ഹ്രസ്വദൂര ഉപരിതല-വായു മിസൈല്‍ സംവിധാനങ്ങള്‍ക്കായി ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ദീർഘദൂര മിസൈലുകളുടെ ഘടകങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഹ്രസ്വദൂര മിസൈല്‍ ഘടകങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 18 ശതമാനം പ്രാദേശിക നികുതിയും ഉണ്ട്. എന്നാല്‍ ദീർഘദൂര മിസൈല്‍ ഘടകങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.
തെറ്റിദ്ധരിപ്പിക്കലിലൂടെ ഏകദേശം 77 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ഘടനാപരമായ ഫിറ്റിങുകള്‍, മൗണ്ടിങ് അസംബ്ലികള്‍, മിസൈല്‍ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണ ഇന്റർഫേസുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഫോടനാത്മകമല്ലാത്ത ഘടകങ്ങളും നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്തതായും പരാതിയുണ്ട്.
ഈ ഘടകങ്ങള്‍ നികുതി നല്‍കേണ്ട വിഭാഗത്തില്‍പ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി തെറ്റായ കസ്റ്റംസ് എൻട്രികള്‍, അന്തിമ ഉപയോഗ സർട്ടിഫിക്കറ്റുകള്‍, വിദേശ വിതരണക്കാരുമായുള്ള കത്തിടപാടുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
2024 മുതല്‍ റഷ്യയില്‍ നിന്നു മാത്രം ഏകദേശം 32 ദശലക്ഷം യു.എസ് ഡോളറിന്റെ ഇറക്കുമതിയാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. ഇതേ കാലയളവില്‍ റഷ്യ, ഇസ്റാഈല്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള മൊത്തം ഇറക്കുമതി ഏകദേശം 70 ദശലക്ഷം യു.എസ് ഡോളറിന്റേതാണ്. 1962ലെ കസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 28 പ്രകാരം, മതിയായ തീരുവ ചുമത്താത്തതായി കണ്ടെത്തിയാല്‍ അധികാരികള്‍ക്ക് പലിശ സഹിതം തുക തിരിച്ചുപിടിക്കാനും ഒഴിവാക്കിയ തീരുവയുടെ തുക വരെ പിഴ ചുമത്താനും കഴിയും.
അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മിസൈല്‍ ഘടകങ്ങളെയും ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി ഈ വർഷം സെപ്റ്റംബറില്‍ കസ്റ്റംസ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ തട്ടിപ്പ് നടന്നിരിക്കുന്നത് അതിന് മുമ്ബാണ്. അതിനാല്‍ ഈ കേസില്‍ ഇളവ് ബാധകമാകില്ല.


No comments
Post a Comment