BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

പ്ലസ് ടു പരീക്ഷാഫലം മെയ് 21ന്; പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മെയ് 14 ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 444707 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. 413581 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്ണിന് യോഗ്യരായ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. 2025 മെയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.

അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും, അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍ ഇപ്രകാരമാണ്.

ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 2

രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 10

മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം മാർജിനല്‍ സീറ്റ് വർധിപ്പിക്കുക. കൊല്ലം, എറണാകുളം , തൃശൂർ ജില്ലകളിലെ എല്ലാ സ്കൂളുകളിലും 20 ശതമാനം വർധനയുണ്ടാകും. നേരത്തെ പ്രഖ്യാപിച്ച താത്കാലിക ബാച്ചുകള്‍ തുടരുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ ഉറച്ച നടപടി ഉറപ്പ്: നരേന്ദ്ര മോദി

തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരെ ഉറച്ചതും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ - ഇന്ത്യ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അംഗോളന്‍ പ്രസിഡന്റ് ജോവോ മാനുവല്‍ ഗോണ്‍കാല്‍വ്‌സ് ലോറെന്‍കോയുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരത മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 22-നാണ് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
നാല് ആക്രമണകാരികളില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ചേര്‍ന്ന സുരക്ഷാ കാര്യങ്ങളുടെ മന്ത്രിസഭാ സമിതി യോഗത്തില്‍ നീതി തേടുന്നതില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. 'എല്ലാ തീവ്രവാദികളെയും അവരുടെ പിന്തുണക്കാരെയും ഞങ്ങള്‍ തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങള്‍ അവരെ പിന്തുടരും,' അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനുള്ള ശിക്ഷാ നടപടികളുടെ ഭാഗമായി, ഇന്ത്യ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുരയാണ്. കൂടാതെ അട്ടാരി അതിര്‍ത്തി അടച്ചു, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ എല്ലാ വിസകളും റദ്ദാക്കി, പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്കും എക്‌സ് ഹാന്‍ഡിലുകള്‍ക്കും നേരെ വ്യാപകമായ നടപടി സ്വീകരിച്ചു, നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്തി തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട്, 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. അബ്ദാലി വെപ്പണ്‍ സിസ്റ്റം എന്നറിയപ്പെടുന്ന ഈ മിസൈല്‍, 'എക്സര്‍സൈസ് ഇന്‍ഡസ്' എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചതെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത; ജാഗ്രത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി' സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍.

തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറിലേറെ ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.

പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രൈനില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൊച്ചി പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.
എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നല്‍കിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ സമീപിച്ചത്. കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്.

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, ജാഗ്രത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. 
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രി ഇന്നെത്തും; വിഴിഞ്ഞം നാളെ രാജ്യത്തിന് സമര്‍പ്പിക്കും.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും.

വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂർണതോതില്‍ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.

വ്യാഴാഴ്ച വൈകീട്ട് 7.50-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരേ രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ 9.30-ന് രാജ്ഭവനില്‍നിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തുമെത്തും.

10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററില്‍ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.

ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.