Pages

നെല്ലിന്റെ താങ്ങുവില: സംസ്ഥാനം അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ട് ഏഴ് വര്‍ഷം

കര്‍ഷകര്‍ക്ക് നെല്ലിന്റെ താങ്ങുവില ലഭിക്കാനായി സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കേണ്ട ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കാതായിട്ട് ഏഴ് വര്‍ഷം.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലെ നെല്‍കര്‍ഷകര്‍ക്കുള്ള പണം ലഭിക്കാത്തത് കേന്ദ്രം അതിന് ആവശ്യമായ തുക നല്‍കാത്തത് കൊണ്ടാണെന്ന് വകുപ്പ് മന്ത്രിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ച്‌ പറയുകയാണ്. എന്നാല്‍ യഥാര്‍ത്ഥ ഉത്തരവാദി യഥാസമയം കണക്ക് കൊടുക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തന്നെയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

2016ലെ ഫൈനല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയത് 2023 മെയ് 24നാണ്. 2017ലെ കണക്ക് 2024 ഏപ്രില്‍ 15നും.

2018ന് ശേഷം ഇതുവരെ ഫൈനല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അഡീ. ജനറല്‍ മാനേജര്‍ (പര്‍ച്ചേസ്) ദീപു എം.ആര്‍. നല്കിയ മറുപടി.

എല്ലാ സീസണിലും കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച്‌, പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്ത്, അതിന്റെ ഓഡിറ്റ് ചെയ്ത ഫൈനല്‍ സെറ്റില്‍മെന്റ് കണക്ക് കേന്ദ്രത്തിന് നല്കുമ്ബോഴാണ് ആവശ്യമായ തുക അനുവദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനം കണക്ക് കൊടുത്തിട്ടില്ല. കൊടുത്ത കണക്ക് പ്രകാരം മുഴുവന്‍ തുകയും കേന്ദ്രം കേരളത്തിന് കൈമാറിയതായി കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചാണ് കഴിഞ്ഞ ദിവസവും മന്ത്രി പി. പ്രസാദ് ആലപ്പുഴയില്‍ മാധ്യമങ്ങള്‍ക്ക് നല്്കിയ അഭിമുഖത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. നെല്ലു വില വൈകുന്നതിന് ഉത്തരവാദി കേന്ദ്രമാണെന്നും കേന്ദ്രം 20061 കോടി രൂപ നല്കാനുണ്ടെന്നുമുള്ള കണക്ക് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഫൈനല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്കിയതിന്‍ പ്രകാരം 10,800 കോടി രൂപ കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാന്‍ കേന്ദ്രം നല്കിയിട്ടുണ്ടെന്ന് കേരള കര്‍ഷക സംയുക്ത വേദി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. നെല്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്കണമെന്ന് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ 2019 ല്‍ ഉണ്ടാക്കിയ ധാരണാപത്രം പോലും കേരളത്തിലെ നെല്‍കര്‍ഷകരില്‍ നിന്ന് മറച്ചുവച്ച്‌ അവരെ വഞ്ചിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളതെന്ന് കേരള കര്‍ഷകസംയുക്ത വേദി സംസ്ഥാന കണ്‍വീനര്‍ ഷാജി രാഘവനും ആരോപിച്ചു. കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന ഇത്തരം വഞ്ചനാപരമായ നടപടിക്കെതിരെ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വതന്ത്ര സംഘടനകളെയും ചേര്‍ത്ത് സെക്രട്ടേറിയറ്റ് നടയില്‍ 29ന് കേരള കര്‍ഷക സംയുക്ത വേദിയുടെ നേതൃത്വത്തില്‍ കൂട്ട ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment