BREAKING NEWS
National News

728x90

header-ad

468x60

header-ad

വായുവില്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍; ഇന്ത്യക്കാരന്റെ ആയുസ്സ് 8.2 വര്‍ഷം വരെ കുറയുന്നു

ഓരോ ഇന്ത്യക്കാരനും ശ്വസിക്കുന്ന വായുവില്‍ ലോകാരോഗ്യ സംഘടനയുടെ (WHO) സുരക്ഷിത നിലവാരത്തേക്കാള്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോർട്ട്.

ഇത്രയധികം വിഷാംശമുള്ള കണികകളുള്ള വായു ശ്വസിക്കുന്നത് ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് 3.5 വർഷം കുറയ്ക്കുന്നുവെന്നും ഷിക്കാഗോ സർവകലാശാലയുടെ നേതൃത്വത്തില്‍ ഒരു ആഗോള സംഘം തയ്യാറാക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡെക്സില്‍ (AQLI) വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള ഡല്‍ഹിയില്‍ ഓരോ നിവാസിക്കും 8.2 വർഷം ആയുസ്സ് കുറയുന്നുവെന്നാണ് കണ്ടെത്തല്‍.

വടക്കൻ സമതലങ്ങളെ അപേക്ഷിച്ച്‌ ദക്ഷിണേന്ത്യയില്‍ വായു നിലവാരം താരതമ്യേന മെച്ചപ്പെട്ടതാണ്. എന്നാല്‍, വായു മലിനീകരണം ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിലേക്ക് കുറച്ചാല്‍ കർണാടകയില്‍ 1.6 വർഷവും, ആന്ധ്രാപ്രദേശില്‍ 2.1 വർഷവും, തെലങ്കാനയില്‍ 2.4 വർഷവും, തമിഴ്നാട്ടില്‍ 1.7 വർഷവും, കേരളത്തില്‍ 1.3 വർഷവും അധികമായി ആയുസ്സ് വർധിക്കും.

ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളും താമസിക്കുന്ന പ്രദേശങ്ങളില്‍ വാർഷിക ശരാശരി കണികാ മലിനീകരണം (PM 2.5) ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത നിലവാരമായ ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാമിനേക്കാള്‍ കൂടുതലാണ്. ഡല്‍ഹിക്കും വടക്കൻ സമതലങ്ങള്‍ക്കും പുറമെ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കണികാ മലിനീകരണം ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നു. ഈ സംസ്ഥാനങ്ങളിലെ വായുവിന്റെ ഗുണനിലവാരം ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ക്കനുസരിച്ച്‌ മെച്ചപ്പെടുത്തിയാല്‍ ശരാശരി ആയുസ്സില്‍ യഥാക്രമം 3.3, 3.1, 2.8 വർഷം കൂട്ടിച്ചേർക്കാൻ കഴിയും. ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് പോലും, ആ പ്രദേശങ്ങളിലെ കണികാ സാന്ദ്രത ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിലേക്ക് കുറച്ചാല്‍ 9.4 മാസം കൂടുതല്‍ ജീവിക്കാൻ കഴിയും.

വായു മലിനീകരണം ലോകമെമ്ബാടുമുള്ള ആളുകള്‍ക്ക് ആയുസ്സ് കുറയ്ക്കുന്നതിനുള്ള പ്രധാന കാരണമായി തുടരുന്നുവെന്ന് AQLI ഡയറക്ടർ തനുശ്രീ ഗാംഗുലി പ്രസ്താവനയില്‍ പറഞ്ഞു.

സാറ്റലൈറ്റ് ഡാറ്റയും മറ്റ് സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ച്‌ എല്ലാ രാജ്യങ്ങളിലെയും വായു നിലവാരം പരിശോധിക്കുന്ന വാർഷിക പഠനമാണിത്. ലോകം മഹാമാരിക്ക് ശേഷം സാമ്ബത്തിക പ്രവർത്തനങ്ങള്‍ വീണ്ടും തുടങ്ങിയ 2023-ലെ സാഹചര്യമാണ് ഇപ്പോഴത്തെ റിപ്പോർട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
« PREV
NEXT »

Facebook Comments APPID