Pages

മരിച്ചുപോയവരുടെ ആധാര്‍, പാന്‍, വോട്ടര്‍ ഐഡി എന്നിവ എങ്ങനെ കാന്‍സല്‍ ചെയ്യും?..

വീട്ടിലെ ഒരു അംഗത്തിന്റെ മരണമെന്നത് വളരെ വേദനാജനകമാണ്. പക്ഷേ അവരുടെ ഔദ്യോഗികമായ രേഖകള്‍ എങ്ങനെ പിന്നീട് കൈകാര്യം ചെയ്യണമെന്നത് അറിഞ്ഞിരിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്.

പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി എന്നിവ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. അത് കൈയില്‍ സൂക്ഷിച്ചാല്‍ മതിയോ? സര്‍ക്കാരിലേക്ക് തിരികെ ഏല്‍പ്പിക്കണോ? അതോ നശിപ്പിച്ച്‌ കളയണോ? അങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും പലര്‍ക്കുമുണ്ടാകും. അതിപ്രധാനമായ കാര്യമെന്നത്, ഈ രേഖകള്‍ ദുരുപയോഗം ചെയ്യാപ്പെടാനുള്ള സാധ്യതയുണ്ടെന്നതാണ്. തട്ടിപ്പുകള്‍ക്ക്, അനധികൃത സാമ്ബത്തിക ഇടപാടുകള്‍ക്ക് ഇവ ചിലപ്പോള്‍ ആരെങ്കിലും ഉപയോഗിച്ചേക്കാം. അതിനാല്‍ ഒരാളുടെ മരണത്തിന് ശേഷം ഇത്തരം രേഖകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കണം.

ആധാര്‍ കാര്‍ഡ്

തിരിച്ചറിയാനും മേല്‍വിലാസം കൃത്യമായി മനസിലാകാനും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്. എല്‍പിജി സബ്‌സിഡി, സ്‌കോളര്‍ഷിപ്പ്, ഇപിഎഉഫ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെടുത്തുന്ന നമ്ബര്‍ ഇതാണ്. നിലവില്‍ ആധാര്‍ കാര്‍ഡ് ഡീയാക്ടീവ് ചെയ്യാന്‍ പ്രത്യേകം സംവിധാനങ്ങളൊന്നുമില്ല. പക്ഷേ മരിച്ചയാളുടെ രേഖ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ വെബ്‌സൈറ്റിലൂടെ ഈ വ്യക്തിയുടെ ആധാറിലെ ബയോമെട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍, ബന്ധപ്പെട്ട ക്രെഡന്‍ഷ്യല്‍സ് ലോക്ക് ചെയ്താല്‍ മതിയാകും.

പാന്‍ കാര്‍ഡ്

ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനും, ബാങ്ക് ആന്‍ഡ് ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തിന്, സാമ്ബത്തിക വ്യവഹാരങ്ങള്‍ പൂര്‍ത്തീകരിക്കാനെല്ലാം പാന്‍ കാര്‍ഡ് വേണം. ഈ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വരെ, പാന്‍ നിര്‍ബന്ധമായ സാഹചര്യങ്ങളില്‍ പാന്‍ കാര്‍ഡ് സൂക്ഷിച്ചേ മതിയാകു. ഐടിആർ ഫയല്‍ ചെയ്യുമ്ബോള്‍, ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് പ്രോസസ് ചെയ്യുന്നത് വരെ സൂക്ഷിക്കണം. നാലു വര്‍ഷം വരെയുള്ള അസെസ്‌മെന്റുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ ഐടി വകുപ്പിന് അവകാശമുണ്ട്. അതില്‍ കറണ്ട് അസെസ്‌മെന്റ് വര്‍ഷവും ഉള്‍പ്പെടും. അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സാഹചര്യത്തിലെത്തുമ്ബോള്‍, മരിച്ചയാളുടെ പാന്‍ കാര്‍ഡ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കണം. അതിനായി അസെസിംഗ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം. പാന്‍ രജിസ്റ്റര്‍ ചെയ്ത ജൂറിസ്ഡിക്ഷനിലുള്ള ഉദ്യോഗസ്ഥനായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതില്‍ മരിച്ചയാളുടെ പേര്, പാന്‍ കാര്‍ഡ്, ജനനതീയതി, മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ ഉണ്ടാകണം.

വോട്ടേഴ്‌സ് ഐഡി

മരിച്ചയാളുടെ വോട്ടര്‍ ഐഡി കാന്‍സല്‍ ചെയ്യാന്‍ 1960ലെ രജിസ്‌ട്രേഷന്‍ ഒഫ് ഇലക്ടേസ് റൂള്‍സിന് കീഴിലുള്ള ഫോം 7 പൂരിപ്പിച്ച്‌ സമര്‍പ്പിച്ചാല്‍ മതി. പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിലെത്തി, മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍, വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് മരിച്ചയാളുടെ പേര് ഒഴിവാക്കും.

പാസ്‌പോര്‍ട്ട്

മരിച്ചയാളുടെ പാസ്‌പോര്‍ട്ട് ഒന്നുകില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുകയോ കാന്‍സല്‍ ചെയ്യുകയോ വേണം. കാലവധി കഴിഞ്ഞാല്‍ തനിയെ അസാധുവാകുകയും ചെയ്യും

ഡ്രൈവിംഗ് ലൈസന്‍സ്

പ്രത്യേകിച്ച്‌ നിയമങ്ങളോ നിബന്ധനകളോ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനായി ഇല്ല. ലൈസന്‍സ് നല്‍കാനും റദ്ദാക്കാനും അതിന്റേതായ നിയമമാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും. ഒരാള്‍ മരണപ്പെട്ടാല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടാം. തുടര്‍ നടപടികള്‍ മനസിലാക്കാം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഇവരുടെ പേരിലുള്ള വാഹനങ്ങള്‍ കൈമാറുമ്ബോഴുള്ള പ്രശ്‌നങ്ങളാണ്. ഇതും ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേകം മനസിലാക്കിയിരിക്കണം.

No comments:

Post a Comment