അവര്‍ ബ്രസീലിനെ 4-1 നു തോല്‍പ്പിച്ചതിനു പിന്നാലെ യുറുഗ്വേയും ബൊളീവിയയും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയും ചെയ്‌തതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. 14 കളികളിലായി 31 പോയിന്റാണ് അര്‍ജന്റീന നേടിയത്. ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ 10 ജയവും ഒരു സമനിലയും കുറിച്ചു. മൂന്ന് മത്സരങ്ങള്‍ തോറ്റു. രണ്ടാം സ്‌ഥാനത്തുള്ള ഇക്വഡോറിന് 23 പോയിന്റാണ്. മൂന്നാം സ്‌ഥാനത്തുള്ള യുറുഗ്വേയ്‌ക്കും നാലാം സ്‌ഥാനത്തുള്ള ബ്രസീലിനും 21 പോയിന്റ് വീതമാണ്.
മികച്ച ഗോള്‍ ശരാശരിയാണു യുറുഗ്വേയെ മുന്നിലെത്തിച്ചത്. ബ്രസീലിന്റെ നേരിട്ടുള്ള യോഗ്യത തുടര്‍ന്നുള്ള മത്സരങ്ങളെ ആശ്രയിച്ചിരിക്കും. പെറുവിനെതിരേ വെനസ്വേല ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചു. കൊളംബിയയും പരാഗ്വേയും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയില്‍ അവസാനിച്ചു. ബ്യൂണസ് അയേഴ്‌സിലെ മോണിമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ കൂടാതെയാണ് അര്‍ജന്റീന കളിച്ചത്. ജൂലിയന്‍ അല്‍വാറസിനെ മുന്നില്‍ നിര്‍ത്തിയ 4-1-4-1 ഫോര്‍മേഷനാണ് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി തെരഞ്ഞെടുത്തത്.
ബ്രസീല്‍ കോച്ച് ഡോറിവാല്‍ ജൂനിയര്‍ വിനീഷ്യസ് ജൂനിയറിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു.
പരുക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മറുടെ അഭാവം ബ്രസീല്‍ നിരയില്‍ വ്യക്‌തമായിരുന്നു. ജൂലിയന്‍ അല്‍വാറസ്, എന്‍സോ മാര്‍ട്ടിനസ്, അലക്‌സിസ് മാക് അലിസ്‌റ്റര്‍, ഗുയിലിയാനോ സിമോണെ എന്നിവരാണു ബ്രസീല്‍ വലയില്‍ പന്തെത്തിച്ചത്. മാത്യു കുന്‍ഹയാണു ബ്രസീലിനായി ഗോളടിച്ചത്. അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ കാനഡ, മെക്‌സിക്കോ, യു.എസ്.എ. എന്നിവിടങ്ങളിലായാണു ലോകകപ്പ് മത്സരങ്ങള്‍. മെസി പരിക്കു മൂലം കളിക്കാതിരുന്നിട്ടും ബ്രസീലിനു മേല്‍ സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ അര്‍ജന്റീനയ്‌ക്കായി. കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു തവണ ബ്രസീലിന്റെ വലയില്‍ പന്തെത്തിച്ച് അര്‍ജന്റീന നിയന്ത്രണം ഏറ്റെടുത്തു.
നാലാം മിനിറ്റില്‍ തന്നെ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന അക്കൗണ്ട് തുറന്നു. ഇടതു വിങില്‍നിന്നു ലഭിച്ച പാസ് സ്വീകരിച്ച അല്‍വാറസ് അതുമായി മുന്നേറിയ ശേഷം ഗോള്‍ കീപ്പര്‍ ബെന്റോയെ കാഴ്‌ചക്കാരനാക്കി വലകുലുക്കി. സമനില ഗോളിനായി ബ്രസീല്‍ തുടരെ ചില നീക്കങ്ങള്‍ നടത്തി. അതിനിടെയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോളും വീണത്.12-ാം മിനിറ്റില്‍ ബോക്‌സിന് അരികില്‍നിന്നു ലഭിച്ച പന്തിനെ മോളിന ഗോളിലേക്കു പായിച്ചു. ബ്രസീല്‍ താരത്തിന്റെ ദേഹത്തു തട്ടി ദിശ മാറിയ പന്ത് എന്‍സോയ്‌ക്കാണ് കിട്ടിയത്‌്. താരം ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റി. 26-ാം മിനിറ്റില്‍ കുന്‍ഹ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ ഒരു ഗോള്‍ മടക്കി. ഏറെനാളുകള്‍ക്കു ശേഷമാണ് എമിലിയാനോ മാര്‍ട്ടിനസ് ഒരു ഗോള്‍ വഴങ്ങുന്നത്. 37-ാം മിനിറ്റില്‍ അലിസ്‌റ്ററിലൂടെ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. എന്‍സോ ഫെര്‍ണാണ്ടസ് എത്തിച്ചു നല്‍കിയ പന്തിനെ അലിസ്‌റ്റര്‍ ലക്ഷ്യത്തിലെത്തിച്ചു. ഒന്നാം പകുതി 3-1 ന് അവസാനിച്ചു. 71-ാം മിനിറ്റിലാണു ഗുയിലിയാനോ സിമോണെയുടെ ഗോളെത്തിയത്. താഗ്ലിയാഫികോയുടെ അസിസ്‌റ്റിലൂടെയാണു സിമോണെയുടെ ഗോള്‍ പിറന്നത്. തോല്‍വിയില്‍ ആരാധകരോടു മാപ്പ് പറയുന്നതായി ബ്രസീല്‍ കോച്ച് ഡോറിവാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യം കോച്ചായി ചുമതലയേറ്റ ഡോറിവാല്‍ ബ്രസീലിനെ 16 മത്സരങ്ങളിലിറക്കി. ഏഴ് മത്സരങ്ങളാണു ജയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ അവര്‍ യുറുഗ്വേയോട് 1-1 നു സമനില വഴങ്ങിയിരുന്നു.
No comments
Post a Comment