BREAKING NEWS
National News

728x90

header-ad

468x60

header-ad

കാര്‍ഷിക കടം: കോവിഡ്കാല ആശ്വാസം കാത്ത് രണ്ടരലക്ഷം കൃഷിക്കാര്‍

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തില്‍ തീരുമാനമെടുക്കാതെ സർക്കാർ. കർഷക സംഘടനകളുടെ കണക്കുപ്രകാരം രണ്ടരലക്ഷത്തോളം കർഷകരാണ് കോവിഡ്കാല തകർച്ചയില്‍ വായ്പാ ആശ്വാസം കാത്തിരിക്കുന്നത്.
ധനവകുപ്പിന്റെ അംഗീകാരം കിട്ടാത്തതിനാല്‍ സമയപരിധി കൂട്ടുന്നതിന് തടസ്സമുണ്ട്.

ഇടുക്കി, വയനാട് ജില്ലകളില്‍ അഞ്ചുവർഷത്തെയും മറ്റ് ജില്ലകളില്‍ ഒൻപത് വർഷത്തെയും കടങ്ങളിലാണ് യഥാർഥത്തില്‍ ആശ്വാസം കിട്ടേണ്ടത്. ഇടുക്കി, വയനാട് ജില്ലകളില്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2016 ഓഗസ്റ്റ് 31 വരെയുമുള്ള കടങ്ങളാണ് നിലവില്‍ ആശ്വാസത്തിന് പരിഗണിക്കുന്നത്. ഈ കാലയളവിലെ അപേക്ഷാസമയം തീർന്നെങ്കിലും ഡിസംബർ 31 വരെ നീട്ടി. ഇടുക്കിയില്‍ മുൻകാല സമയപരിധിയില്‍ മാത്രം 36,000 അപേക്ഷകള്‍ ഇനിയും തീർപ്പുകാത്തിരിക്കുന്നു.

കടാശ്വാസത്തിന് മുൻനിശ്ചയിച്ച കാലപരിധിയില്‍ അവസരം കിട്ടാത്തവരുണ്ടെന്ന ധാരണയിലാണ് വീണ്ടും അപേക്ഷ ക്ഷണിച്ചെങ്കിലും വലിയ പ്രതികരണമില്ല. സമയം അനുവദിച്ച്‌ മൂന്നുമാസം പിന്നിട്ടെങ്കിലും 2215 പേരാണ് അപേക്ഷ നല്‍കിയത്. എല്ലാ ജില്ലകളിലും 2022 ഡിസംബർ വരെയെങ്കിലുമുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

രണ്ടുലക്ഷം രൂപ വരെ പ്രാഥമിക സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരുടെ അപേക്ഷകളാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. അപേക്ഷ അംഗീകരിച്ചാല്‍ വായ്പയില്‍ പാതി സംഘത്തിന് സർക്കാർ നല്‍കും. ബാക്കി പാതി കൃഷിക്കാരനും അടയ്ക്കണം. എന്നാല്‍ കമ്മിഷൻ അംഗീകരിച്ച അപേക്ഷകളിലും സർക്കാർവിഹിതം സംഘങ്ങള്‍ക്ക് കൊടുക്കാൻ ബാക്കിയാണ്.

സമീപകാലത്ത് 747 കോടി രൂപയുടെ കടാശ്വാസം കമ്മിഷൻ അംഗീകരിച്ചതില്‍ 346 കോടി മാത്രമാണ് സംഘങ്ങള്‍ക്ക് സർക്കാർ നല്‍കിയത്. 401 കോടി ഇപ്പോഴും നല്‍കാൻ ബാക്കി.

വായ്പാവിഹിതത്തില്‍ പാതി സർക്കാരാണ് അടയ്ക്കാനുള്ളതെങ്കിലും കടം കൃഷിക്കാരന്റേതാണ്. സർക്കാർ പങ്ക് ബാങ്കിന് കിട്ടുംവരെ വായ്പ എൻപിഎ വിഭാഗത്തിലാകും. അതുവരെ കൃഷിക്കാരന്റെ സിബില്‍ സ്കോർ മോശമാകും. ഈ കുരുക്ക് പരിഹരിക്കാൻ പല സംഘങ്ങളും കൃഷിക്കാരെക്കൊണ്ട് മുഴുവൻ തുക അടപ്പിക്കും. സർക്കാർ വിഹിതം കിട്ടുമ്ബോള്‍ കൃഷിക്കാരനുള്ള വിഹിതം നല്‍കും.

കോവിഡ്കാലത്തെ വായ്പാപ്രശ്നം കൂടി കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരുന്നത് വൈകില്ലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കമ്മിഷന്റെ മുന്നിലുള്ള അപേക്ഷകളില്‍ തുടർച്ചയായി സിറ്റിങ് നടത്തിവരുകയാണെന്ന് അംഗം കെ.ആർ. രാജൻ പ്രതികരിച്ചു. ആശ്വാസത്തിന് കാലോചിതമായി അപേക്ഷ ക്ഷണിക്കാത്തത് ഗുരുതര പ്രശ്നമാണെന്ന് കാർഷികവിഷയങ്ങളില്‍ നിയമപോരാട്ടം നടത്തുന്ന ജെയിംസ് വടക്കൻ പറഞ്ഞു. എല്ലാ ജില്ലകളില്‍നിന്നും സമാഹരിച്ച വിശദറിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
« PREV
NEXT »

Facebook Comments APPID