BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Latest. Show all posts
Showing posts with label Latest. Show all posts

വിവാഹ സഹായധനം ഒരു ലക്ഷമാക്കി, വിദ്യാഭ്യാസ സഹായധനം ഇരട്ടിയാക്കി; ദീപാവലി സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍; മുൻ സൈനികര്‍ക്ക് ആശ്വാസം

മുൻ സൈനികർക്കും ആശ്രിതർക്കുമുള്ള സാമ്ബത്തിക സഹായം വർദ്ധിപ്പിച്ച്‌ കേന്ദ്ര സർക്കാർ. ദിവാലി സമ്മാനമായാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ തീരുമാനം, വിദ്യാഭ്യാസ, വിവാഹ സഹായധനം ഉള്‍പ്പെടെയാണ് കേന്ദ്രം വർധിപ്പിച്ചത്.
വിവാഹ സഹായധനം അമ്ബതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. വിദ്യാഭ്യാസ സഹായധനവും ഇരട്ടിയായി വർധിപ്പിച്ചു. പ്രതിമാസം നല്‍കിയിരുന്ന ആയിരം രൂപ ഇനി മുതല്‍ രണ്ടായിരം രൂപയാക്കിയാണ് ഉയർത്തിയത്.

എട്ടാം ശമ്ബള കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം ഉടൻ

കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം കേന്ദ്ര ശമ്ബള കമ്മീഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് സൂചന. 2025 ജനുവരിയില്‍ കമ്മീഷന് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും, കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവില്‍ സംസ്ഥാന സർക്കാരുകളുമായി സജീവ കൂടിയാലോചനകള്‍ നടക്കുകയാണ്. എട്ടാം ശമ്ബള കമ്മീഷന്‍റെ ഔദ്യോഗിക വിജ്ഞാപനം വേണ്ട സമയത്ത് പുറത്തിറക്കുമെന്ന് ധനമന്ത്രാലയത്തിലെ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ രാജ്യസഭയില്‍ സംസാരിക്കവെ വ്യക്തമാക്കി. വിജ്ഞാപനം വന്ന ശേഷം മാത്രമേ കമ്മീഷന്‍റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

ശമ്ബള നിർണ്ണയത്തിലെ ഫിറ്റ്‌മെന്‍റ് ഘടകം

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്ബളവും പെൻഷനും തീരുമാനിക്കാൻ ഉപയോഗിക്കുന്ന സുപ്രധാന മാനദണ്ഡമാണ് ഫിറ്റ്‌മെന്റ് ഘടകം (Fitment Factor). കുറഞ്ഞ ജീവിതച്ചെലവിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ശമ്ബളം കണക്കാക്കാൻ ഡോ. വാലസ് ഐക്രോയ്ഡ് വികസിപ്പിച്ച ഐക്രോയ്ഡ് ഫോർമുല സ്വീകരിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിച്ചേക്കാം. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അത്യാവശ്യ ചെലവുകള്‍ പരിഗണിച്ച്‌ ഒരു ശരാശരി തൊഴിലാളിയുടെ പോഷകാഹാര ആവശ്യകതകളിലാണ് ഈ ഫോർമുല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പുതിയ ശമ്ബള വർദ്ധനവ്

നിലവില്‍ ഏഴാം ശമ്ബള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന ശമ്ബളം 18,000 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്. ഇതിന് പുറമെ 58 ശതമാനം ഡി എ/ഡി ആർ ലഭിക്കുന്നുണ്ട്. എട്ടാം ശമ്ബള കമ്മീഷൻ നടപ്പാക്കുമ്ബോള്‍ ഡി എ /ഡി ആർ പൂജ്യമായി പുനഃക്രമീകരിക്കപ്പെടും. ഫിറ്റ്‌മെന്‍റ് ഘടകം 1.92 ആയാല്‍ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്ബളം 34,560 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 17,280 രൂപയുമാകും.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഒരാണ്ട്; പരസ്യ വിമര്‍ശനവും കുത്തുവാക്കുകളും, വാ വിട്ട വാക്കിന്‍റെ വിലയായി ഒരു ജീവന്‍

പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം.
യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. വാവിട്ട വാക്ക്, ഒരു ഉദ്യോഗസ്ഥന്‍റെ മരണവും, രാഷ്ട്രീയ നേതാവിന്‍റെ പതനവുമാണ് ബാക്കിയാക്കിയത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.

ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു.

രണ്ടാംനാള്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്‍റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു. ഒക്ടോബര്‍ 29 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.പി ദിവ്യ പൊലീസില്‍ കീഴടങ്ങി.

രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ സംരക്ഷണം അവസാനിപ്പിച്ച്‌, നവംബര്‍ 7 ന് പിപി ദിവ്യയ്ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വന്നു. അതിന്‍റെ പിറ്റേന്ന് ജാമ്യം കിട്ടിയപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ജയിലിന് മുന്നില്‍ സ്വീകരിക്കാന്‍ എത്തി. ചെങ്ങളായിയിലെ പെട്രോള്‍ പമ്ബിന് അനുമതി ലഭിക്കാനായി നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രതിരോധവുമായി സംരഭകനായ ടിവി പ്രശാന്തന്‍ തുടക്കം മുതല്‍ രംഗത്തുവന്നിരുന്നു. അതിലൂന്നി പിന്നീട് പിപി ദിവ്യ പ്രതിരോധം ശക്തമാക്കി. ദിവ്യയുടെ ബെനാമിയാണ് പ്രശാന്തനെന്ന പ്രത്യാരോപണവും ശക്തമാണ്.അ‍ഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവില്‍ പിപി ദിവ്യയെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കലക്ടര്‍ അരുണ്‍ കെ വിജയന്‍റെ മൊഴി ഉള്‍പ്പടെ പുറത്ത് വന്നിരുന്നു. യാത്രയയപ്പ് കഴിഞ്ഞ് നവീന്‍ ബാബു തന്നെ കാണാന്‍ വന്നുവെന്നും ഇക്കാര്യം ഉള്‍പ്പടെ റവന്യുമന്ത്രിയെ അറിയിച്ചുവെന്നുമുള്ള മൊഴി വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന ടിവി പ്രശാന്തന്‍റെ ആരോപണത്തിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണര്‍ എ ഗീതയുടെ റിപ്പോര്‍ട്ടിലും വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിന്‍റെ റിപ്പോര്‍ട്ടിലും പറയുന്നത്. ഇതാണ് കുടുംബത്തിന്‍റെ പിടിവള്ളി. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയുണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ അവകാശവാദം. തലശേരി അഡീഷണല്‍സ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. വിമരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കി നില്‍ക്കെ, കുത്തുവാക്കിനാല്‍ മനംനൊന്ത് മരണത്തിലേക്ക് നടന്നുപോയ നവീന്‍ ബാബു നീറുന്ന ഓര്‍മ്മയാണ്. വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്ക് കൊണ്ട് രാഷ്ട്രീയാധികാരം കാട്ടിയ നേതാവ് പാര്‍ട്ടിക്കും അധികാരസ്ഥാനങ്ങള്‍ക്കും പുറത്തേക്ക് സ്വയംവഴിവെട്ടുകയായിരുന്നു.

ശബരിമല സ്വര്‍ണകവര്‍ച്ചയില്‍ സിബിഐ അന്വേഷണം വേണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉടൻ പിരിച്ചുവിടണം: ശബരിമല അയ്യപ്പ സേവാസമാജം

ശബരിമല സ്വർണകവർച്ചയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാസമാജം. യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനും അയ്യപ്പ ഭക്തർക്ക് നീതി ഉറപ്പാക്കുന്നതിനും സമഗ്രമായ അന്വേഷണം വേണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു.
മുംബൈയില്‍ രണ്ട് ദിവസം നീണ്ടുനിന്ന ദേശീയ നിർവാഹക സമിതി യോഗം ഇന്നലെയാണ് സമാപിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ യോഗത്തില്‍ ചർച്ചയായി. ഗുരുതര വീഴ്ചയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. വസ്തുതകള്‍ മറച്ചുവെക്കാനാണ് മന്ത്രി ആദ്യം മുതല്‍ ശ്രമിച്ചത്. ധാർമ്മികവും ഭരണപരവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് നിലവിലുള്ള ദേവസ്വം മന്ത്രി ഉടൻ രാജിവെക്കണമെന്നും ശബരിമല അയ്യപ്പ സേവാസമാജം ദേശീയ അദ്ധ്യക്ഷൻ എസ്. ജെ. ആർ കുമാർ ആവശ്യപ്പെട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ പിരിച്ചുവിടണം. ക്ഷേത്രങ്ങളുടെ ഭരണം ഭക്തരുടെ ഭരണസമിതിയെ ഏല്‍പ്പിക്കണം സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമാനമായ സംവിധാനം ശബരിമലയിലും കൊണ്ടുവരണം.

മുൻ ദേവസ്വം മന്ത്രിമാർ, പ്രസിഡന്റുമാർ, ദേവസ്വം ബോർഡ് അംഗങ്ങള്‍ എന്നിവരുടെയും പങ്കാളിത്തം സമഗ്രമായി അന്വേഷിക്കണമെന്നും ശബരിമല അയ്യപ്പ സേവാസമാജം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മ്മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു .
ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ് .

ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചിരിക്കുന്നത് . സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി ഫയല്‍ ചെയ്തത്.

130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച്‌ ആശങ്ക ഉയര്‍ത്തിയാണ് ഹര്‍ജി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സിഡന്റ് റസല്‍ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

അണക്കെട്ടിന്‍റെ കാലപ്പഴക്കം സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 10 ദശലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു.

പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതിയില്‍ അദാനി കമ്ബനി നടത്തിയത് വൻതട്ടിപ്പ്; അന്വേഷണം ആരംഭിച്ചു

മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതിയില്‍ കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡിനെതിരേ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അന്വേഷണം ആരംഭിച്ചു.
ഹ്രസ്വദൂര ഉപരിതല-വായു മിസൈല്‍ സംവിധാനങ്ങള്‍ക്കായി ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ദീർഘദൂര മിസൈലുകളുടെ ഘടകങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഹ്രസ്വദൂര മിസൈല്‍ ഘടകങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 18 ശതമാനം പ്രാദേശിക നികുതിയും ഉണ്ട്. എന്നാല്‍ ദീർഘദൂര മിസൈല്‍ ഘടകങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.

തെറ്റിദ്ധരിപ്പിക്കലിലൂടെ ഏകദേശം 77 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ഘടനാപരമായ ഫിറ്റിങുകള്‍, മൗണ്ടിങ് അസംബ്ലികള്‍, മിസൈല്‍ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണ ഇന്റർഫേസുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഫോടനാത്മകമല്ലാത്ത ഘടകങ്ങളും നികുതി വെട്ടിച്ച്‌ ഇറക്കുമതി ചെയ്തതായും പരാതിയുണ്ട്.

ഈ ഘടകങ്ങള്‍ നികുതി നല്‍കേണ്ട വിഭാഗത്തില്‍പ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി തെറ്റായ കസ്റ്റംസ് എൻട്രികള്‍, അന്തിമ ഉപയോഗ സർട്ടിഫിക്കറ്റുകള്‍, വിദേശ വിതരണക്കാരുമായുള്ള കത്തിടപാടുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
2024 മുതല്‍ റഷ്യയില്‍ നിന്നു മാത്രം ഏകദേശം 32 ദശലക്ഷം യു.എസ് ഡോളറിന്റെ ഇറക്കുമതിയാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. ഇതേ കാലയളവില്‍ റഷ്യ, ഇസ്റാഈല്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള മൊത്തം ഇറക്കുമതി ഏകദേശം 70 ദശലക്ഷം യു.എസ് ഡോളറിന്റേതാണ്. 1962ലെ കസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 28 പ്രകാരം, മതിയായ തീരുവ ചുമത്താത്തതായി കണ്ടെത്തിയാല്‍ അധികാരികള്‍ക്ക് പലിശ സഹിതം തുക തിരിച്ചുപിടിക്കാനും ഒഴിവാക്കിയ തീരുവയുടെ തുക വരെ പിഴ ചുമത്താനും കഴിയും.

അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മിസൈല്‍ ഘടകങ്ങളെയും ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി ഈ വർഷം സെപ്റ്റംബറില്‍ കസ്റ്റംസ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ തട്ടിപ്പ് നടന്നിരിക്കുന്നത് അതിന് മുമ്ബാണ്. അതിനാല്‍ ഈ കേസില്‍ ഇളവ് ബാധകമാകില്ല.

ഗാസയില്‍ സമാധാനം ലക്ഷ്യം: ഇസ്രയേലും ഹമാസും തമ്മില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം; ആദ്യഘട്ട സമയവായ ചര്‍ച്ചകള്‍ ഈജിപ്‌തില്‍ പുരോഗമിക്കുന്നു

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചർച്ച തുടങ്ങി.
ഈജിപ്ഷ്യൻ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചർച്ച തുടങ്ങിയത്. പലസ്തീൻ തടവുകാരെ മോചിപ്പിച്ച്‌ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചർച്ചയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവർ അംഗീകരിച്ചിട്ടില്ല.

ഇസ്രായേല്‍, ഹമാസ് പ്രതിനിധികളുമായി മധ്യസ്ഥ ചർച്ചകളാണ് നടക്കുന്നത്. ഇരുവിഭാഗത്ത് നിന്നുമുള്ള പ്രതിനിധികളുമായി ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥർ വെവ്വേറെ യോഗങ്ങള്‍ നടത്തുന്നുവെന്നാണ് വിവരം. 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും നിർണായകമായ ചർച്ചകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷ. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ അല്‍താനി എന്നിവർ ചർച്ചകളുടെ ഭാഗമാണെന്നും വിവരമുണ്ട്.

തെക്കൻ ഇസ്രായേലില്‍ 2023 ഒക്ടോബർ 7 ന് ഹമാസ് നയിച്ച ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നാണ് സമാധാന ചർച്ചകള്‍ തുടങ്ങുന്നത്. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇതേ തുടർന്ന് ഗാസയില്‍ 67,160 പേർ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്.

പതിറ്റാണ്ടുകളായി ഹമാസിനെ പ്രത്യക്ഷമായി പിന്തുണച്ചിരുന്ന ഇറാൻ ഇപ്പോള്‍ ട്രംപിനെ അനുകൂലിച്ച്‌ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 21 പലസ്തീനികള്‍ കൊല്ലപ്പെടുകയും 96 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്'! കേരള-യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവിന് ഇന്ന് കോവളത്ത് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ് ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 9.30 ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സമുദ്രാധിഷ്ഠിത സാമ്ബത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്ബദ്‌വ്യവസ്ഥയിലെ പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരടക്കം പങ്കെടുക്കും

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ക്ക് പുറമേ സംസ്ഥാന മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, വി.ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍, എം.ബി രാജേഷ്, ഡോ.ആര്‍ ബിന്ദു, വീണ ജോര്‍ജ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ഡോ. ശശി തരൂര്‍ എംപി, എം. വിന്‍സെന്‍റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (പശ്ചിമ) സിബി ജോര്‍ജ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് സ്വാഗതവും സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി നന്ദിയും രേഖപ്പെടുത്തും.

വിശദ വിവരങ്ങള്‍

സമ്മേളനത്തില്‍ നീല സമ്ബദ്‌വ്യവസ്ഥയെക്കുറിച്ച്‌ ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കുകയും പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യും. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തവും നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.

തീരദേശ വികസനവും കാലാവസ്ഥാ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും, ഹാര്‍ബര്‍ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ ലോജിസ്റ്റിക്സ് ഷിപ്പിംഗ് കണക്റ്റിവിറ്റി നിക്ഷേപങ്ങളും, സുസ്ഥിര മത്സ്യബന്ധനം-അക്വാകള്‍ച്ചര്‍ മാനേജ്മെന്‍റ്-ഗവേഷണം- നിക്ഷേപങ്ങള്‍, ഗ്രീന്‍ ട്രാന്‍സിഷന്‍: സര്‍ക്കുലര്‍ ഇക്കണോമി, റിന്യൂവബിള്‍/ക്ലീന്‍ എനര്‍ജി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ്, എജ്യുക്കേഷന്‍-സ്കില്‍സ് ആന്‍ഡ് ടാലന്‍റ് മൊബിലിറ്റി, തീരദേശ ടൂറിസവും വെല്‍നസും (ആയുഷ്) എന്നീ വിഷയങ്ങളില്‍ പാനല്‍ സെഷനുകള്‍ നടക്കും.

കള്ളവണ്ടി കയറിയാല്‍ ഉടനെ പണി കിട്ടും: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാൻ പ്രത്യേക പരിശോധനാ സംഘം

ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയില്‍വേയുടെ പ്രത്യേക പരിശോധന. ഇന്നലെ ഷൊർണൂർ-നിലമ്ബൂർ റെയില്‍വേ ലൈനില്‍ നടത്തിയ പരിശോധനയില്‍ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 പേരെ പിടികൂടുകയും ഇവരില്‍ നിന്ന് 95,225 രൂപ പി‍ഴയായി ഈടാക്കുകയും ചെയ്തു.

പാലക്കാട് ഡിവിഷൻ പ്രത്യേക ടിക്കറ്റ് പരിശോധന യജ്ഞത്തില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), റെയില്‍വേ പോലീസ് (ജിആർപി), കൊമേഴ്‌സ്യല്‍ ഡിപ്പാർട്ട്‌മെന്റ് എന്നിവർ സംയുക്തമായി പങ്കെടുത്തു.
രാജ്യറാണി എക്സ്പ്രസ് (16349), കോട്ടയം നിലമ്ബൂർ എക്സ്പ്രസ് (16326) പാസഞ്ചർ ട്രെയിനുകള്‍ (56612, 66325, 56322, 56323, 56610, 56607) എന്നിങ്ങനെ നിരവധി സർവീസുകളിലാണ് ഇന്നലെ ടിക്കറ്റ് പരിശോധന ഡ്രൈവ് നടത്തിയത്.

ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവുകള്‍ കൊണ്ട് എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാമെന്നും, റെയില്‍വേ ശൃംഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയാൻ സാധിക്കുമെന്നും റെയില്‍വേ അധികൃതർ പറഞ്ഞു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും റെയില്‍വേ അധികൃതർ കൂട്ടിച്ചേർത്തു.
യാത്രക്കാർ ടിക്കറ്റുമായി യാത്ര ചെയ്യാനും, പരിശോധനയില്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റെയില്‍വേ അഭ്യർത്ഥിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും റെയില്‍വേ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനുമായി ഇത്തരം പരിശോധനകള്‍ തുടർന്ന് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം: മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്ബര്‍മാരും ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കണമെന്ന് സര്‍ക്കുലര്‍

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുമായി മലബാര്‍ ദേവസ്വം ബോര്‍ഡ്. സംഗമത്തില്‍ പരമാവധി മെമ്ബര്‍മാരെയും ഉദ്യോഗസ്ഥരെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരെയും ക്ഷേത്രം ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ഇക്കാര്യം വ്യക്തമാക്കി മലബാര്‍ ദേവസ്വം കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്ന ബോര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും യാത്ര, ഭക്ഷണ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കും. ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേത്രം ജീവനക്കാരുടെയും ചെലവ് ക്ഷേത്രം ഫണ്ടില്‍ നിന്ന് വഹിക്കണമെന്നുമാണ് ഉത്തരവ്. ആഗോള അയ്യപ്പ സംഗമത്തില്‍ പരമാവധി പേരെ പങ്കെടുപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും സര്‍ക്കുലറില്‍

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിസി യോഗം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവ യോഗത്തില്‍ ചർച്ചയാകും. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തിയേക്കും.

നേപ്പാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ സൈന്യം; ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം

യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ സൈന്യം.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നല്‍കി.

നിലവില്‍ നേപ്പാളില്‍ നിരോധനാജ്ഞയാണ്. ഇത് ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. നാളെ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചു.
സൈന്യത്തിൻ്റെ മുന്നറിയിപ്പിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഏഴ് ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. ബല്‍റാംപുര്‍, ശ്രവസ്തി, മഹാരാജ്ഗഞ്ജ്, പിലിഭിത്ത്, സിദ്ധാര്‍ഥനഗര്‍, ബഹ്റൈച്ച്‌, ലഖിംപുര്‍ഖേരി ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷിക്കാനും കര്‍ശന പട്രോളിംഗിനുമാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ല. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാരോട് നിലവിലുള്ള സ്ഥലത്തുതന്നെ തുടരാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അടിയന്തര സാഹചര്യമുണ്ടായാല്‍ നേപ്പാളിലെ +977 - 980 860 2881, +977 - 981 032 6134 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

'തൊഴിലാളി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം, താഴെ നില്‍ക്കുന്നയാള്‍ ഗ്ലൗസും ഹെല്‍മെറ്റും ധരിക്കണം'; തെങ്ങുകയറ്റത്തിന് നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ്

ലക്ഷദ്വീപിലെ തേങ്ങകള്‍ ഇനി നൈസായിട്ട് പറിച്ചെടുത്തുകൊണ്ട് പോകാമെന്ന് വിചാരിക്കേണ്ട. റോഡരികിലുള്ള തെങ്ങില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് മുൻപ് അനുമതി തേടണമെന്ന് പുതിയ ഉത്തരവിറങ്ങി.
എന്നാല്‍ റോഡിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു ഉത്തരവെന്നാണ് വിശദീകരണം. 24മണിക്കൂർ മുൻപ് പൊലീസില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ആന്ത്രോത്ത്, കല്‍പേനി ദ്വീപുകള്‍ക്കാണ് ഉത്തരവ് ബാധകം.

അനുമതിക്കായി നിശ്ചിത ഫോമില്‍ 24 മണിക്കൂറിന് മുൻപ് എസ്‌എച്ച്‌ഒയ്ക്കും റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർക്കും (എഇ) അപേക്ഷ നല്‍കേണ്ടതാണ്. ഇക്കാര്യത്തില്‍ നേരത്തെ വാക്കാല്‍ നിർദേശം നല്‍കിയെങ്കിലും പാലിക്കാതെ വന്നതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. റോഡരികിലെ തെങ്ങിലെ തേങ്ങ ഇടുന്നത് പലപ്പോഴും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്. പൊതുശല്യമാകുന്നതിനെതിരെ ഭാരതീയ സുരക്ഷാ സംഹിതയിലെ വകുപ്പ് 152 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ തെങ്ങില്‍ കയറാവൂവെന്നും നിർദേശം ഉണ്ട്.
"പൊതു റോഡുകള്‍ക്ക് അരികിലുള്ള തെങ്ങുകള്‍ കയറുന്നതും കായ്കള്‍ പറിക്കുന്നതും മുൻകൂട്ടി അറിയിക്കാതെയോ സുരക്ഷാ നടപടികളില്ലാതെയോ കായ്കള്‍ വീഴുന്നതിനും ഗതാഗതം തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നതായി ആവർത്തിച്ച്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്," ഉത്തരവില്‍ പറയുന്നു. സുരക്ഷാ നടപടിയായി, 2023 ലെ സെക്ഷൻ 152 ബിഎൻഎസ്‌എസ് (പൊതു ശല്യം - സോപാധിക ഉത്തരവുകള്‍) പ്രകാരം മരങ്ങള്‍ക്ക് ചുറ്റും കോണുകള്‍,ടേപ്പ്, ഫ്ലാഗ്മാൻ മുതലായവ ഉപയോഗിച്ച്‌ കുറഞ്ഞത് 10 മീറ്റർ സുരക്ഷാ വലയം ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പാലിയേക്കരയില്‍കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച്‌ ആലോചിക്കാമെന്ന് ഹൈക്കോടതി; അടുത്ത തിങ്കളാഴ്ച വാദം തുടരും

പാലിയേക്കരയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച്‌ ആലോചിക്കാമെന്ന് ഹൈക്കോടതി.

ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പ്രശ്‌നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും അറിയിച്ചു. അതേസമയം, എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു.
ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടട്ടെ. ദേശീയ പാതക്കരികിലെ കല്‍വേര്‍ട്ടുകളുടെ നിര്‍മാണം പാതി വഴിയിലെന്ന് കളക്ടര്‍ പറഞ്ഞു. കല്‍വേര്‍ട്ടുകള്‍ ഒരിക്കലും ഗതാഗത കുരുക്കിന് കാരണമാകുന്നില്ല എന്ന് എന്‍എച്ച്‌എഐ മറുപടി നല്‍കി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണം വേണമെന്നും എന്‍എച്ച്‌എഐ പറഞ്ഞു. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.

റോബിന്‍ ബസ് വീണ്ടും തമിഴ്‌നാട് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു

റോബിന്‍ ബസ് വീണ്ടും തമിഴ്‌നാട് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ബസിന് ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന റോബിന്‍ ബസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അടൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമ പോരാട്ടത്തിലായിരുന്ന റോബിന്‍ ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ബസ് ഉടമ പോലീസിനെ സമീപിച്ചെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ചശേഷം മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തത്.

ലുലു ഗ്രൂപ്പിന്റെ വഴി തടഞ്ഞ കര്‍ഷകൻ; മുകുന്ദന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം

ജന്മനാടായ തൃശൂരില്‍ ലുലു ഷോപ്പിങ് മാള്‍ നിർമിക്കാനുള്ള പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരെ ഒറ്റയാള്‍ പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ഒരു കർഷകൻ.
'ഒരുപാർട്ടിക്കാരനാണ്' തൃശൂരില്‍ ലുലു മാള്‍ ഉയരുന്നതിന് തടസം എന്നാണ് യൂസഫലി പറഞ്ഞത്. പിന്നെ ഏതാണ് ആ പാർട്ടിക്കാരൻ എന്നായി എല്ലാവരുടേയും അന്വേഷണം. ഒടുവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം ടി എൻ മുകുന്ദനാണ്ആ പാർട്ടിക്കാരൻ എന്ന് കണ്ടെത്തി. എന്നാല്‍ തനിക്ക് പിന്നില്‍ പാർട്ടിയില്ല, ലുലു ഗ്രൂപ്പിനെതിരെ ഒറ്റയ്ക്കാണ് ഈ നിയമ പോരാട്ടം എന്ന് കർഷകനായ 61കാരൻ ടി എൻ മുകുന്ദൻ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ കൃഷി ഭൂമിയും തണ്ണീർത്തടങ്ങളും ഉള്‍പ്പെടെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടം എന്ന് മുകുന്ദൻ പറഞ്ഞു. അയ്യന്തോള്‍ ഗ്രാമത്തിലാണ് ലുലു ഗ്രൂപ്പ് തങ്ങളുടെ മാളും ഹൈപ്പർമാർക്കറ്റും നിർമിക്കാൻ പദ്ധതിയിട്ടത്. ലുലു ഗ്രൂപ്പ് വാങ്ങിയ ഈ സ്ഥലം കൃഷി ഭൂമിയാണോ അല്ലയോ എന്നതിന്റെ പേരിലാണ് യൂസഫലിയും ഈ കൃഷിക്കാരനും തമ്മിലുള്ള ഹൈക്കോടതിയിലെ നിയമ പോരാട്ടം. കൃഷി ഭൂമി കാർഷികേതര പദ്ധതികള്‍ക്ക് ഉപയോഗിക്കാനാവില്ല.

കൃഷി ഭൂമികള്‍ രേഖപ്പെടുത്തിയിട്ടുള്ള ഡാറ്റാബാങ്കില്‍ നിന്ന് ലുലു ഗ്രൂപ്പ് വാങ്ങിയ ഭൂമി റവന്യു ഡിവിഷണല്‍ ഓഫീസർ(ആർഡിഒ) ഒഴിവാക്കിയതോടെയാണ് മുകുന്ദൻ 2023ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കിയതോടെ കാർഷികേതര ആവശ്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കാം എന്ന അവസ്ഥ വന്നു.

കഴിഞ്ഞ ആഴ്ച ഹൈക്കോടതി ആർഡിഒയുടെ ഈ ഉത്തരവ് റദ്ദാക്കി. മാത്രമല്ല ഈ ഭൂമി പുനപരിശോധിക്കാൻ അധികൃതരോട് ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് തങ്ങള്‍ പഠിക്കുകയാണെന്നും അതനുസരിച്ച്‌ തീരുമാനം ഉണ്ടാകുമെന്നും ലുലു ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് തന്റെ വാദം ശരിയാണ് എന്ന് തെളിയിക്കുന്നതാണ് എന്ന് മുകുന്ദൻ ചൂണ്ടിക്കാണിക്കുന്നു. ലുലു മാളിനായി കണ്ടെത്തിയ ഭുമി കൃഷി ഭൂമിയാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും നേരത്തെ അയ്യന്തോളി കാർഷിക ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.
2016 മുതലുള്ള മുകുന്ദന്റെ നിയമപോരാട്ടം

ലൂലു ഗ്രൂപ്പിന്റെ കൈകളിലേക്ക് ഈ ഭൂമി എത്തുന്നതിന് മുൻപ്, മറ്റൊരു ഉടമയുടെ കയ്യിലായിരിക്കുമ്ബോള്‍ തന്നെ മുകുന്ദൻ ഭൂമി തരംമാറ്റുന്നതിന് എതിരെ 2016ല്‍ തന്നെ പോരാട്ടം ആരംഭിച്ചിരുന്നു. "161 ഏക്കറില്‍ പടർന്ന് കിടക്കുന്നത് കാർഷിക ഭൂമിയാണ്. ഈ ഭൂമിയുടെ മുൻ ഉടമ ഈ കൃഷിയിടത്തില്‍ നിന്ന് ചെളി മാറ്റി ഭൂമി തരം മാറ്റാൻ ശ്രമിച്ചു. അന്ന് മുതല്‍ മുകുന്ദൻ നിയമ പോരാട്ടം തുടങ്ങിയതാണ്. ലുലു ഗ്രൂപ്പ് ഈ ഭൂമി വാങ്ങിയതോടെ താൻ പോരാട്ടം കടുപ്പിച്ചു," മുകുന്ദൻ പറഞ്ഞു.

2017ല്‍ മുകുന്ദൻ നടത്തിയ നിയമ പോരാട്ടമാണ് എൻസിപി ലീഡറായ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തെറിക്കുന്നതിന് ഇടയാക്കിയത്. കേരള നിയമസഭയിലെ ഏറ്റവും സമ്ബന്നനായ അംഗമായിരുന്നു തോമസ് ചാണ്ടി ആ സമയം. വമ്ബൻ ടൂറിസം പദ്ധതിക്കായി കായല്‍ കയ്യേറി എന്ന കുറ്റം തെളിഞ്ഞതോടെയാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്.

കേരള കൃഷി ഭൂമി തണ്ണീർത്തട നിയമം 2008 സർക്കാർ പാസാക്കിയതോടെയാണ് ഭൂമി സംരക്ഷിക്കാനായി തന്റെ പോരാട്ടം ആരംഭിച്ചത് എന്ന് മുകുന്ദൻ പറഞ്ഞു. തണ്ണീർത്തടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ആയുധമാണ് ഈ നിയമം എന്ന് തനിക്ക് മനസിലായതായി മുകുന്ദൻ പറയുന്നു. തന്റെ പോരാട്ടം ലുലു ഗ്രൂപ്പിന് എതിരെ മാത്രമല്ല എന്നും മുകുന്ദൻ ചൂണ്ടിക്കാണിക്കുന്നു.

കൃഷി ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട 15 വ്യത്യസ്ത വ്യക്തികള്‍ക്കെതിരെ മുകുന്ദൻ നിയമപോരാട്ടം നടത്തുകയാണ്. "എനിക്ക് ഒരു കുടുംബം ഇല്ല. വീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. ആ ഞാൻ പണത്തിന് വേണ്ടിയും മറ്റ് ഓഫറുകള്‍ക്ക് വേണ്ടിയും ഇങ്ങനെയൊക്കെ ചെയ്യുമോ? മുകുന്ദൻ ചോദിക്കുന്നു. കൃഷിയില്‍ നിന്ന് മുകുന്ദന് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കോടതിയിലെ നിയമപോരാട്ടങ്ങള്‍ക്കായാണ് ചിലവാകുന്നത്. കൃഷി ഭൂമി സംരക്ഷിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ആ ഭൂമി ആരുടെ കൈവശമാണ് എന്നത് എനിക്ക് വിഷയമല്ല എന്നും തന്റെ നിലപാട് വ്യക്തമാക്കി മുകുന്ദൻ പറയുന്നു.

ക്ഷേമപെൻഷൻ കൂട്ടും, ക്ഷാമബത്ത നല്‍കും; ജനപിന്തുണകൂട്ടാൻ നടപടികള്‍

തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ ജനപിന്തുണ കൂട്ടാനുള്ള നടപടികള്‍ക്കൊരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ ധനവകുപ്പ് ആസൂത്രണരേഖ തയ്യാറാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുമുൻപ്‌ 100 രൂപ കൂട്ടി 1700 ആക്കാനാണ് ശുപാർശ. ഒക്ടോബറില്‍ത്തന്നെ തുക കൂട്ടിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിരിക്കും വീണ്ടും 100 രൂപ കൂട്ടുക.

നടപ്പുസാമ്ബത്തികവർഷംതന്നെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎകൂടി നല്‍കാനും ആലോചനയുണ്ട്. സർക്കാർ കാലാവധി കഴിയുംമുൻപ്‌ ശമ്ബള പരിഷ്കരണംകൂടി പ്രഖ്യാപിച്ചാല്‍ ജനങ്ങളില്‍ അനുകൂല നിലപാടുണ്ടാകാൻ ഇടയാക്കുമെന്നും ധനവകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ, ജനകീയപ്രഖ്യാപനങ്ങള്‍ നടത്തി മൂന്നാംഭരണത്തിലേക്കു വഴിയൊരുക്കുകയാണ് ലക്ഷ്യം.

ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. നിലവിലെ ധനസ്ഥിതിയില്‍ വലിയൊരു വർധന സാധ്യമല്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ; നാളെ രാവിലെ 11 മണിക്ക് വള്ളങ്ങളിറങ്ങും

71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക.
കായലില്‍ ട്രാക്കുകള്‍ വേര്‍തിരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരുപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. വൈകുന്നേരത്തോടെയായിരിക്കും വള്ളംകളി പ്രേമികള്‍ കാത്തിരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

ചുണ്ടൻ വള്ളങ്ങള്‍ അവസാനവട്ട പരിശീലനവും പൂർത്തിയാക്കി. 21 ചുണ്ടനും വനിതകള്‍ തുഴയുന്ന 6 വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങളാണ് പുന്നമടക്കായലില്‍ ഇറങ്ങുക. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാൻ ഇത്തവണ വെർച്വല്‍ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെർച്വല്‍ ലൈനില്‍ ആദ്യം സ്പർശിക്കുന്ന വള്ളമാകും വിജയി.

ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും എന്നാണ് വിവരം. രാവിലെ ആറു മുതല്‍ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കുകയില്ല. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയാണെങ്കില്‍ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

ഒരു വിഭാഗം പ്രവാസികളുടെ പോക്കറ്റ് കീറും, നിര്‍ണായക തീരുമാനമെടുക്കാൻ കേന്ദ്രം, ജിഎസ്ടി 18 ശതമാനത്തിലേക്ക്

ബിസിനസ്, പ്രീമിയം ക്ലാസ് വിമാന യാത്രയ്ക്കുള്ള നിലവിലുള്ള ജിഎസ്ടി 12ശതമാനത്തില്‍ നിന്നും 18ശതമാനമായി ഉയർത്താൻ നീക്കമിട്ട് കേന്ദ്രം.
നിലവില്‍ ആഭ്യന്തര, അന്തർദേശീയ ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടിയാണ് ബാധകമായിരിക്കുന്നത്. അതേസമയം പ്രീമിയം ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 12ശതമാനം നികുതി ചുമത്തും. കോണ്‍ഫറൻസുകള്‍, ക്ലയന്റ് മീറ്റിംഗുകള്‍ അല്ലെങ്കില്‍ ബിസിനസ് സംബന്ധമായ പ്രവർത്തനങ്ങളുമായി യാത്ര ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിക്കുകയുള്ളു.

സെപ്തംബർ 22ഓടെ പുതിയ ജിഎസ്ടി നിരക്കുകള്‍ നടപ്പിലാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നികുതി സ്ലാബുകള്‍ കുറഞ്ഞ നിരക്കിലേക്ക് കുറച്ചുകൊണ്ട് ജിഎസ്ടി ലളിതമാക്കുകയാണ് ലക്ഷ്യം. ചില ഇനങ്ങള്‍ക്ക് നിരക്ക് കുറയ്ക്കാൻ കഴിയുമെങ്കിലും പ്രീമിയം വിമാന യാത്രയക്ക് ഉയർന്ന ജിഎസ്ടി നല്‍കേണ്ടി വരും.

കൂടാതെ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ഇല്ലാതെ ബ്യൂട്ടി, വെല്‍നസ് സേവനങ്ങള്‍ക്കുള്ള ജിഎസ്ടി 18ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും, ഐടിസി ആനുകൂല്യങ്ങളോടെ 100 രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 12ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും ശുപാർശയുണ്ട്. വരാനിരിക്കുന്ന ജിഎസ്ടി പരിഷ്കാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ബോണസ് എന്നാണ് അടുത്തിടെ വിശേഷിപ്പിച്ചത്. പുതിയ നിയമം പാസായാല്‍ ഉടൻ അത് നടപ്പിലാക്കാൻ കഴിയുമെന്നും കേന്ദ്രം അറിയിച്ചു.

നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്ബോള്‍ പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി.

തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യാനും ഹൈക്കോടതി നിർദേശമുണ്ട് . രാവിലെ 8:30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്നല്‍ ഓഫ് ചെയ്യാനാണ് നിർദേശം.

ബാനർജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, സ്വകാര്യ ബസുകളുടെ സമയക്രമത്തില്‍ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 15 ദിവസത്തിനകം യോഗം ചേരണമെന്ന് ആഗസ്റ്റ് എട്ടിന് ഹൈക്കോടതി നിർദേശിച്ചിട്ടും തുടർനടപടികള്‍ ഉണ്ടായില്ല.ബസ്സുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് അമിത് റാവല്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

ഇത് മനപ്പൂർവമായ കോടതിയലക്ഷ്യമാണെന്ന് കോടതി വിമർശിച്ചു. സെപ്റ്റംബർ 29ന് യോഗം തീരുമാനിച്ചെന്ന് സർക്കാർ അറിയിച്ചെങ്കിലും സെപ്റ്റംബർ 10നകം യോഗം ചേരണമെന്നും ഇല്ലെങ്കില്‍ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ ആവശ്യപ്പെട്ടു.

പിഴയിട്ടതിനെതിരെ വള്ളങ്ങള്‍ നിരത്തിനിര്‍ത്തി മത്സ്യത്തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം

വൈപ്പിനില്‍ ലൈസൻസ് പുതുക്കാൻ താമസിച്ചതിന്റെ പേരില്‍ വള്ളത്തിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തിയതില്‍ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍.
വള്ളങ്ങള്‍ അഴിമുഖത്ത് നിരത്തിയിട്ടാണ് പ്രതിഷേധിച്ചത്.
ജപമാല നമ്ബർ 1 എന്ന യന്ത്രവല്‍കൃത വള്ളത്തിനാണ് ഫിഷറീസ് വകുപ്പ് രണ്ടര ലക്ഷം പിഴ ചുമത്തിയത്. ഇതില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച രാവിലെ ആറരയോടെ അഴിമുഖത്തെ വൈപ്പിൻ മേഖലയിലാണ് വള്ളങ്ങള്‍ നിരത്തി പ്രതിഷേധം നടത്തിയത്. സമരം ജലഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൈപ്പിൻ - ഫോർട്ടുകൊച്ചി ജങ്കാർ സർവീസ് മുടങ്ങി. അപ്രതീക്ഷിതമായ സമരത്തെ തുടർന്ന് ജങ്കാർ സർവിസ് തടസപ്പെട്ടത് യാത്രക്കാരെ വലച്ചു.