യുറോപ്യന്‍ കമ്ബനിയില്‍ നിന്ന് 2000 കോടി രൂപയുടെ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്കുള്ള ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയെ കരുത്തുറ്റതാക്കുകയാണ്. ആഭ്യന്തര നിര്‍മിത വിമാനവാഹിനിക്ക് പിന്നാലെയാണ് ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ നിര്‍മാണ നേട്ടവും കപ്പല്‍ശാല കൈവരിക്കുന്നത്.
ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച ഡിസിഐ ഗോദാവരിയാണ് 18ന് നീറ്റിലിറക്കുന്നത്. തുടര്‍ന്ന് കപ്പലിന്റെ ഉള്ളറ, ഡോക്ക് തുടങ്ങിയ ഇതര നിര്‍മാണങ്ങള്‍ക്ക് ശേഷം 2026 മാര്‍ച്ച് മാസത്തോടെ ട്രെയ്‌ലിങ് സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍ ഡിസിഐക്ക് കൈമാറും. 2024 സപ്തം. 17ന് കീലിട്ട ഡ്രഡ്ജറിന് 800 കോടി രൂപയാണ് ചെലവ്. 12,000 ക്യുബിക്ക് മീറ്റര്‍ ഹോപ്പര്‍ ശേഷിയുള്ള ഡ്രഡ്ജര്‍ നിര്‍മാണം കപ്പല്‍ശാലയ്‌ക്ക് വന്‍ സാങ്കേതിക വെല്ലുവിളിയായിരുന്നു. ഡച്ച് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ രൂപകല്പന മുതല്‍ നിര്‍മാണം വരെയുള്ള നിര്‍ണായക ഘട്ടങ്ങള്‍ മറികടന്നാണ് ഗോദാവരി നീറ്റിലിറക്കുന്നത്. 127 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജര്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ രാജ്യത്തെ തുറമുഖങ്ങള്‍ക്ക് വലിയ നേട്ടമാണുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.
യുറോപ്യന്‍ കമ്ബനിയില്‍ നിന്ന് 2000 കോടി രൂപയുടെ ഫീഡര്‍ കപ്പല്‍ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ കൊച്ചി കപ്പല്‍ശാല നേടിയിട്ടുണ്ട്. ആറ് ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകളുടെ രൂപകല്പനയും നിര്‍മാണവുമാണ് കപ്പല്‍ശാലയില്‍ നടക്കുക. ഇരുപതടിയുള്ള 1700 കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പലുകളാണ് നിര്‍മിക്കുക. പ്രകൃതിസംരക്ഷിത ഡീ കാര്‍ബണൈസ്ഡ് നിര്‍മാണത്തില്‍ എല്‍എന്‍ജി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന കപ്പലുകളാണ് നിര്‍മിക്കുക ഇതിനുള്ള ലെറ്റര്‍ ഓഫ് ക്രെഡിറ്റില്‍ കപ്പല്‍ശാലയും ഫ്രഞ്ച് കമ്ബനിയും ഒപ്പിട്ടു.

