികാരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാജിവെച്ചിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
 സമീപകാലത്ത് സമാന ആരോപണങ്ങള്‍ ഉയർന്നപ്പോള്‍ ഇടത് എംഎല്‍എമാർ രാജിവെച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എന്നാല്‍, രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ യുവതികള്‍ ആരോപണവുമായി രംഗത്തെത്തിയതോടെ അസാധാരണ സാഹചര്യം എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സമീപകാലത്ത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില എംഎല്‍എമാർക്കെതിരെ ഉയർന്ന ലൈംഗികാരപണങ്ങളുടേതിന് സമാനമല്ല രാഹുലിന്റെ കേസ് എന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നോ രണ്ടോ മൂന്നോ യുവതികളല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർത്തുന്നത് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയമായ രീതിയില്‍ ഒരു യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതിന്റെ തെളിവുകള്‍ പോലും പുറത്തുവന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ വെളിപ്പെടുത്തലുകള്‍ പാർട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സ്ഥിതി വീണ്ടും വഷളാകുകയാണെങ്കില്‍ എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടുന്നതും പാർട്ടി ആലോചിക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ നിരന്തരം ആരോപണം ഉയരുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം പല നേതാക്കളും കടുത്ത രോഷത്തിലാണ്. അവസരങ്ങള്‍ നല്‍കിയ പാർട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലർത്തുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് അവർ. ചാറ്റുകളിലെ രാഹുലിന്റെ പ്രതികരണങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെത്തന്നെ ഇടിച്ചു താഴ്ത്തുന്നതാണെന്നും അങ്ങനെയൊരാള്‍ നിയമസഭാകക്ഷിയുടെ ഭാഗമായി തുടരാൻ അനുവദിക്കരുതെന്നുമുള്ള സമ്മർദം നേതൃത്വത്തിനുമേലുണ്ട്. നിയമസഭാ സമ്മേളനം അടുത്ത മാസം 15ന് ആരംഭിക്കുകയുമാണ്.

നടൻ കൂടിയായ എല്‍ഡിഎഫിന്റെ എംഎല്‍എ മുകേഷിനെതിരെ കുറ്റപത്രം നല്‍കിയിട്ടും രാജിവച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ രാജി ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരായ എം.വിൻസന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെയും കേസുകളുണ്ടായിട്ടും അവർ തുടരുന്നതും രാഹുലിന് അനുകൂലമാണ്. ദുരനുഭവങ്ങള്‍ പുറത്തുപറഞ്ഞ ആരും രാഹുലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല.

എന്നാല്‍, ഈ മൂന്നു പേർക്കെതിരെ ഉണ്ടായ പരാതികളും രാഹുലിനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന പരാതി പരമ്ബരകളും ഒരേ തട്ടില്‍ കോണ്‍ഗ്രസ് കാണുമോ എന്നതാകും നിർണായകം. വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുകയും അതു നിയമനടപടികളിലേക്കു കടക്കുകയും ചെയ്താല്‍ രാഹുലിന് പാർട്ടിയുടെ സംരക്ഷണം കിട്ടണമെന്നില്ല. പാർട്ടിതല അന്വേഷണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചർച്ചകള്‍ നടക്കുകയാണ്. കെപിസിസിക്ക് ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ആ സാങ്കേതികത്വം പറഞ്ഞ് അന്വേഷണം വേണ്ടെന്നു തീരുമാനിച്ചിട്ടുമില്ല.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉയരുകയാണ്. ഗർഭധാരണം തടയാനുള്ള ഉദ്ദേശ്യത്തില്‍ രാഹുല്‍ മരുന്ന് നല്‍കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്ന ദിവസങ്ങളില്‍ മരുന്ന് കഴിക്കാൻ തന്നെ നിർബന്ധിച്ചിരുന്നു. ഒരു ദിവസം രാഹുലിന്റെ കയ്യില്‍ മരുന്നുണ്ടായില്ലെന്നും പിറ്റേന്ന് കൊണ്ടുതന്നെന്നും യുവതി പറഞ്ഞു.

മെഡിസിൻ അലർജിയുള്ളയാളാണെന്നും മരുന്ന് കഴിക്കാൻ പറ്റില്ലെന്നും പറഞ്ഞപ്പോള്‍ പ്രെഗ്നൻസി തടയാനുള്ള ഉദ്ദേശ്യത്തില്‍ അത് കഴിക്കണമെന്ന് പറഞ്ഞ് നിർബന്ധിച്ചുവെന്ന് യുവതി വെളിപ്പെടുത്തി. 'പിന്നീട് പല തവണ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു. ഞാൻ ഒഴിഞ്ഞുമാറി. പുള്ളിയെ എന്നിട്ടും ഞാൻ വിശ്വസിച്ചു. എപ്പോഴെങ്കിലും തിരിച്ചുവരും ഓക്കെയാകുമെന്നും ഞാൻ പ്രാർത്ഥിച്ചു.

അതുപോലെയായിരുന്നു പിന്നീടും പെരുമാറിയത്. എന്നെ ചീത്ത പറഞ്ഞിട്ടും പിന്നീട് എല്ലാം ഓക്കെയാക്കി. കരയുന്ന സമയത്ത് ചൈല്‍ഡിഷായിട്ട് സംസാരിക്കരുത്, ഇപ്പോഴത്തെ കുട്ടികളല്ലേ, ഇതൊക്കെ കാര്യമായി എടുക്കാമോയെന്ന് ചോദിച്ചു. പുറത്ത് പറയുമ്ബോള്‍ ഐ ഡോണ്ട് കെയർ, ഹു കെയർ എന്ന് ചോദിച്ചു. പറഞ്ഞോളൂ, പ്രശ്‌നമില്ലെന്ന് പറഞ്ഞു', യുവതി വെളിപ്പെടുത്തി.

നമ്മള്‍ സംസാരിക്കാതെ വിട്ടാല്‍ 'വൈ യു ആർ അവോയ്ഡിങ്ങ് മീ' എന്ന് ചോദിക്കുമെന്നും യുവതി പറഞ്ഞു. എന്തിനാ ഒഴിവാക്കുന്നത്, എന്താ സംസാരിക്കാത്തെ, എന്തെങ്കിലും ദേഷ്യമുണ്ടോയെന്ന് ചോദിക്കുമെന്ന് യുവതി പറഞ്ഞു. അന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനല്ലെന്നും യുവതി വ്യക്തമാക്കി.

'നല്ല നടപടിയെടുത്തില്ലെങ്കില്‍ ഇയാള്‍ ഇനിയും ഇത് ആവർത്തിക്കും. ഐ ഡോണ്ട് കെയർ എന്ന മൈൻഡാണ്. സപ്പോർട്ട് ചെയ്യാൻ ആളുണ്ടെന്ന വിശ്വാസമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഞാൻ രാഹുലിനെ കണ്ടിരുന്നു. ആ സമയത്ത് തെരഞ്ഞെടുപ്പിന്റെ പേര് പോലും വന്നിരുന്നില്ല. അന്നേരം പാലക്കാട് മത്സരിക്കുന്നത് ഞാനാണെന്ന് പറഞ്ഞിരുന്നു. പലരും പരാതിപ്പെട്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ പരാതി ആരും കണ്ടില്ല. പത്ത് പേരെങ്കിലും അയാള്‍ ഇങ്ങനെയാണെന്ന് അറിയണം', യുവതി പറഞ്ഞു.

വാർത്ത വന്നപ്പോള്‍ അതില്‍ ഒരുപാടുകള്‍ കമന്റുകള്‍ കണ്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും യുവതി പറഞ്ഞു. ഒരു സ്ത്രീക്കും വെറുതെ വന്ന് പറയേണ്ട കാര്യമില്ല. ഈ പറയുന്നവരില്‍ സത്യമുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. രാഹുലിന്റെ ചാറ്റിങ് രീതി കണ്ടപ്പോള്‍ തനിക്ക് മനസിലായെന്നും ഇതേ രീതിയില്‍ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

'നീതികിട്ടുമെന്ന് തോന്നുന്നില്ല, കുടുംബത്തെ ഓർത്ത് നിയമനടപടിക്ക് പോകുന്നില്ല. ഇന്നലെ മുതല്‍ അയാള്‍ പലരെയും വിളിച്ചും മെസേജ് അയച്ചും എനിക്ക് എതിരെ ഒന്നും പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. പരാതി നല്‍കിയാല്‍ വേട്ടയാടപ്പെടും. അവരുടെ വീട്ടില്‍ കൂടുതലും സ്ത്രീകളാണ്, സ്ത്രീകളെ കണ്ടാണ് അയാള്‍ വളർന്നത്. പിന്നെന്തിനാണ് ഇങ്ങനെ വാക്ക് കൊടുത്ത് പറ്റിക്കുന്നത്. ഇത്രയും അധികം ആളുകള്‍ കള്ളം പറഞ്ഞ് വരുമോ. രാഹുലിന്റെ കൂടെയുള്ളവർ ബോണ്‍ ക്രിമിനല്‍സാണ്. അതുകൊണ്ട് എന്റെ പേര് പുറത്ത് പറയാൻ ഭയമുണ്ട്', യുവതി വെളിപ്പെടുത്തി.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളില്‍ അതിജീവിതകള്‍ക്കൊപ്പം തന്നെയാണ് താനെന്ന് കെ.കെ.രമ എംഎല്‍എ പറഞ്ഞു. എന്തെല്ലാം സഹിക്കേണ്ടി വന്നാലും നിയമപോരാട്ടങ്ങള്‍ക്ക് സന്നദ്ധരായി മുന്നോട്ടു വരണമെന്നാണ് ദുരനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകളോട് അഭ്യർത്ഥിക്കാനുള്ളതെന്നും അവർ പറഞ്ഞു. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബറാക്രമണവും അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മുൻപ് പല സന്ദർഭങ്ങളിലും വ്യക്തമാക്കിയത് പോലെ ഇപ്പോള്‍ വിവാദമായ ഈ വിഷയത്തിലും അതിജീവിതകള്‍ക്കൊപ്പം തന്നെയാണ്. മാധ്യമങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബറാക്രമണവും അംഗീകരിക്കാനാവില്ല. ഇന്നലെ മുതല്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന സ്ത്രീ പീഡനവാർത്തകളില്‍ രാഹുല്‍മാങ്കൂട്ടത്തിലിന്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും അതിലേക്ക് നീളുന്ന സൂചനകള്‍ നല്‍കിയിരുന്നെന്നും കെ.കെ രമ പറഞ്ഞു.

No comments:

Post a Comment