BREAKING NEWS
National News

728x90

header-ad

468x60

header-ad

'ഇസ്രയേല്‍ ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നു'; വൻതോതില്‍ ആയുധങ്ങള്‍ സംഭരിക്കുന്നതായി ഇറാൻ മാധ്യമങ്ങള്‍

ഇറാനെതിരെ ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാൻ മാധ്യമങ്ങള്‍. 
അമേരിക്കയില്‍ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വൻതോതില്‍ വിമാനങ്ങളെത്തിയതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇത് ഇസ്രയേല്‍ വലിയ തോതില്‍ ആയുധങ്ങള്‍ സംഭരിക്കുന്നതിൻ്റെ സൂചനയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ആക്രമണശ്രമം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാൻ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ ആക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പും നല്‍കി. ഇറാനില്‍ പുരോഹിത നേതൃത്വം 'ഫത്‌വ' (മതപരമായ വിധി) പുറപ്പെടുവിച്ചതായി ഇറാനിലെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അയത്തൊള്ള മകർറം ഷിറാസിയാണ് ഈ ഫത്‌വ പുറപ്പെടുവിച്ചതെന്നും മെഹർ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു.

അതേസമയം, തങ്ങളുടെ രാജ്യത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അമേരിക്കയും ഇസ്രയേലും ഏറ്റെടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യു.എൻ. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു.

ഇറാൻ്റെ പ്രധാന ആവശ്യങ്ങള്‍

12 ദിവസം നീണ്ടുനിന്ന സംഘർഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യു.എൻ. സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇറാനിലുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ളതിൻ്റെ ഉത്തരവാദിത്വം ഈ രണ്ട് രാജ്യങ്ങളും ഏറ്റെടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ക്രൂരവും നീചവുമായ കുറ്റകൃത്യം നടത്തിയതിൻ്റെ ഉത്തരവാദിത്വം ആക്രമിച്ചവർക്കാണെന്ന് യു.എൻ. സുരക്ഷാ കൗണ്‍സില്‍ നിലപാടെടുക്കണമെന്നും ക്രിമിനല്‍ നടപടിയെടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പ്രകോപനമുണ്ടാക്കിയ സൈനിക തലവന്മാർക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും ഇറാൻ കത്തില്‍ ചൂണ്ടിക്കാട്ടി.

സംഘർഷവും നാശനഷ്ടങ്ങളും

12 ദിവസം നീണ്ടുനിന്ന സംഘർഷത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളായ നാറ്റൻസ്, ഫോർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളില്‍ വലിയ തകർച്ചയുണ്ടായതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഈ സംഘർഷങ്ങളില്‍ 606 പേർ കൊല്ലപ്പെടുകയും 5332 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരടക്കം ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സംഘർഷത്തിൻ്റെ പശ്ചാത്തലം

ജൂണ്‍ 13-ന് ഇറാൻ്റെ സൈനിക താവളങ്ങളെയും ആണവ കേന്ദ്രങ്ങളെയും മറ്റ് സ്ഥലങ്ങളെയും ലക്ഷ്യമാക്കി ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയതോടെയാണ് 12 ദിവസം നീണ്ടുനിന്ന ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. സംഘർഷത്തിനിടെയുണ്ടായ അമേരിക്കയുടെ ആക്രമണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഇറാൻ്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലെ 29 പേർ കൊല്ലപ്പെടുകയും 3400-ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജൂണ്‍ 24-നാണ് ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിർത്തലിന് ധാരണയായത്.
« PREV
NEXT »

Facebook Comments APPID