BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

'ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല'; ഷഹബാസ് വധക്കേസില്‍ 6 വിദ്യാര്‍ത്ഥികളുടെയും ജാമ്യാപേക്ഷ വീണ്ടും തള്ളി

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
 ജാമ്യം നല്‍കിയാല്‍ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു.
സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടത്തിയ കേസില്‍ നിലവില്‍ ആറ് വിദ്യാര്‍ഥികളെയാണ് പ്രതി ചേര്‍ത്തത്. എന്നാല്‍, അക്രമ ആഹ്വാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ കൂടി പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റാരോപിതരെല്ലാം പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ നിയമോപദേശം സ്വീകരിച്ച്‌ മുന്നോട്ട് പോകാനാണ് പൊലീസിന് ലഭിച്ച നിര്‍ദേശം.
കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്കും പങ്കുണ്ടെന്ന് ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും തെളിവില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മെയ് അവസാനത്തോടെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

സംഘർഷത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ക്ക് പുറമേ അക്രമത്തിന് ആഹ്വാനം നല്‍കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കേസിലെ നിര്‍ണായക തെളിവുകള്‍. ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് ഷഹബാസിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണ്.

അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വ്യാപക വെടിവെപ്പ്, പ്രകോപനം; കനത്ത തിരിച്ചടി നല്‍കി ഇന്ത്യൻ സൈന്യം

അതിർത്തിയില്‍ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നല്‍കി. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായില്ല.

26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിർത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ് സൈന്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സൈന്യം പുറത്തുവിട്ടിരിക്കുകയാണ്. അഞ്ച് ഭീകരരില്‍ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.

അലി ഭായ് എന്നറിയപ്പെടുന്ന തല്‍ഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദില്‍ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തല്‍ഹ എന്നിവരാണ് പാകിസ്താനില്‍ നിന്നുള്ളവർ. ആദില്‍ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.

ഭീകരർക്കായുള്ള വ്യാപക തിരച്ചില്‍ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാല്‍ മേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ കാണും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

ആഢംബര വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് പണി വരുന്നു; പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെ?

മനസ്സിന് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ പലരും അതിന്റെ വില ഒരു പ്രശ്നമായി കാണാറേ ഇല്ല. എന്നാല്‍ ഇനി മുതല്‍ അത് നടപ്പില്ലെന്നതാണ് ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യം വരുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ടിസിഎസ് (ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ്) ഈടാക്കാന്‍ ആണ് പുതിയ തീരുമാനം. ഒരു ശതമാനമായിരിക്കും ഈ ഇനത്തില്‍ ചുമത്തുന്ന നികുതി.

ടിസിഎസ് ശേഖരിക്കുന്നതിനായി പത്ത് വസ്തുക്കള്‍ ഉള്‍പ്പെടുന്ന പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പത്ത് ലക്ഷത്തിന് മുകളില്‍ വില വരുന്നുവെങ്കില്‍ ആണ് ഈ ഇനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ഒടുക്കേണ്ടി വരിക. 2024 ലെ ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായാണ് ആഡംബര വസ്തുക്കളില്‍ ടിസിഎസ് ഏര്‍പ്പെടുത്തുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 206 സി പ്രകാരമാണ് നികുതി ചുമത്തുന്നത്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള മോട്ടോര്‍ വാഹനത്തിന്റെ വില്‍പ്പനയില്‍ നിലവില്‍ സമാനമായി ടിസിഎസ് ഈടാക്കുന്നുണ്ട്.

പത്ത് ലക്ഷം രൂപ വില വരുന്ന ഒരു സാധനത്തിന് പതിനായിരം രൂപയായിരിക്കും നികുതി ഇനത്തില്‍ ഈടാക്കുന്നത്. റിസ്റ്റ് വാച്ചുകള്‍; പുരാവസ്തുക്കള്‍, പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍ തുടങ്ങിയ കലാസൃഷ്ടികള്‍; നാണയങ്ങള്‍, സ്റ്റാമ്ബുകള്‍ പോലുള്ള ശേഖരണവസ്തുക്കള്‍; യാച്ചുകള്‍, റോയിംഗ് ബോട്ടുകള്‍, കനോകള്‍, ഹെലികോപ്റ്ററുകള്‍; സണ്‍ഗ്ലാസുകള്‍; ഹാന്‍ഡ്ബാഗുകള്‍, പഴ്‌സുകള്‍ പോലുള്ള ബാഗുകള്‍; ഷൂസ്; ഗോള്‍ഫ് കിറ്റ്, സ്‌കീ-വെയര്‍ പോലുള്ള സ്‌പോര്‍ട്‌സ് വസ്ത്രങ്ങളും ഉപകരണങ്ങളും; ഹോം തിയറ്റര്‍ സിസ്റ്റങ്ങള്‍; റേസ് ക്ലബ്ബുകളിലോ പോളോയ്‌ക്കോ കുതിരപ്പന്തയത്തില്‍ ഉപയോഗിക്കുന്ന കുതിരകള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ചന്റെ പോസ്റ്റ് 'ടി 5356'; വിവാദ പോസ്റ്റിന് വൻ വിമര്‍ശനം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം മുഴുവൻ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം നിരവധി ബോളിവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത നിശബ്ദത വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ തന്റെ ഒഫീഷ്യല്‍ എക്സ് അക്കൗണ്ടില്‍ അമിതാഭ് ബച്ചന്‍ എഴുതിയത് 'ടി 5356' എന്ന് മാത്രം. മറ്റൊന്നും പറഞ്ഞില്ല. ഇത് പലരും നിശബ്ദതയായി വ്യാഖ്യാനിച്ചു. ഇത്രയും വലിയൊരു ആക്രമണം രാജ്യത്തെ നിരപരാധികള്‍ക്കെതിരെ നടന്നിട്ട് താരം പുലര്‍ത്തുന്ന നിശബ്ദത വലിയ തോതിലാണ് വിമര്‍ശനത്തിന് വിധേയമായത്

ഭാര്യ ജയാ ബച്ചന്റെ രാഷ്ട്രീയ ജീവിതം കണക്കിലെടുത്താണ് അമിതാഭ് പ്രതികരിക്കാത്തതെന്നും ചിലർ ഇതിനെ വ്യാഖ്യാനിക്കുക പോലും ചെയ്തു ഈ എക്സ് പോസ്റ്റിന് താഴെ. 'ഇതിനർത്ഥമെന്താണ്?' 'നിശബ്ദത പാലിക്കാന്‍ കാരണമായ സന്ദർഭമെന്താണ്?' 'നിശബ്ദത പലതും പറയുന്നുണ്ട് അമിത് ജീ' എന്നിങ്ങനെയാണ് ഈ എക്സ് പോസ്റ്റിന് വന്ന മറുപടികള്‍.

ചില നെറ്റിസണ്‍സ് ബിഗ് ബിയെ ട്രോളാൻ തുടങ്ങി. പഹല്‍ഗാം ആക്രമണത്തെ ബോളിവുഡിലെ പ്രമുഖ താരം അവഗണിച്ചുവെന്നാണ് ആരോപണം ഉന്നയിച്ചത്. 'സിനിമാലോകത്തെ മുതിർന്ന നടനാണ് താങ്കള്‍. പക്ഷേ പഹല്‍ഗാം ആക്രമണത്തെക്കുറിച്ച്‌ ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ?' എന്നാണ് ഒരാള്‍ ചോദിച്ചത്.
കശ്മീരില്‍ ഇത്രയും നടന്നിട്ടും ഒരു ആശ്വസ വാക്കെങ്കിലും പറയണ്ടെ എന്നും ചിലര്‍ ചോദിച്ചു. എന്തായാലും 15 മണിക്കൂര്‍ മുന്‍പ് ഇട്ട എക്സ് പോസ്റ്റിന് ശേഷം വിശദീകരണമൊന്നും അമിതാഭ് നല്‍കിയിട്ടില്ല.

പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു. മതം ചോദിച്ച്‌ ഭീകരര്‍ വെടിയുതിർത്തപ്പോള്‍ 26 പേരാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി.

ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.

അതേ സമയം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നല്‍കാൻ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി.

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഫ്രാൻസിസ് മാര്‍പാപ്പയുടെ വിയോഗം; രാജ്യത്ത് 3 ദിവസം ദുഃഖാചരണം

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

നാളെ ഏപ്രില്‍ 22-ാം തീയതിയും 23 ബുധനാഴ്ചയും മൃതശരീരം സംസ്കരിക്കുന്ന ദിവസവും ദുഃഖാചരണം നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇന്നേദിവസം രാജ്യത്തിൻ്റെ ത്രിവർണ പതാക താഴ്ത്തി കെട്ടുന്നതാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ന് ഏപ്രില്‍ 21-ാം തീയതി ഈസ്റ്റർ കഴിഞ്ഞിട്ടുള്ള ആദ്യ തിങ്കളാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യുന്നത്. മരണം സ്ഥിരീകരിച്ച്‌ കഴിഞ്ഞ് നാല് മുതല്‍ ആറാം ദിവസമാകും മാർപാപ്പയുടെ മൃതശരീരം സംസ്കരിക്കുക. യൂറോപ്പ് ഇതരരാജ്യത്ത് നിന്നുള്ള ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം സംസ്കരിച്ചതിന് ശേഷം 18 ദിവസത്തിനുള്ളില്‍ കർദിനാല്‍മരുടെ കോണ്‍ക്ലേവ് കൂടിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്തുക.

വിലയില്‍ പുതിയ റെക്കാഡിട്ട് സ്വര്‍ണം; ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 രൂപ കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച്‌ 75,120 രൂപയായി.

ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്.

ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങള്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു.

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാർജിച്ചതിനാല്‍ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയില്‍ വില ഉയർന്നു. സാമ്ബത്തിക അനിശ്ചിതത്വ കാലയളവില്‍ നിക്ഷേപകർക്ക് മനസ് ഉറപ്പിച്ച്‌ വിശ്വസിക്കാമെന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ ശക്തി. അതിനാല്‍ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. അമേരിക്കൻ ഡോളറിലും കടപ്പത്രങ്ങളിലും വിശ്വാസം കുറഞ്ഞതോടെ വിദേശ നാണയ ശേഖരത്തിലും ഡോളറിന് പകരം സ്വർണം ഇടം നേടുന്നു.

അതേസമയം, സ്വർണവില വർദ്ധിച്ചതോടെ കേരളത്തിലെ കടകളില്‍ തിരക്ക് വളരെ കുറവാണ്. സംസ്ഥാനത്തെ പല കടകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന സ്വർണക്കച്ചവടക്കാരുടെ അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു. വില വർദ്ധനവ് ഇങ്ങനെ തുടർന്നാല്‍ വിവാഹച്ചടങ്ങുകളില്‍ നിന്ന് സ്വർണം അപ്രത്യക്ഷമാകുന്ന കാലം അധികം വൈകാതെ വന്നേക്കാം.

'തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മുൻ കര്‍ണാടക ഡിജിപിയുടെ കൊലപാതകത്തില്‍ ഭാര്യ പല്ലവിയുടെ മൊഴി

കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി നല്‍കി. തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഓം പ്രകാശ് മർദ്ദിച്ചപ്പോള്‍ സ്വയരക്ഷക്കായാണ് തിരികെ കത്തി എടുത്ത് വീശിയത്.

ഇന്നലെ രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഇതിനിടയില്‍ ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തന്നെയും മകളെയും കൊല്ലുമെന്ന് പറഞ്ഞു. രക്ഷപ്പെടാൻ ഓം പ്രകാശിന്‍റെ ദേഹത്തേക്ക് മുളകു പൊടി വിതറി. വെളിച്ചെണ്ണ ഒഴിച്ചു. എന്നിട്ടും ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്ത് മകള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പല്ലവി മൊഴി നല്‍കി.

കർണാടകയിലെ മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പല്ലവിയെയും മകള്‍ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്നും പൊലീസ് വിലയിരുത്തുന്നു. എന്നാല്‍, പല്ലവിയുടെ മൊഴിയടക്കം പരിശോധിക്കുകയാണ് പൊലീസ്.

മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത്‌ എഴുതി വച്ചിരുന്നത്. ഇതിന്‍റെ പേരില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടില്‍ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് നിഗമനം. ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ വിളിച്ച്‌ വിവരം അറിയിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു. 'ഞാനാ പിശാചിനെ കൊന്നു' ('I finished that monster') എന്ന് പല്ലവി പറഞ്ഞെന്ന് സുഹൃത്തിന്‍റെ മൊഴി.

ബംഗളൂരുവിലെ സ്വന്തം വീടിനുള്ളിലാണ് കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓംപ്രകാശിന്‍റെ ദേഹത്ത് കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.68 കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 68 വയസ്സായിരുന്നു.

2015 മുതല്‍ 2017 വരെ കർണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്‌.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊലീസ് മേധാവിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്ബ് ഓം പ്രകാശ് ഫയർ ഫോഴ്സ് മേധാവിയുടേതുള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞു, തകര്‍ന്നുവീണത് ഫൈനലിന് തൊട്ടുമുമ്ബ്; പരിക്കേറ്റത് 52 പേര്‍ക്ക്

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 52 ആയി.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. 
ടൂർണമെന്റിന്‍റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം. മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം.

മത്സരത്തിന് മുമ്ബായി മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിര്‍മിച്ച താത്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു. ഇതാണ് ഗാലറി തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.പരിക്കേറ്റവരില്‍ 45 പേര്‍ കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേര്‍ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്‍റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. രണ്ടാഴ്ചയായി സ്ഥലത്ത് സെവൻസ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്. അവധി ദിവസമായതിനാല്‍ നിരവധി പേരാണ് മത്സരം കാണാനെത്തിയത്. ഗാലറി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

വാട്സാപ്പില്‍ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാല്‍ തൊട്ടുപോകരുത്, ക്രെഡിറ്റ് കാര്‍ഡില്‍നിന്നുവരെ പണംപോകും

ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പില്‍ ലഭിച്ചാല്‍ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡില്‍നിന്നുവരെ അപഹരിക്കപ്പെടും.

എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 20,000 രൂപയാണ് ഇത്തരത്തില്‍ അപഹരിച്ചത്.

എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ

ഏപ്രില്‍ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് സന്ദേശം. ചെലാൻ നമ്ബർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്ബർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്സാപ്പ് നമ്ബറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാല്‍ പണം അടച്ചില്ല. പക്ഷേ, ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.

ഇതിനിടയില്‍ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാല്‍ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരില്‍നിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകള്‍ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.

സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.

പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

പരാതിനല്‍കാൻ പെടാപ്പാട്

പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ 1930 എന്ന നമ്ബറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനല്‍കണമെന്ന് നിർദേശിച്ചു. ആ നമ്ബറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.

ക്രെഡിറ്റ് കാർഡുകാർ പറയുന്നത്

ഡിസ്പ്യുട്ട് ഫോം അടക്കം ഫയല്‍ചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതില്‍ ആരും ഉറപ്പുപറയുന്നില്ല.

സ്വര്‍ണവില എങ്ങോട്ട്?, 71,500 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ കൂടിയത് 1800 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച്‌ പുതിയ ഉയരം കുറിച്ചു.

ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം താഴ്ന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.