'ഒരുപാർട്ടിക്കാരനാണ്' തൃശൂരില്‍ ലുലു മാള്‍ ഉയരുന്നതിന് തടസം എന്നാണ് യൂസഫലി പറഞ്ഞത്. പിന്നെ ഏതാണ് ആ പാർട്ടിക്കാരൻ എന്നായി എല്ലാവരുടേയും അന്വേഷണം. ഒടുവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം ടി എൻ മുകുന്ദനാണ്ആ പാർട്ടിക്കാരൻ എന്ന് കണ്ടെത്തി. എന്നാല്‍ തനിക്ക് പിന്നില്‍ പാർട്ടിയില്ല, ലുലു ഗ്രൂപ്പിനെതിരെ ഒറ്റയ്ക്കാണ് ഈ നിയമ പോരാട്ടം എന്ന് കർഷകനായ 61കാരൻ ടി എൻ മുകുന്ദൻ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ കൃഷി ഭൂമിയും തണ്ണീർത്തടങ്ങളും ഉള്‍പ്പെടെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടം എന്ന് മുകുന്ദൻ പറഞ്ഞു. അയ്യന്തോള്‍ ഗ്രാമത്തിലാണ് ലുലു ഗ്രൂപ്പ് തങ്ങളുടെ മാളും ഹൈപ്പർമാർക്കറ്റും നിർമിക്കാൻ പദ്ധതിയിട്ടത്. ലുലു ഗ്രൂപ്പ് വാങ്ങിയ ഈ സ്ഥലം കൃഷി ഭൂമിയാണോ അല്ലയോ എന്നതിന്റെ പേരിലാണ് യൂസഫലിയും ഈ കൃഷിക്കാരനും തമ്മിലുള്ള ഹൈക്കോടതിയിലെ നിയമ പോരാട്ടം. കൃഷി ഭൂമി കാർഷികേതര പദ്ധതികള്‍ക്ക് ഉപയോഗിക്കാനാവില്ല.
കൃഷി ഭൂമികള്‍ രേഖപ്പെടുത്തിയിട്ടുള്ള ഡാറ്റാബാങ്കില്‍ നിന്ന് ലുലു ഗ്രൂപ്പ് വാങ്ങിയ ഭൂമി റവന്യു ഡിവിഷണല്‍ ഓഫീസർ(ആർഡിഒ) ഒഴിവാക്കിയതോടെയാണ് മുകുന്ദൻ 2023ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കിയതോടെ കാർഷികേതര ആവശ്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കാം എന്ന അവസ്ഥ വന്നു.
കഴിഞ്ഞ ആഴ്ച ഹൈക്കോടതി ആർഡിഒയുടെ ഈ ഉത്തരവ് റദ്ദാക്കി. മാത്രമല്ല ഈ ഭൂമി പുനപരിശോധിക്കാൻ അധികൃതരോട് ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് തങ്ങള്‍ പഠിക്കുകയാണെന്നും അതനുസരിച്ച് തീരുമാനം ഉണ്ടാകുമെന്നും ലുലു ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് തന്റെ വാദം ശരിയാണ് എന്ന് തെളിയിക്കുന്നതാണ് എന്ന് മുകുന്ദൻ ചൂണ്ടിക്കാണിക്കുന്നു. ലുലു മാളിനായി കണ്ടെത്തിയ ഭുമി കൃഷി ഭൂമിയാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും നേരത്തെ അയ്യന്തോളി കാർഷിക ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.
2016 മുതലുള്ള മുകുന്ദന്റെ നിയമപോരാട്ടം
ലൂലു ഗ്രൂപ്പിന്റെ കൈകളിലേക്ക് ഈ ഭൂമി എത്തുന്നതിന് മുൻപ്, മറ്റൊരു ഉടമയുടെ കയ്യിലായിരിക്കുമ്ബോള്‍ തന്നെ മുകുന്ദൻ ഭൂമി തരംമാറ്റുന്നതിന് എതിരെ 2016ല്‍ തന്നെ പോരാട്ടം ആരംഭിച്ചിരുന്നു. "161 ഏക്കറില്‍ പടർന്ന് കിടക്കുന്നത് കാർഷിക ഭൂമിയാണ്. ഈ ഭൂമിയുടെ മുൻ ഉടമ ഈ കൃഷിയിടത്തില്‍ നിന്ന് ചെളി മാറ്റി ഭൂമി തരം മാറ്റാൻ ശ്രമിച്ചു. അന്ന് മുതല്‍ മുകുന്ദൻ നിയമ പോരാട്ടം തുടങ്ങിയതാണ്. ലുലു ഗ്രൂപ്പ് ഈ ഭൂമി വാങ്ങിയതോടെ താൻ പോരാട്ടം കടുപ്പിച്ചു," മുകുന്ദൻ പറഞ്ഞു.
2017ല്‍ മുകുന്ദൻ നടത്തിയ നിയമ പോരാട്ടമാണ് എൻസിപി ലീഡറായ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തെറിക്കുന്നതിന് ഇടയാക്കിയത്. കേരള നിയമസഭയിലെ ഏറ്റവും സമ്ബന്നനായ അംഗമായിരുന്നു തോമസ് ചാണ്ടി ആ സമയം. വമ്ബൻ ടൂറിസം പദ്ധതിക്കായി കായല്‍ കയ്യേറി എന്ന കുറ്റം തെളിഞ്ഞതോടെയാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്.
കേരള കൃഷി ഭൂമി തണ്ണീർത്തട നിയമം 2008 സർക്കാർ പാസാക്കിയതോടെയാണ് ഭൂമി സംരക്ഷിക്കാനായി തന്റെ പോരാട്ടം ആരംഭിച്ചത് എന്ന് മുകുന്ദൻ പറഞ്ഞു. തണ്ണീർത്തടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ആയുധമാണ് ഈ നിയമം എന്ന് തനിക്ക് മനസിലായതായി മുകുന്ദൻ പറയുന്നു. തന്റെ പോരാട്ടം ലുലു ഗ്രൂപ്പിന് എതിരെ മാത്രമല്ല എന്നും മുകുന്ദൻ ചൂണ്ടിക്കാണിക്കുന്നു.
കൃഷി ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട 15 വ്യത്യസ്ത വ്യക്തികള്‍ക്കെതിരെ മുകുന്ദൻ നിയമപോരാട്ടം നടത്തുകയാണ്. "എനിക്ക് ഒരു കുടുംബം ഇല്ല. വീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. ആ ഞാൻ പണത്തിന് വേണ്ടിയും മറ്റ് ഓഫറുകള്‍ക്ക് വേണ്ടിയും ഇങ്ങനെയൊക്കെ ചെയ്യുമോ? മുകുന്ദൻ ചോദിക്കുന്നു. കൃഷിയില്‍ നിന്ന് മുകുന്ദന് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കോടതിയിലെ നിയമപോരാട്ടങ്ങള്‍ക്കായാണ് ചിലവാകുന്നത്. കൃഷി ഭൂമി സംരക്ഷിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ആ ഭൂമി ആരുടെ കൈവശമാണ് എന്നത് എനിക്ക് വിഷയമല്ല എന്നും തന്റെ നിലപാട് വ്യക്തമാക്കി മുകുന്ദൻ പറയുന്നു.


No comments
Post a Comment