അഫ്ഗാൻ ഇന്നിങ്സിന്റെ 47–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പന്തു നേരിട്ട അസ്മത്തുല്ല ഒമർസായി ഒരു റണ്ണാണ് ഓടിയെടുത്തത്. ഇതോടെ നൂർ അഹമ്മദ് ‘സ്ട്രൈക്കേഴ്സ് എൻഡില്‍’ എത്തി. പിന്നാലെ ക്രീസ് വിട്ട് പുറത്തിറങ്ങിയ നൂർ അഹമ്മദ് ഒമർസായിയുമായി സംസാരിക്കാൻ നടന്നപ്പോഴായിരുന്നു ഓസീസ് വിക്കറ്റ് കീപ്പറുടെ നീക്കം.
ബെയ്ൽസ് ഇളക്കിയ ജോഷ് ഇംഗ്ലിസ് വിക്കറ്റിനായി അപ്പീൽ ചെയ്തതോടെ, അംപയർ റിവ്യൂവിനു പോയി. എന്നാൽ പെട്ടെന്ന് വിഷയത്തിൽ ഇടപെട്ട ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തങ്ങൾ അപ്പീൽ പിൻവലിക്കുകയാണെന്ന് അംപയറെ അറിയിക്കുകയായിരുന്നു. നിയമപ്രകാരം പരിശോധിച്ചിരുന്നെങ്കില്‍ ഉറപ്പായിരുന്ന വിക്കറ്റാണ് ഓസ്ട്രേലിയ വേണ്ടെന്നുവച്ചത്. ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ നാടകീയ ഇടപെടലിനു കയ്യടിക്കുകയാണു ക്രിക്കറ്റ് ലോകം. 2023ലെ ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയർസ്റ്റോയെ ഓസ്ട്രേലിയ ഇതേ രീതിയിൽ പുറത്താക്കിയിരുന്നു.
അന്ന് ഒരു പന്ത് മിസ്സാക്കിയ ബാറ്റർ ജോണി ബെയർസ്റ്റോ ക്രീസ് വിട്ട് പുറത്തുപോയ തക്കത്തിന് വിക്കറ്റ് കീപ്പറായിരുന്ന അലക്സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു. ക്യാപ്റ്റനായിരുന്ന പാറ്റ് കമിൻസും അന്നു വിക്കറ്റ് വേണമെന്ന നിലപാടിലായിരുന്നു. ഈ സംഭവത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ബി ഗ്രൂപ്പിൽനിന്ന് ഓസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.
No comments
Post a Comment