നിരവധി മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 5 ലക്ഷം രൂപ കടന്ന് കഴിഞ്ഞു. ദക്ഷിണ കശ്മീരില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിർത്തി വ്യാപാരത്തിനായി അടച്ചതിനു ശേഷമാണ് ഈ സംഭവവികാസം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വർദ്ധിച്ചത്. അതിർത്തി അടയ്ക്കുന്നതിനും മുമ്ബ്, ഏറ്റവും ഉയർന്ന നിലവാരമുള്ള കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 4.25 ലക്ഷം മുതല്‍ 4.50 ലക്ഷം രൂപ വരെയായിരുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 1,600 മീറ്റർ മുതല്‍ 1,800 മീറ്റർ വരെ ഉയരത്തില്‍ വളരുന്ന ലോകത്തിലെ ഏക കുങ്കുമപ്പൂവ് ഇന്ത്യയില്‍ നിന്നുള്ള കുങ്കുമപ്പൂവാണ്. ഇക്കണോമിക് ടൈംസ് പ്രകാരം, കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂവ് ഉയർന്ന നിലവാരമുള്ളതാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ കശ്മീരില്‍ പ്രതിവർഷം ആറ് മുതല്‍ ഏഴ് ടണ്‍ വരെ കുങ്കുമം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കിയുള്ളത് ലോകത്തിലെ ഏറ്റവും വലിയ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അഫ്ഗാനിസ്ഥാൻ കുങ്കുമപ്പൂവ് അതിന്റെ തീവ്രമായ നിറത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്, അതേസമയം ഇറാനിയൻ കുങ്കുമപ്പൂവ് വിലകുറഞ്ഞ ഓപ്ഷനാണെന്ന് കരുതപ്പെടുന്നു.
ഇറാനിയൻ കുങ്കുമപ്പൂവിന്റെ വിലയും അഞ്ച് ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ സ്പെയിൻ, ഗ്രീസ്, അസർബൈജാൻ, മൊറോക്കൊ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം കുങ്കുമം കൃഷി ചെയ്യുന്നതില്‍ മുൻപന്തിയില്‍ നില്‍ക്കുന്നത്. ആഗോള കുങ്കുമകൃഷിയുടെ 80 ശതമാനവും നടക്കുന്നത് ഈ രാജ്യങ്ങളിലാണ്. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ പ്രതിവർഷം ഏകദേശം 55 ടണ്‍ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്. കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ. ഒരു കിഴങ്ങ് വളർന്നു ചെടിയായാല്‍ അതില്‍ നിന്ന് പത്തോളം കിഴങ്ങുകള്‍ ഉണ്ടാക്കാൻ കഴിയും. വസന്തകാലത്തില്‍ നടുന്ന കുങ്കുമക്കിഴങ്ങുകള്‍ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതല്‍ പതിനൊന്നു വരെ ഇളംതണ്ടുകള്‍ മണ്ണിനു പുറത്തേക്കു വരുന്നു.
ശിശിരകാലമാകുമ്ബോള്‍ പർപ്പിള്‍ നിറത്തിലുള്ള പൂമൊട്ടുകള്‍ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി വയലറ്റ് -ലൈലാക് നിറത്തിലുള്ള പൂക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇതിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകള്‍ (ജനിദണ്ഡ്) ആണ് സുഗന്ധവ്യഞ്ജനമായി വേര്‍തിരിച്ചെടുക്കുന്നത്. ഏകദേശം 150 പൂക്കളില്‍നിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കമപ്പൂ ലഭിക്കുക. കുങ്കുമപ്പൂവ് മൂന്ന് പ്രധാന ഇനങ്ങള്‍ ആണുള്ളത്.
മോംഗ്ര (കാശ്മീർ) - കടും ചുവപ്പ് നിറത്തിലുള്ള, ഏറ്റവും ശക്തമായ രുചിയുള്ള ഏറ്റവും വില കൂടിയതും ഇതാണ്.
ലാച്ച (കാശ്മീർ) - അല്പം കുറഞ്ഞ വീര്യമുള്ള കുങ്കുമപ്പൂവ്
പുഷാല്‍ (അഫ്ഗാൻ, ഇറാൻ) - മഞ്ഞ നിറമുള്ള നേരിയ കുങ്കുമ നാരുകള്‍. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞത്.
കുങ്കുമത്തിന്റെ തീവിലക്ക് കാരണം പരിപാലിക്കാനും വിളവെടുക്കാനും വിളവെടുത്ത് അത് ഉണക്കിയെടുക്കുന്നതിനുമുള്ള ബുദ്ധിമുട്ടാണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കണം. അല്ലാത്തപക്ഷം പൂപ്പല്‍ പിടിച്ച് അത് ഗുണമില്ലാതാവും. ഉണക്കുന്നത് ശ്രമകരമായി ജോലിയാണ്. ലോഹം കൊണ്ടുണ്ടാക്കിയ അരിപ്പക്ക് മുകളില്‍ കുങ്കുമം വെക്കുന്നു. എന്നിട്ട് കല്‍ക്കരി അഥവാ മരം ഈ അരിപ്പക്ക് കീഴെ വച്ച് കത്തിക്കുന്നു. താപനില 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാം അതിനുശേഷം, വായുസഞ്ചാരമില്ലാത്ത ഗ്ലാസ് കുപ്പികളില്‍ അടച്ചുവച്ച് സൂക്ഷിക്കുന്നു.
ദി ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം , പാംപോർ, ബുഡ്ഗാം, പുല്‍വാമ, ശ്രീനഗർ, ജമ്മുവിലെ കിഷ്ത്വാർ ജില്ല എന്നിവിടങ്ങളില്‍ ആണ് കശ്മീരി കുങ്കുമം കൃഷി ചെയ്യുന്നത്. ഇന്ത്യ ഇന്റർനാഷണല്‍ കശ്മീർ കുങ്കുമപ്പൂവ് ട്രേഡിംഗ് സെന്റർ പ്രകാരം, കശ്മീരിലെ കുങ്കുമപ്പൂ കൃഷി ബിസി 500 മുതലുള്ളതാണ്. 2020-ല്‍ കശ്മീരി കുങ്കുമപ്പൂവിന് ഭൂമിശാസ്ത്രപരമായ സൂചന (ജിഐ) ടാഗ് ലഭിച്ചു - ലോകത്തിലെ ഏക ജിഐ ടാഗ് ചെയ്ത സുഗന്ധവ്യഞ്ജനമാണിത്. ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ളതും ,ഗുണങ്ങളോ പ്രശസ്തിയോ ഉള്ളതുമായ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഒരു അടയാളമാണ് ജിഐ ടാഗ്. ജിഐ സർട്ടിഫിക്കേഷൻ കശ്മീരി കുങ്കുമപ്പൂവില്‍ വ്യാപകമായ മായം ചേർക്കുന്നത് തടയും, അതുവഴി, കുങ്കുമപ്പൂവിന് വളരെ മികച്ച വില ലഭിക്കും. കശ്മീരി കുങ്കുമപ്പൂവ് ഭക്ഷണത്തിലും, ഔഷധ ആവശ്യങ്ങള്‍ക്കും, സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു, കൂടാതെ ഇന്ത്യയിലുടനീളമുള്ള മതപരമായ ആചാരങ്ങളുടെ ഭാഗവുമാണ്.