BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Latest. Show all posts
Showing posts with label Latest. Show all posts

ആശാവര്‍ക്കര്‍മാരുടെ സമരം അടുത്ത ഘട്ടത്തിലേക്ക്

192 ദിവസങ്ങള്‍ പിന്നിട്ട ആശാവര്‍ക്കേസിന്റെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം അടുത്തഘട്ടത്തിലേക്ക്. ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്‍.എച്ച്‌.എം. ഓഫീസ് മാര്‍ച്ച്‌ സംഘടിപ്പിക്കും.
 ഓണറേറിയം വര്‍ദ്ധിപ്പിക്കുക, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സന്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുക, ഉത്സവ ബത്ത 10,000 രൂപ നല്‍കുക തുടങ്ങിയവയാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.

മാര്‍ച്ച്‌ നടത്തുമെന്ന് ചൂണ്ടിക്കാട്ടി മുന്‍പേ തന്നെ നോട്ടീസ് നല്‍കിയിട്ടും എന്‍ എച്ച്‌ എം സംസ്ഥാനത്തുടനീളം ആശ മാര്‍ക്ക് പരിശീലന പരിപാടികള്‍ വച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധത്തിനൊടുവില്‍ പരിശീലന പരിപാടി ഉച്ചയ്ക്ക് ശേഷമാക്കി ക്രമീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസം 10നാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം നിര്‍ത്തില്ലെന്നാണ് ആശാ വര്‍ക്കേഴ്സ് പറയുന്നത്. 1000 പ്രതിഷേധസദസ്സുകളാണ് സംസ്ഥാനത്തുടനീളം ആശാ വര്‍ക്കര്‍മാര്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സെക്രട്ടറിയേറ്റ് പടിക്കലെ സമരവും തുടരുമെന്നും ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

രാഷ്ട്രപതിക്കും ഗവര്‍ണ്ണര്‍ക്കും ബില്ലുകളില്‍ സമയപരിധി; അമിതാധികാര പ്രയോഗമാണെന്ന് സുപ്രീംകോടതിയെ അറിയിച്ച്‌ കേന്ദ്രം

രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ചതിനെ എതിർത്ത് കേന്ദ്ര സർക്കാർ. ഇത് രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാപരമായ അധികാരങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാമെന്നും, അമിതാധികാര പ്രയോഗമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്.

ഗവർണർമാർ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ മനഃപൂർവ്വം കാലതാമസം വരുത്തുന്നുവെന്ന് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ രാഷ്ട്രപതി തന്നെ പ്രസിഡന്റ് റെഫറൻസ് വഴി സുപ്രീംകോടതിയെ സമീപിച്ചു. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് റെഫറൻസില്‍ ചൂണ്ടിക്കാട്ടി. ഇതിനെ പിന്തുണച്ചുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.

സുപ്രീംകോടതിക്ക് ഭരണഘടനയുടെ അനുച്ഛേദം 142 ഒരു പ്രത്യേക അധികാരം നല്‍കുന്നുണ്ട്. ഏതെങ്കിലും കേസില്‍ സമ്ബൂർണ നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും ഇത് കോടതിക്ക് അധികാരം നല്‍കുന്നു. അയോധ്യ കേസ് ഉള്‍പ്പെടെയുള്ള പല പ്രധാന കേസുകളിലും ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാൻ സമയപരിധി നിശ്ചയിക്കുന്നത് ഈ അനുച്ഛേദത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ: മുഖ്യമന്ത്രി

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച തങ്കമണി, വാഗമണ്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിച്ചു.

കഴിഞ്ഞ ഒമ്ബത് വര്‍ഷക്കാലമായി പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കുമിത് ബോധ്യപ്പെടും. പോലീസ് സ്റ്റേഷന്‍ എന്നു കേള്‍ക്കുമ്ബോള്‍ മനസ്സില്‍ വരുന്ന പഴയ സങ്കല്‍പ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ കസേരയുണ്ട്, സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുണ്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നല്‍കാന്‍ സാധിച്ചുവെന്നതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന്. കര്‍ത്തവ്യബോധത്തില്‍ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവര്‍ത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തില്‍ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് യാതൊരുവിധമായ തടസ്സമോ സമ്മര്‍ദ്ദമോ ഇല്ല. സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തമായി തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് സേനയെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി നടന്നു കൊണ്ടിരിക്കുന്നതെന്ന് തങ്കമണി പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പോലീസിനെ ശാക്തീകരിച്ചു മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ആധുനിക അന്വേഷണരീതികള്‍ നല്ല രീതിയിലാണ് കേരള പൊലീസ് പ്രയോഗിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനവും മികച്ച്‌ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, മന്ത്രി പറഞ്ഞു.

തങ്കമണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ എം. എം മണി എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ. എം, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി തോമസ് കാവുങ്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ചിഞ്ചുമോള്‍ ബിനോയി, എം. ജെ ജോണ്‍, എന്‍. ആര്‍ അജയന്‍, ചെറിയാണ കട്ടക്കയം, റീന സണ്ണി, വി. എന്‍ പ്രഹ്‌ളാദന്‍, ജോസ് തൈച്ചേരില്‍, ജിന്റു ബിനോയി, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

വാഗമണ്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടന സമ്മേളനത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഏലപ്പാറ ഗ്രാമപഞ്ചായത്ത്
പ്രസിഡൻ്റ് മറിയാമ്മ തോമസ്,ജില്ലാ പഞ്ചായത്ത് അംഗം കെ. റ്റി. ബിനു,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രദീപ്,പഞ്ചായത്ത് അംഗം പ്രദീപ് കുമാർ,പീരുമേട് ഡി.വൈ. എസ്. പി വിശാല്‍ ജോണ്‍സണ്‍,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ. ആര്‍ ബിജു അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് നിര്‍വഹിച്ചു. ഇടുക്കി ഡിവൈഎസ്പി രാജന്‍ അരമന, ഇടുക്കി എസ്. എച്ച്‌. ഒ സന്തോഷ് സജീവ്, കുളമാവ് എസ്. എച്ച്‌. ഒ ടോണി ജെ.മറ്റം, ജില്ലാ ക്യാമ്ബ് ആര്‍എഎസ്‌ഐ ഡിഎച്ച്‌ക്യു ബൈജു. ആര്‍, ജില്ലാ ക്യാമ്ബ് ആര്‍എസ്‌ഐ ഡിഎച്ച്‌ക്യു ജമാല്‍ പി.എച്ച്‌, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്ന് നിലകളിലായാണ് തങ്കമണി,വാഗമണ്‍ പോലീസ് സ്റ്റേഷനുകള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, റെക്കോര്‍ഡ് റൂം, മൂന്ന് ലോക്കപ്പുകള്‍, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉള്‍പ്പെടെ 23 റൂമുകളും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തങ്കമണി പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി രണ്ട് കോടി നാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും വാഗമണ്‍ | പോലീസ് സ്റ്റേഷന് 1.99 കോടി രൂപയുമാണ് നിര്‍മ്മാണ ചെലവ്.

ഇടുക്കി പോലീസ് ക്യാമ്ബില്‍ നിര്‍മ്മിച്ചിരിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നിര്‍മ്മാണത്തിനായി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി പതിനാറായിരം രൂപയാണ് വിനിയോഗിച്ചത്. ഇരുനിലകളിയായി നിര്‍മ്മിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം, എഎന്‍പിആര്‍, തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുറികളും നിര്‍മ്മിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാങ്ങുന്നതിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കമന്‍റ്: കേസ് റദ്ദാക്കി ഹൈക്കോടതി

സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുന്നതിന് ക്രിമിനല്‍ കേസെടുക്കുന്ന നടപടി ഭരണഘടന നല്‍കുന്ന സ്വതന്ത്ര അഭിപ്രായപ്രകടനത്തിനുള്ള അവകാശലംഘനമെന്ന് കോടതി വിലയിരുത്തി.

നിയമത്തിനുള്ളില്‍ നിന്ന് വിമർശനമുന്നയിക്കാൻ പൗരന് സ്വതന്ത്രമുണ്ട്. അത്തരം വിമർശനങ്ങള്‍ക്ക് ക്രിമിനല്‍ കേസെടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത് സൂക്ഷിച്ച്‌ വേണമെന്നതാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം കാസർകോട് സ്വദേശികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. കലാപ ആഹ്വാനത്തിനും, ദുരന്തനിവാരണ നിയമ ലംഘനത്തിനുമുള്ള വകുപ്പുകള്‍ ചുമത്തിയത്.

ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസിലെ തുടർനടപടികള്‍ റദ്ദാക്കി. ജനാധിപത്യത്തില്‍ ന്യായമായ വിമർശനം ഉന്നയിക്കാനും വിയോജിക്കാനും അവകാശമുണ്ട്. വിമർശനവും വിയോജിപ്പും പ്രകടിപ്പിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ ചൂണ്ടിക്കാട്ടി.

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 4 വരെ: മഞ്ഞ കാര്‍ഡുകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഓണക്കിറ്റ് ലഭിക്കുന്നത്.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. മഞ്ഞ കാര്‍ഡുകള്‍ക്കും (അന്ത്യോദയ അന്നയോജന) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഓണക്കിറ്റ് ലഭിക്കുന്നത്.
അന്തേവാസികള്‍ക്ക് നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലാണ് വിതരണം.
ഓഗസ്റ്റ് 18 മുതല്‍ കിറ്റ് വിതരണം ആരംഭിക്കും. സെപ്റ്റംബര്‍ നാലിനാണ് വിതരണം അവസാനിക്കുന്നത്. ഓണക്കിറ്റ് വിതരണത്തിനായി 42.83 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 5,92,657 അന്നയോജന കാര്‍ഡ് ഉടമകള്‍ക്കും 10,634 ക്ഷേമവിഭാഗത്തിനും ഉള്‍പ്പെടെ ആകെ 6,03,291 കിറ്റുകളാണ് വിതരണത്തിനെത്തുന്നത്.

14 അവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരിക്കുക. കയറ്റിറക്ക് കൂലി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ ചാര്‍ജുകള്‍ ഉള്‍പ്പെടെ ഏകദേശം 710 രൂപയാണ് ഒരു കിറ്റിന് ചെലവ് വരുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വെച്ച്‌ പാക്ക് ചെയ്ത സാധനങ്ങള്‍ വരുംദിവസങ്ങളില്‍ റേഷന്‍ കടകളിലെത്തും.

കിറ്റില്‍ എന്തെല്ലാം?

പഞ്ചസാര- 1 കിലോഗ്രാം
ഉപ്പ്- 1 കിലോഗ്രാം
വെളിച്ചെണ്ണ- 500 മില്ലി ലിറ്റര്‍
തുവരപരിപ്പ്- 250 ഗ്രാം
ചെറുപയര്‍ പരിപ്പ്- 250 ഗ്രാം
വന്‍പയര്‍- 250 ഗ്രാം
ശബരി തേയില- 250 ഗ്രാം
പായസം മിക്‌സ്- 250 ഗ്രാം
മല്ലിപ്പൊടി- 100 ഗ്രാം
മഞ്ഞള്‍പൊടി- 100 ഗ്രാം
സാമ്ബാര്‍ പൊടി- 100 ഗ്രാം
മുളക് പൊടി- 100 ഗ്രാം
മില്‍മ നെയ്യ്- 50 മില്ലി ലിറ്റര്‍
അണ്ടിപരിപ്പ്- 50 ഗ്രാം
തുണി സഞ്ചി

സംസ്ഥാനത്ത് കള്ളക്കടല്‍ ജാഗ്രത;ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 08.30 വരെ 1.2 മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി (നീരോടി മുതല്‍ ആരോഗ്യപുരം വരെ) തീരത്ത് ഇന്ന് രാത്രി 08.30 വരെ 1.3 മുതല്‍ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പേരില്‍ സാധാരണക്കാര വേട്ടയാടി വനം വകുപ്പ്; പരാതിക്കാര്‍ക്ക് അനുകൂല വിധി വന്നാല്‍ ഭൂമി ഇഎഫ്‌എല്ലാക്കി പ്രഖ്യാപിക്കും

വെസ്റ്റിങ്ങ് ആൻഡ് അസൈയ്മെന്റ് ആക്റ്റ് പരാതിക്കാർക്ക് അനുകൂല വിധി വന്നാല്‍ ഭൂമി ഇഎഫ്‌എല്ലാക്കി പ്രഖ്യാപിച്ച്‌ വനംവകുപ്പിന്റെ പ്രതികാരം.

വർഷങ്ങളായി ഭൂമിയില്‍ കൃഷി ചെയ്യുന്ന സാധാരണക്കാർക്ക് ഭൂമി തിരിച്ചു നല്കാതിരിക്കാനാണ് വനംവകുപ്പിന്റെ കള്ളക്കളി. ഇത്തരം സ്ഥലങ്ങളില്‍ വൻകിടക്കാർക്ക് ക്വാറി നടത്താൻ ഉള്‍പെടെ അനുമതിയുണ്ട് എന്നതാണ് മറ്റൊരു കൗതുകം.

വെസ്റ്റിങ്ങ് ആൻ്റ് അസൈയ്ൻമെൻ്റ് ആക്റ്റ് പ്രകാരംഎരിമയൂർ പടേയ്റ്റി സ്വദേശിയായ ജയപ്രകാശിൻ്റെ രണ്ട് ഏക്കർ 15 സെൻ്റ് സ്ഥലം വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഭൂമി ജയപ്രകാശനിവിട്ട് നല്‍കാൻ 1980 ല്‍ ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഈ ഉത്തരവിന് എതിരെ വനം വകുപ്പ് അപ്പീല്‍ പോയില്ല . 28 വർഷമായിട്ടും ഭൂമി റസ്റ്റോർ ചെയ്ത് നല്‍കാത്തതിനാല്‍ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഈ ഭൂമി വനം വകുപ്പ് പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ച്‌ വനംവകുപ്പ്തിരിച്ചടിച്ചു.

എരിമയൂർ പടേയ്റ്റിയില്‍ 90 സെൻ്റ് ഭൂമിയുള്ള പ്രമോദ് , ഒരു ഏക്കർ 90 സെൻ്റ് ഉള്ള മണികണ്ഠൻ , 4 .45 ഏക്കർ ഭൂമിയുഉള്ള വേലായുധൻ എന്നിവരും വനംവകുപ്പിനതിരായ നിയപോരാട്ടം വിജയിച്ചവരാണ്. എന്നാല്‍ ഇതെല്ലാം പിന്നീട് ഇഎഫ്‌എല്ലായി പ്രഖ്യാപിക്കുകയായിരുന്നു. കേരളശ്ശേരിയിലെ സഹോദരിമാരായ മേരികുട്ടി, ലില്ലി കുട്ടി എന്നിവരുടെ അനുഭവവും സമാനമാണ്.

ഇഎഫ്‌എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇഎഫ്‌എല്‍ ട്രൈ ബ്രൂണലിനെ സമീപിക്കുക മാത്രമാണ് ഭൂവുടമകള്‍ക്ക് ചെയ്യാൻ കഴിയുന്ന കാര്യം. എന്നാല്‍ ഇത്തരം ഇഎഫ്‌എല്‍ പ്രഖ്യാപനമൊന്നും വൻകിടക്കാരുടെ കൈവശം ഉള്ള ഭൂമിയില്‍ വനം വകുപ്പും നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

'റിച്ചായി ബെവ്കോ', മദ്യം വില്‍ക്കാൻ മൂന്നുനില AC കെട്ടിടം; കേരളത്തിലെ ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ് തൃശ്ശൂരിൽ.

തൃശ്ശൂരിലാണ് സംസ്ഥാനത്തെ ആദ്യ സൂപ്പർ പ്രീമിയം ബീവറേജ്സ് ഔട്ട്ലൈറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 'ഹൈ സ്പിരിറ്റ്സ് എ ബെവ്കോ ബുട്ടീക്ക്' എന്ന പേരിലാണ് ഔട്ട്ലെറ്റ്.
മൂന്ന് നിലകളിലായി പൂർണമായും ശീതീകരിച്ച കെട്ടിടം. 20,000 ബോട്ടിലുകള്‍ വരെ ഡിസ്പ്ലേ ചെയ്യാനുള്ള സ്ഥലസൗകര്യം. പേരുപോലെ, സൂപ്പർ പ്രീമിയം, അതായത് വില കൂടിയ മദ്യ ബ്രാൻഡുകളാണ് ഹൈലൈറ്റ്. എങ്കിലും 250 രൂപ മുതലുള്ള മദ്യവും ഔട്ട്ലെറ്റില്‍ കിട്ടും. ബിയർ വെന്റിങ് മെഷീനും ഇവിടെയുണ്ട്. ആവശ്യമുള്ള ബ്രാൻഡ് തിരഞ്ഞെടുത്ത് പണമടച്ചാല്‍ ബിയർ നേരെ കൈകളിലെത്തും.

കസ്റ്റമേഴ്സിന് മികച്ച എക്സ്പീരിയൻസ് കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് ബെവ്കോയുടെ ഇത്തരമൊരു ഉദ്യമം. ഇവിടെ വരുന്ന ആരും മദ്യം ക്യൂനിന്ന് വാങ്ങേണ്ടി വരില്ല. മുകളിലേക്ക് കയറാൻ ലിഫ്റ്റുണ്ട്. മദ്യം വാങ്ങാൻ വരുമ്ബോള്‍ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കിട്ടുമോയെന്ന ടെൻഷനും വേണ്ട. പാർക്കിങ്ങിനും സൗകര്യവുമുണ്ട്.

പ്രീമിയം ഔട്ട്ലെറ്റുകളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള മദ്യക്കുപ്പി മോഷണവും ഇവിടെ നടക്കില്ല. ആർഎഫ് ഐഡി ടാഗുള്ള കുപ്പികളാണ് എല്ലാ റാക്കുകളിലുമുള്ളത്. ആരെങ്കിലും ബാഗിനകത്തോ മറ്റോ ആക്കി കൊണ്ടുപോകാൻ ശ്രമിച്ചാല്‍ അലാം മുഴങ്ങും.

കേരളത്തിലെ എല്ലാ ജില്ലകളിലും ഇതുപോലെ ഒരു സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് എങ്കിലും ആരംഭിക്കാനാണ് ബെവ്കോയുടെ പദ്ധതി. വൈകാതെ കൊച്ചിയിലും കോഴിക്കോടും ഇടുക്കിയിലും സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകള്‍ ഓപ്പണ്‍ ചെയ്യും.

പെട്രോള്‍ പമ്ബുകളിലെ ടോയ്‌ലെറ്റുകള്‍ പൊതുജനത്തിനും ലഭ്യമാക്കണമെന്ന് എണ്ണക്കമ്ബനികള്‍

പെട്രോള്‍ പമ്ബുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് എണ്ണക്കമ്ബനികള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ഡീലര്‍മാരുമായുള്ള കരാറില്‍ പമ്ബുകളിലെ ടോയ്‌ലെറ്റുകള്‍ പൊതു ശൗചാലയങ്ങളായി കണക്കാക്കണമെന്നു വ്യവസ്ഥയുണ്ടോയെന്ന് മറുപടി സത്യവാങ്മൂലമായി നല്‍കണമെന്ന് കോടതി നിർദേശിച്ചു.

ഡീലര്‍ഷിപ്പ് കരാറില്‍ വ്യവസ്ഥയില്ലെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നാണു വ്യവസ്ഥയെന്ന് എണ്ണക്കമ്ബനികള്‍ വിശദീകരിച്ചു.

യാത്രക്കാര്‍ എന്നതില്‍ പൊതുജനങ്ങള്‍കൂടി ഉള്‍പ്പെടുമെന്നും വാക്കാല്‍ മറുപടി നല്‍കി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്‌പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ എണ്ണക്കമ്ബനികളോടു കോടതി നിര്‍ദേശിച്ചു.

പെട്രോള്‍ പമ്ബുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളെന്നു വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പെട്രോളിയം ഡീലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആലപ്പുഴ ബീച്ച് വാർഡിലെ മാലിന്യം നീക്കം ചെയ്യാൻ തുടങ്ങി.

മാസങ്ങൾ പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങൾ അടങ്ങിയതുമായ പ്ളാസ്റ്റിക് മാലിന്യങ്ങൾ ജനപക്ഷം വാർത്തകളാണ് അധികാരികളുടെ മുന്നിൽ എത്തിച്ചത്.
ബഹുമാനപ്പെട്ട ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലീൻ പ്ലാനറ്റ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് അടിയന്തരമായി നീക്കം ചെയ്യാനാണ് ഉത്തരവ്.

റെയിൽവേ നിർദേശം അനുസരിച്ചാണ് ക്ലീൻ ഫ്ളാറ്റ് മാലിന്യം നീക്കം ചെയ്യുന്നത് 
ഇന്നു തന്നെ മുഴുവൻ മാലിന്യവും നീക്കം ചെയ്യുമെന്നാണ് നീക്കം ചെയ്യുന്ന കമ്പനി പ്രതിനിധികൾ പറഞ്ഞത്.

പാലിയേക്കരയില്‍ ഒരുമാസത്തെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി, ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നി‌ര്‍ദേശം.

പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിർദേശം നല്‍കി.

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ് ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോള്‍വിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം .

ടോള്‍ നല്‍കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ദേശീയപാത അധികൃതർക്ക് ബാധ്യതയുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.

'പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു': അടൂര്‍ ഗോപാലകൃഷ്ണനെതിരേ പോലിസില്‍ പരാതി.

ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തില്‍ പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി.

സാമൂഹിക പ്രവർത്തകൻ ദിനു വെയില്‍ ആണ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമർശങ്ങള്‍ എസ് സി - എസ് ടി ആക്‌ട് പ്രകാരം കുറ്റകരമെന്ന് പരാതിയില്‍ പറയുന്നു. എസ് സി - എസ് ടി കമ്മീഷനും ദിനു വെയില്‍ പരാതി നല്‍കിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.

അതേസമയം, അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംവിധായകൻ ഡോ. ബിജു രംഗത്തെത്തി. പുറത്തുവന്നത് ഫ്യൂഡല്‍ ചിന്താഗതിയെന്ന് സംവിധായകൻ ഡോ. ബിജു വിമർശിച്ചു. അടൂരിനെ പോലുള്ളവർ കൂടുതല്‍ സാമൂഹിക ബോധ്യത്തോടെ പെരുമാറണം. പട്ടിക വിഭാഗക്കാർക്കും വനിതകള്‍ക്കും മാത്രം പരിശീലനം എന്തിനാണെന്ന് ഡോ. ബിജു ചോദിച്ചു. ഇവർ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തില്‍ നിന്നാണ് അടൂരിന്റെ വാക്കുകളെന്നും ഡോക്ടർ ബിജു പറഞ്ഞു.

ദളിത്, സ്ത്രീ സംവിധായകർക്ക് സിനിമയെടുക്കാൻ ഗ്രാൻ നല്‍കാനുള്ള സർക്കാർ തീരുമാനം ധീരമാണെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ മധു പ്രതികരിച്ചു. സർക്കാർ നയം ചലച്ചിത്ര വികസന കോർപ്പറേഷൻ പിന്തുടരും. അടൂർ ഗോപാലകൃഷ്ണനും ശ്രീകുമാരൻ തമ്ബിയും ഗുരുസ്ഥാനീയരായതിനാല്‍ വിവാദപരാമർശങ്ങളില്‍ കൂടുതല്‍ പറയുന്നില്ലെന്നും കെ മധു പറഞ്ഞു.

ഭാരത് ജോഡോ യാത്ര സമയത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ജോഡോ യാത്ര സമയത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയിലാണ് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.

ചൈനീസ് സൈന്യം “2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം പിടിച്ചെടുത്തെന്നായിരുന്നു രാഹുല്‍ ഗാന്ധി അന്ന് നടത്തിയ പ്രസ്താവന.
ഇന്ത്യക്കാരൻ ആണെങ്കില്‍ ഇത്തരത്തില്‍ പറയരുതായിരുന്നുവെന്ന് സുപ്രീംകോടതി വിമർശിച്ചു.

നിങ്ങള്‍ എന്തിനാണ് മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലോ ഇത് പറയുന്നത് എന്നും 2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം പിടിച്ചെടുത്തെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലായെന്നും കോടതി പറഞ്ഞു.
രാഹുലിനെതിരേയുണ്ടായ ക്രിമിനല്‍ മാനനഷ്ട കേസുകള്‍ സ്റ്റേ ചെയ്തുകൊണ്ടായിരുന്നു വിമർശനം.

എം.ആര്‍. അജിത്കുമാര്‍ എക്‌സൈസ് കമീഷണറായി ഇന്ന് ചുമതലയേല്‍ക്കും

എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എക്‌സൈസ് കമീഷണറായി തിങ്കളാഴ്ച ചുമതലയേല്‍ക്കും. നിലവിലെ കമീഷണർ മഹിപാല്‍ യാദവ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അവധിയില്‍ പ്രവേശിച്ചിരുന്നു.

ശബരിമലയിലെ വിവാദ ട്രാക്ടർ യാത്രയെ തുടർന്നാണ് അജിത്കുമാറിനെ അച്ചടക്കനടപടിയുടെ ഭാഗമായി എക്‌സൈസിലേക്ക് മാറ്റി നിയമിച്ചത്. ട്രാക്ടർ യാത്രയില്‍ അജിത്കുമാറിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ കഴിഞ്ഞ ജൂലൈ 21ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് എ.ഡി.ജി.പി ലംഘിച്ചത്.

'ദ കേരള സ്റ്റോറി'ക്ക് ദേശീയ പുരസ്കാരം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി

കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതില്‍ വീണ്ടും നിശിത വിമർശനം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകം ആണ് ഇതിലൂടെ അപമാനിക്കപ്പെടുന്നതെന്ന് പറഞ്ഞ അദ്ദേഹം ചലച്ചിത്ര മേഖലയുടെ മഹത്വത്തെ ഇടിച്ചു തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് സിനിമ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത് അതിന് പകരം വർഗീയത സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര മേഖല ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരള സമൂഹത്തെ അപകടത്തില്‍ പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങള്‍ക്ക് അർഹമല്ല. ഒരു തരത്തിലും കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാൻ കഴിയില്ല. വർഗീയത പടർത്താനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്നു. സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകരമായി മാത്രമേ അതിനെ കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഉയർന്ന ദൃശ്യ സാക്ഷരതയുടേയും ഉയർന്ന ചലച്ചിത്ര ആസ്വാദനത്തിന്റെയും നാടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലയാള സിനിമയുടെ വികസനത്തിന് വേണ്ടി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുക പ്രധാനമാണ്. കേരളം ഉയർന്ന ദൃശ്യ സാക്ഷരതയുടേയും ഉയർന്ന ചലച്ചിത്ര ആസ്വാദനത്തിന്റെയും നാടാണ്. പ്രബുദ്ധ കേരളം പടുത്തുയർത്താനായി മലയാള സിനിമ നിർവഹിച്ചത് വലിയ പങ്കാണ്. മറ്റ് സംസ്ഥാനങ്ങള്‍ പുരാണങ്ങള്‍ സിനിമയാക്കിയപ്പോള്‍ മലയാളം വേറിട്ട് നിന്നു. മലയാളത്തിന്റെ വിഗതകുമാരനും ബാലനും സാമൂഹ്യ പ്രസക്തമായ പ്രമേയങ്ങള്‍ സിനിമയാക്കി. മലയാള സിനിമയെ കാലത്തിനൊത്ത് നവീകരിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള ചുവടുവെപ്പാണ് സിനിമ കോണ്‍ക്ലേവ്. സിനിമ മേഖലയിലെ നവീകരണത്തിനായി സർക്കാർ മേഖലയില്‍ നിരവധി പരമാവധി ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഈഗോ മാറ്റിവെച്ച്‌ പ്രശ്ന പരിഹാരത്തിനായി എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമകളില്‍ നിയന്ത്രണം ഇല്ലാത്ത രീതിയില്‍ വയലൻസ് കടന്നുവരുന്നു എന്ന് കരുതുന്നവരുണ്ട്. ചലച്ചിത്ര സംവിധായകർ ഇക്കാര്യം ഓർമ്മവയ്ക്കണം. അതിഭീകര വയലൻസ് ദൃശ്യങ്ങള്‍ കുഞ്ഞുങ്ങളുടെ മനോഘടനയെ പോലും ബാധിക്കുന്നതാണ്. രാസ ലഹരി ഉപയോഗം മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നുണ്ടെന്ന് കരുതുന്നവരുമുണ്ട്, അതും ശ്രദ്ധിക്കണം. ചലച്ചിത്രങ്ങളില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗം തുടച്ചത് നീക്കാൻ കഴിയണം. മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നത് അതിനെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യമാണ്. ചലച്ചിത്ര - കലാ രംഗത്തുള്ളവർ അതിന് മാതൃക സൃഷ്ടിക്കണം. സിനിമ കോണ്‍ക്ലേവ് നൂതന ആശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാനുള്ള തുറന്ന സംവാദ വേദിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമയ്ക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ കാലത്തും മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച നടൻ മോഹൻ ലാല്‍ പറഞ്ഞു. ചലച്ചിത്രനയ രൂപീകരണത്തിലൂടെ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ ദൈവത്തിന്റെ സിനിമയാണെന്ന് പറഞ്ഞ നടി സുഹാസിനി, ഈ കോണ്‍ക്ലവ് മറ്റുള്ള സംസ്ഥാനങ്ങളിലെ കോണ്‍ക്ലേവുകള്‍ക്ക് മാതൃകയാകുമെന്നും പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്രനയ രൂപീകരണം ഇത്ര വിശാലമായി രൂപീകരിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. കോണ്‍ക്ലേവ് സിനിമ നയം മാറ്റത്തിലെ നിർണായക ചുവടുവെപ്പാണ്. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കാനുള്ള പ്രാരംഭഘട്ടമാണിത്. ചലച്ചിത്ര മേഖലയിലെ ഒൻപതോളം വിഷയങ്ങള്‍ സമഗ്രമായി ചർച്ച ചെയ്യും. ഏറ്റവും ദൃഢമായ ചലച്ചിത്ര നയം രൂപീകരിക്കാൻ എല്ലാവരും സഹകരിക്കണം. വനിതാ സിനിമ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നല്‍കിയ നിിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച്‌ എൻ ഐ എ കോടതി

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച്‌ ബിലാസ്പൂർ എൻഐഎ കോടതി. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കുന്നതിനൊപ്പം 50,000 രൂപയുടെ ബോണ്ടും പാസ്പോർട്ട് കെട്ടിവയ്‌ക്കണമെന്നുമുള്ള ഉപധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്. നടപടികള്‍ പൂർത്തീകരിച്ച്‌ രണ്ടു പേരും ഇന്നു തന്നെ ജയില്‍ മോചിതരാവും

സഭാ നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ തന്നെ ബിജെപി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ക്കതിരായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചില്ല. പെണ്‍കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍, മാതാപിതാക്കളുടെ മൊഴി, മതപരിവര്‍ത്തന കുറ്റം നിലനില്‍ക്കില്ല തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഇതിലൊന്നും പ്രോസിക്യൂഷന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലായെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

കഴിഞ്ഞ ഒമ്ബത് ദിവസമായി സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസുമാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. അതേസമയം പ്രോസിക്യൂഷന്‍ കന്യാസ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടും കേരളത്തില്‍ കോണ്‍ഗ്രസ്, സി പി എം നേതാക്കള്‍ വസ്തുതകള്‍ വളച്ചൊടിച്ച്‌ ബിജെപിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കന്യാസ്ത്രീകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് കേരളത്തില്‍ നിന്നുളള എം പിമാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു വിമര്‍ശനം.

100 വയസുള്ള അമ്മയ്ക്ക് ജീവനാംശം നൽകാതിരിക്കാൻ മകൻ നിയമയുദ്ധം നടത്തിയത് എട്ട് വർഷം.

നൂറു വയസുള്ള അമ്മയ്ക്ക് ജീവനാംശം നൽകാതിരിക്കാൻ മകൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേസ് തുടങ്ങിയത് അമ്മയ്ക്ക് 92 വയസ്സുള്ളപ്പോഴാണ്.
നൂറു വയസുള്ള അമ്മയുടെ എതിർ വാദം കേൾക്കേണ്ടി വന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

പ്രസവിച്ച അമ്മയ്ക്ക് ജീവനാംശം നൽകാതിരിക്കാൻ കോടതിയിൽ പോകുന്ന സമൂഹത്തിൽ ജീവിക്കേണ്ടി വന്നതിൽ ലജ്ജയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണനാണ് മകൻ്റെ ഹർജി തള്ളിയത്

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍.

നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ആണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയില്‍ തിരികെ എത്തിയതായിരുന്നു നവാസ്.

ബലാത്സംഗക്കേസ്; ഹൈക്കോടതിയില്‍ മുൻ‌കൂര്‍ ജാമ്യാപേക്ഷ നല്‍കി വേടൻ

ബലാത്സംഗക്കേസില്‍ ഹൈക്കോടതിയില്‍ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച്‌ റാപ്പർ വേടൻ. ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വേടന്റെ അപേക്ഷ കോടതി പരിഗണിക്കും.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഡോക്ടറായ യുവതിയുടെ പരാതിയിലാണ് വേടനെതിരേ കഴിഞ്ഞദിവസം തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ആരാധിക എന്ന നിലയിലാണ് പരാതിക്കാരിയെ പരിചയം. പിന്നീട് വലിയ അടുപ്പമായി മാറിയെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്. വിവഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ല. തന്നെ കുടുക്കുമെന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും വേടൻ ഹർജിയില്‍ ആരോപിച്ചു.

'വിവാഹ വാഗ്ദാനം നല്‍കുകയും പിന്നീട് ബന്ധത്തില്‍ ഉലച്ചില്‍ തട്ടുമ്ബോള്‍, പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച്‌ പരാതി നല്‍കുന്ന രീതി ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല. ഹർജിക്കാരനും പരാതിക്കാരിയും പ്രായപൂർത്തിയായവരും വിദ്യാസമ്ബന്നരും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ബോധവാന്മാരുമാണ്', ഹർജിയില്‍ പറയുന്നു.

സെലിബ്രിറ്റിയും മുമ്ബ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത കലാകാരനുമാണ് വേടൻ. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ വേടൻ തയ്യാറാണ്. അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. കേസിന്റെ എഫ്‌ഐആറോ മറ്റുരേഖകളോ പോലീസ് നല്‍കിയിട്ടില്ല. അതിനാല്‍ മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പം ഇവ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹർജിയില്‍ പറയുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് ശമനമായെങ്കിലും വരുന്ന 3 ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇത് പ്രകാരം ഓഗസ്റ്റ് ആദ്യ ദിവസങ്ങളില്‍ തന്നെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാലാം തിയതി ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. അതേസമയം അടുത്ത 3 മണിക്കൂറില്‍ 9 ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

02/08/2025: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ

03/08/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി

04/08/2025: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ലക്ഷദ്വീപ് തീരത്ത്‌ 04/08/2025 വരെയും, കർണാടക തീരത്ത്‌ 02/08/2025 വരെയും, 04/08/2025 തീയതിയിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

31/07/2025 മുതല്‍ 02/08/2025 വരെ: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

03/08/2025 & 04/08/2025: ലക്ഷദ്വീപ് തീരത്ത്‌ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

04/08/2025: കർണാടക തീരത്ത്‌ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.