ടോള്‍ റോഡുകളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവുമനുസരിച്ചുള്ള യാത്രാ സൗകര്യം നല്‍കേണ്ടത് കരാറിലെ വ്യവസ്ഥയാണെന്നിരിക്കെ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ദുരിതവും യാത്രകുരുക്കും സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിലും വർഷങ്ങളായി തുടരുന്ന ടോള്‍ പിരിവ് അവസാനിപ്പിക്കുവാൻ ദേശീയപാതാ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐ തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മണ്ണുത്തി അങ്കമാലി റോഡില്‍ ആമ്ബല്ലൂർ, പേരാമ്ബ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. ബദല്‍ യാത്രാ സൗകര്യമൊരുക്കാതെ ദേശീയപാത അടച്ചുകെട്ടരുതെന്ന് ജനപ്രതിനിധികളും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാതെ അടിപ്പാതകള്‍ നിർമ്മിക്കുന്നതിന്റെ പേരില്‍ ദേശീയ പാത അടച്ചുകെട്ടി. ടോള്‍ പിരിവ് ആരംഭിച്ച് 13 വർഷം കഴിഞ്ഞിട്ടും കരാറില്‍ പറഞ്ഞിട്ടുള്ള സർവീസ് റോഡുകള്‍, നിലവാരമുള്ള ഡ്രൈനേജുകള്‍, ലൈറ്റുകള്‍, ബസ് ബേകള്‍ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല.
പലയിടത്തും സർവീസ് റോഡുകള്‍ തകർന്ന നിലയിലാണ്. പുതിയ അടിപ്പാതകളുടെ നിർമാണം ആരംഭിച്ച ശേഷം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ദുരിതവും സമയനഷ്ടവുമാണ്. ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികള്‍ക്കും ടോള്‍ റോഡ് നിർമാണം സംബന്ധിച്ച് നല്‍കിയ മുൻകാല ഉറപ്പുകള്‍ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തില്‍ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നും സിപിഐ ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
No comments
Post a Comment