BREAKING NEWS
National News

728x90

header-ad

468x60

header-ad

ഗാസയില്‍ സമാധാനം ലക്ഷ്യം: ഇസ്രയേലും ഹമാസും തമ്മില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം; ആദ്യഘട്ട സമയവായ ചര്‍ച്ചകള്‍ ഈജിപ്‌തില്‍ പുരോഗമിക്കുന്നു

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചർച്ച തുടങ്ങി.
ഈജിപ്ഷ്യൻ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചർച്ച തുടങ്ങിയത്. പലസ്തീൻ തടവുകാരെ മോചിപ്പിച്ച്‌ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചർച്ചയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവർ അംഗീകരിച്ചിട്ടില്ല.

ഇസ്രായേല്‍, ഹമാസ് പ്രതിനിധികളുമായി മധ്യസ്ഥ ചർച്ചകളാണ് നടക്കുന്നത്. ഇരുവിഭാഗത്ത് നിന്നുമുള്ള പ്രതിനിധികളുമായി ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥർ വെവ്വേറെ യോഗങ്ങള്‍ നടത്തുന്നുവെന്നാണ് വിവരം. 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും നിർണായകമായ ചർച്ചകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷ. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ അല്‍താനി എന്നിവർ ചർച്ചകളുടെ ഭാഗമാണെന്നും വിവരമുണ്ട്.

തെക്കൻ ഇസ്രായേലില്‍ 2023 ഒക്ടോബർ 7 ന് ഹമാസ് നയിച്ച ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നാണ് സമാധാന ചർച്ചകള്‍ തുടങ്ങുന്നത്. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇതേ തുടർന്ന് ഗാസയില്‍ 67,160 പേർ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്.

പതിറ്റാണ്ടുകളായി ഹമാസിനെ പ്രത്യക്ഷമായി പിന്തുണച്ചിരുന്ന ഇറാൻ ഇപ്പോള്‍ ട്രംപിനെ അനുകൂലിച്ച്‌ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 21 പലസ്തീനികള്‍ കൊല്ലപ്പെടുകയും 96 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
« PREV
NEXT »

Facebook Comments APPID