Pages

'അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ എങ്ങനെ സ്‌കൂളില്‍ പോകും?'; മന്ത്രി വി ശിവൻകുട്ടിക്ക് ഒരു തുറന്ന കത്ത്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് തുറന്ന കത്തുമായി നിലമ്ബൂര്‍ ഭൂസമരത്തില്‍ പങ്കെടുക്കുന്നവരുടെ മക്കള്‍.

സ്‌കൂള്‍ തുറക്കുമ്ബോള്‍ എല്ലാവരും പുത്തന്‍ ബാഗും കുടയും മറ്റുമായി വരുമ്ബോള്‍ സങ്കടം തോന്നാറുണ്ടെന്ന് കുട്ടികള്‍ കത്തില്‍ പറയുന്നു. സമരത്തിന് പോകുന്നതിനാല്‍ അമ്മയ്ക്ക് പണിക്ക് പോകാന്‍ പറ്റാത്തത് കൊണ്ട് ഇത്തരം ആവശ്യങ്ങള്‍ക്ക് വാശി പിടിക്കാറില്ലെന്ന് കത്തില്‍ പറയുന്നു.

നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന അഞ്ച് കുട്ടികളാണ് കത്തെഴുതിയിരിക്കുന്നത്. 'ഇന്നലെ വീട്ടില്‍ വന്നപ്പോള്‍ സമരം അവസാനിപ്പിക്കാത്തത് മന്ത്രിമാരും ഉദ്യോഗസ്ഥരും കാരണമാണെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ക്ക് തരാമെന്ന് കളക്ടര്‍ വാക്ക് തന്ന ഭൂമി ഇപ്പഴും തരുന്നില്ല എന്നും പറഞ്ഞു. എന്റെ അമ്മ മാത്രമല്ല എന്റെ കൂട്ടുകാരുടെ അമ്മമാരും സമരത്തിലാണ്. ഞങ്ങള്‍ എല്ലാരും കൊറച്ചു ദിവസങ്ങളായി വിശന്നിരിക്കുകയാണ്, സങ്കടപ്പെട്ടിരിക്കുകയാണ്', കുട്ടികള്‍ കത്തില്‍ പറയുന്നു.
അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കില്‍ തങ്ങള്‍ എങ്ങനെ സ്‌കൂളില്‍ പോകുമെന്നും കുട്ടികള്‍ ചോദിക്കുന്നു. സമാധാനമായി എങ്ങനെ പഠിക്കും?, സന്തോഷത്തോടെ എങ്ങനെ ഭക്ഷണം കഴിക്കും?, പേടിയില്ലാതെ എങ്ങനെ ഉറങ്ങും? തുടങ്ങിയ ചോദ്യങ്ങളും കുട്ടികള്‍ ഉന്നയിക്കുന്നു. തങ്ങള്‍ക്ക് നല്‍കാമെന്ന് ഏറ്റ ഭൂമി നല്‍കി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു നല്‍കണമെന്നും തങ്ങളുടെ സങ്കടത്തിനൊപ്പം നില്‍ക്കണമെന്നും കുട്ടികള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

No comments:

Post a Comment