Pages

കൊച്ചി ഇനി പറക്കും; ലുലു ഗ്രൂപ്പ് ഇറക്കിയത് 15000 കോടി; 30000 പേര്‍ക്ക് തൊഴില്‍, ലോകോത്തര കമ്ബനികളും വരും

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കൊച്ചിയിലെ ലുലു ഐടി ടവർ ഔദ്യോഗിക ഉദ്ഘാടനത്തിലേക്ക്. ഈ മാസം 28 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഐടി സമുച്ചയത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ലുലു ഒരുക്കിയിരിക്കുന്നത്.
30 നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന ഐടി ടവർ കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി കേന്ദ്രം കൂടിയാണ്. കെട്ടിടത്തിന്റെ ബഹുഭൂരിപക്ഷം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. ഇനി ഏതാനും മിനുക്ക് പണികള്‍ മാത്രമാണ് അവേശിക്കുന്നത്. അതും ഉടന്‍ തന്നെ പൂർത്തിയാകും. ഉദ്ഘാടനത്തിന് എംഎ യൂസഫലി അടക്കമുള്ളവർ എത്തുമെന്നാണ് വിവരം.

എല്ലാവിധ സുരക്ഷാ ചട്ടങ്ങളും മറ്റും പാലിച്ചാണ് ലുലു കെട്ടിട നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങള്‍ക്കും പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇരു ടവറുകളിലുമായി 25 ലക്ഷം ചതുരശ്രയടി ഓഫീസ്‌ സൗകര്യമുണ്ട്‌.
12.74 ഏക്കറില്‍ 34 ലക്ഷം ചതുരശ്രയടിയിലാണ്‌ 153 മീറ്റർ ഉയരമുള്ള ടവറുകള്‍ സ്ഥിതി ചെയ്യുന്നത്. കോംപ്ലക്സില്‍ ഫുഡ്‌കോർട്ട്, ക്രഷെ, ജിമ്മനേഷ്യം, റീട്ടെയില്‍ ഇടങ്ങള്‍ എന്നിവയുണ്ടാകും. കൂടാത 100% പവർ ബാക്കപ്പ്, കേന്ദ്രീകൃത എയർ കണ്ടീഷനിംഗ്, മാലിന്യ സംസ്കരണ പ്ലാന്റ്, മഴവെള്ള സംഭരണ സംവിധാനം എന്നിവയും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. 67 ഹൈ സ്പീഡ് എലിവേറ്ററുകളും 12 എസ്കലേറ്ററുകളും ടവറുകള്‍ക്കുള്ളില്‍ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പ് വരുത്തുന്നു.

രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ബ്ലോക്കില്‍ വൈവിധ്യമാർന്ന ഓഫീസ് സജ്ജീകരണങ്ങള്‍ക്കൊപ്പം തന്നെ 600 പേർക്ക് ഇരിക്കാവുന്ന നൂതന സൗകര്യങ്ങളോട് കൂടിയ കോണ്‍ഫറൻസ് ഹാളുമുണ്ട്. അമിനിറ്റി ടവറിന്റെ ഒന്നാംനിലയില്‍ ഒരേസമയം 2500 പേർക്ക്‌ ഇരിക്കാവുന്ന വിശാലമായ ഫുഡ്‌കോർട്ടാണ് പ്രധാനമായും ഉള്ളത്. മൂന്ന് നിലകളിലായി വിശാലമായ പാർക്കിംഗ് സൗകര്യവും ഒന്നിലധികം എൻട്രികളും എക്സിറ്റുകളും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണമായും ഓട്ടോമേറ്റഡ് റോബോട്ടിക് പാർക്കിംഗ് സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ആകെ 4500 കാറുകള്‍ക്ക് പാർക്കിങ് ചെയ്യാന്‍ സാധിക്കും. 3200 കാറുകള്‍ക്ക് റോബോട്ടിക്‌ സംവിധാനം ഉപയോഗിച്ച്‌ പാർക്ക്‌ ചെയ്യാനുള്ള സൗകരമ്യമാണുള്ളത്. ഗ്രൗണ്ട്‌ ഫ്ലോറില്‍ ബാങ്കിങ് സംവിധാനമായിരിക്കും പ്രധാനമായും പ്രവർത്തിക്കുക.
ആകെ 1500 കോടി രൂപയോളമാണ് പദ്ധതിക്കായി ലുലു മുടക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ 5 ഐടി കമ്ബനികളില്‍ ഒന്നുള്‍പ്പെടെ, രാജ്യാന്തര കമ്ബനികളുടെ (എംഎൻസി) സാന്നിധ്യം തുടക്കം മുതല്‍ തന്നെ ഇരട്ട ടവറുകളില്‍ ഉണ്ടാകുമെന്ന് ലുലു ഐടി ഇന്‍ഫ്ര ബില്‍ഡ് ഡയറക്ടറും സി ഇ ഒയുമായ അഭിലാഷ് വലിയ വളപ്പില്‍ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇഎക്സ്‌എല്‍, ഒപിഐ, ഡൈനാമെഡ് & സെല്ലിസ് തുടങ്ങിയ കമ്ബനികള്‍ ലുലു ടവറില്‍ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞു. ഇവരിലൂടെ മാത്രം തുടക്കത്തില്‍ തന്നെ 2500 പേർക്ക് ജോലി കിട്ടുമെന്നാണ് വിലയിരുത്തുന്നത്. കൂടുതല്‍ ലോകോത്തര കമ്ബനികളുമായുള്ള ചർച്ചകള്‍ നടന്ന് വരികയാണ്.

പ്രവർത്തനം ആരംഭിക്കുന്നതോടെ 30000 പേർക്ക്‌ ജോലി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. വിവിധ കമ്ബനികള്‍ ഇതിനോടകം തന്നെ ഇവിടെ പ്രവർത്തിക്കാനുള്ള കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. കുറഞ്ഞ വാടകയും കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴില്‍വൈദഗ്‌ധ്യവുമാണ്‌ കമ്ബനികളെ കൊച്ചിയിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഐടി നഗരങ്ങളില്‍ നിന്നുള്ള കമ്ബനികളും ജീവനക്കാരും കൂടുതലായി കൊച്ചിയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്ബനികള്‍ക്ക് കൂടുതല്‍ ലാഭകരമായി പ്രവർത്തിക്കാന്‍ കഴിയുന്ന നഗരം കൊച്ചിയാണ് എന്നതും ശ്രദ്ധേയമാണ്. കമ്ബനികളുടെ ഓഫീസ് റെന്റിന്റെ കാര്യം മാത്രം പരിശോധിക്കുകയാണെങ്കില്‍ ബെംഗളൂരുവിന്റെ മൂന്നിലൊന്ന് മാത്രമാണ് കൊച്ചിയിലുള്ളത്. ജീവനക്കാരുടെ ചിലവും ബെംഗളൂരുവിനേക്കാള്‍ കുറവാണ്. ബെംഗളൂരുവിലും മറ്റ് നഗരങ്ങളിലുമായി ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം മലയാളി പ്രൊഫഷണലുകളാണ്. കൊച്ചിയില്‍ വലിയ കമ്ബനികള്‍ എത്തിയാല്‍ മലയാളി പെണ്‍കുട്ടികള്‍ക്കടക്കം നാട്ടില്‍ തന്നെ ജോലി ചെയ്യാനും സാധിക്കും.

'ആദ്യം സൗകര്യമൊരുക്കുക, എന്നിട്ട് ക്ഷണിക്കുക' എന്ന ലുലു ഐടി പാർക്കിന്റെ ബിസിനസ്‌ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. ടിയർ 2 നഗരങ്ങളില്‍ കൊച്ചിയുടെ ഭാവി മുന്നില്‍ കണ്ടാണ് ലുലു ഇത്രയും ബ്രഹത്തായ പദ്ധതി നടപ്പിലാക്കിയതെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കുന്നു.

No comments:

Post a Comment