യുവാക്കള്‍ക്കിടയില്‍ വർധിച്ചുവരുന്ന സ്മാർട്ട്ഫോണ്‍ ആസക്തി കുറയ്ക്കുന്നതിനും, ആളുകളെ കൂടുതല്‍ ഉത്പാദനക്ഷമമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു മാർഗ്ഗനിർദ്ദേശമായാണ് ഈ പദ്ധതിയെ അധികൃതർ കാണുന്നത്. ഇത് ജപ്പാനില്‍ ഇത്തരത്തിലുള്ള ആദ്യത്തെ നീക്കമാണ്.
ഈ നിർദ്ദേശം കർശനമായ നിയമമല്ല, മറിച്ച് ഒരു മാർഗ്ഗനിർദ്ദേശം മാത്രമാണ്. ഇത് ലംഘിക്കുന്നവർക്ക് പിഴയോ മറ്റ് ശിക്ഷകളോ ഉണ്ടാകില്ല. ജോലിക്കും പഠനത്തിനും വേണ്ടിയുള്ള ഉപയോഗം ഈ രണ്ട് മണിക്കൂർ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പദ്ധതിക്ക് കൗണ്‍സിലിൻ്റെ അംഗീകാരം ലഭിച്ചാല്‍ ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും. പ്രൈമറി സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് രാത്രി 9 മണിക്ക് ശേഷവും, മുതിർന്നവർക്ക് രാത്രി 10 മണിക്ക് ശേഷവും സ്മാർട്ട്ഫോണ്‍ ഉപയോഗം ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
ഈ നീക്കം സ്മാർട്ട്ഫോണ്‍ ആസക്തിയെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് വഴിതുറന്നെങ്കിലും, നഗരത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും (ഏകദേശം 80%) ഈ നിർദ്ദേശത്തോട് വിയോജിപ്പുണ്ട്. രണ്ട് മണിക്കൂർ പരിധിയില്‍ ഒരു സിനിമ കാണാനോ പുസ്തകം വായിക്കാനോ പോലും കഴിയില്ലെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തി അറിയിച്ചു. ഈ നീക്കം പൗരന്മാരുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്താനല്ല, മറിച്ച് സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാൻ അവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണെന്ന് ടൊയോവാകെ മേയർ മസാഫുമി കോക്കി പ്രസ്താവനയില്‍ വ്യക്തമാക്കി. തിരക്കുകള്‍ക്കിടയില്‍ ആളുകള്‍ ഉറക്കവും കുടുംബത്തോടൊപ്പമുള്ള സമയവും പോലും സ്മാർട്ട്ഫോണുകള്‍ക്കായി നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം വേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

