നേരത്തെ നിയമനാംഗീകാരം നേടുകയും എന്നാല്‍ കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തവരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താനും നിർദേശിച്ചിട്ടുണ്ട്.
കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ നിയമിക്കുകയോ സ്ഥാനക്കയറ്റം നല്‍കുകയോ ചെയ്യുന്ന മാനേജർമാർക്ക് അയോഗ്യത കല്‍പ്പിക്കാനും നിർദേശം നല്‍കി. ഉത്തരവില്‍ നിർദേശിച്ച കാര്യങ്ങള്‍ ഈ മാസം തന്നെ നടപ്പില്‍ വരുത്തണം. നിലവില്‍ നിയമനാംഗീകാരം കാത്തുനില്‍ക്കുന്ന നൂറുകണക്കിന് അധ്യാപകരാണ് ഉത്തരവ് വഴി പുറത്താവുക.
പിന്നീട് യോഗ്യത നേടുമെന്ന കണക്കുകൂട്ടലിലാണ് പല മാനേജ്മെന്‍റുകളും യോഗ്യത പരീക്ഷ ജയിക്കാത്തവരെ നിയമിച്ചത്. 2012 ജൂണ്‍ ഒന്ന് മുതല്‍ നിയമിതരാകുന്ന അധ്യാപകർക്കാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യോഗ്യത പരീക്ഷ നിർബന്ധം. 2011ല്‍ വിദ്യാഭ്യാസ അവകാശചട്ടങ്ങള്‍ നിലവില്‍ വന്നതുമുതല്‍ അഞ്ച് വർഷമായിരുന്നു നിലവിലുള്ളവർക്ക് യോഗ്യത നേടാനുള്ള സമയപരിധി.
ഇതില്‍ 2019-20 വരെ നിയമിതരാകുന്നവർക്ക് ഇളവ് അനുവദിച്ചിരുന്നു.ഇവർ 2020-21ഓടെ യോഗ്യത നേടണമെന്നായിരുന്നു. ഇതിന് ശേഷം നടന്ന പരീക്ഷകളിലും യോഗ്യത നേടാത്തവർക്ക് അവസാന അവസരം എന്ന നിലയില്‍ 2023ലെ ഉത്തരവ് പ്രകാരം പ്രത്യേക പരീക്ഷയും നടത്തി. ഇതിന് പുറമെ വർഷം രണ്ടുതവണ കെ-ടെറ്റ് പരീക്ഷ നടക്കുന്നുമുണ്ട്.
യോഗ്യത നേടാത്തവർക്ക് ഇതിനകം ചുരുങ്ങിയത് പത്ത് അവസരം ലഭിച്ചുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 2019-20 വരെയുള്ളവർക്ക് യോഗ്യത നേടാൻ സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും അതിനുശേഷം നിയമനം നടത്തുന്നതിന് അനുവദിച്ച തീയതിയായ 2021 ജൂലൈ 15 മുതല്‍ കെ-ടെറ്റ് നിർബന്ധവുമാണ്. ഈ സാഹചര്യത്തിലാണ് കർക്കശ നടപടി.
No comments
Post a Comment