ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകം ആണ് ഇതിലൂടെ അപമാനിക്കപ്പെടുന്നതെന്ന് പറഞ്ഞ അദ്ദേഹം ചലച്ചിത്ര മേഖലയുടെ മഹത്വത്തെ ഇടിച്ചു തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് സിനിമ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത് അതിന് പകരം വർഗീയത സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര മേഖല ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരള സമൂഹത്തെ അപകടത്തില്‍ പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങള്‍ക്ക് അർഹമല്ല. ഒരു തരത്തിലും കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാൻ കഴിയില്ല. വർഗീയത പടർത്താനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്നു. സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകരമായി മാത്രമേ അതിനെ കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉയർന്ന ദൃശ്യ സാക്ഷരതയുടേയും ഉയർന്ന ചലച്ചിത്ര ആസ്വാദനത്തിന്റെയും നാടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലയാള സിനിമയുടെ വികസനത്തിന് വേണ്ടി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുക പ്രധാനമാണ്. കേരളം ഉയർന്ന ദൃശ്യ സാക്ഷരതയുടേയും ഉയർന്ന ചലച്ചിത്ര ആസ്വാദനത്തിന്റെയും നാടാണ്. പ്രബുദ്ധ കേരളം പടുത്തുയർത്താനായി മലയാള സിനിമ നിർവഹിച്ചത് വലിയ പങ്കാണ്. മറ്റ് സംസ്ഥാനങ്ങള്‍ പുരാണങ്ങള്‍ സിനിമയാക്കിയപ്പോള്‍ മലയാളം വേറിട്ട് നിന്നു. മലയാളത്തിന്റെ വിഗതകുമാരനും ബാലനും സാമൂഹ്യ പ്രസക്തമായ പ്രമേയങ്ങള്‍ സിനിമയാക്കി. മലയാള സിനിമയെ കാലത്തിനൊത്ത് നവീകരിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള ചുവടുവെപ്പാണ് സിനിമ കോണ്‍ക്ലേവ്. സിനിമ മേഖലയിലെ നവീകരണത്തിനായി സർക്കാർ മേഖലയില്‍ നിരവധി പരമാവധി ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഈഗോ മാറ്റിവെച്ച് പ്രശ്ന പരിഹാരത്തിനായി എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമകളില്‍ നിയന്ത്രണം ഇല്ലാത്ത രീതിയില്‍ വയലൻസ് കടന്നുവരുന്നു എന്ന് കരുതുന്നവരുണ്ട്. ചലച്ചിത്ര സംവിധായകർ ഇക്കാര്യം ഓർമ്മവയ്ക്കണം. അതിഭീകര വയലൻസ് ദൃശ്യങ്ങള്‍ കുഞ്ഞുങ്ങളുടെ മനോഘടനയെ പോലും ബാധിക്കുന്നതാണ്. രാസ ലഹരി ഉപയോഗം മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നുണ്ടെന്ന് കരുതുന്നവരുമുണ്ട്, അതും ശ്രദ്ധിക്കണം. ചലച്ചിത്രങ്ങളില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗം തുടച്ചത് നീക്കാൻ കഴിയണം. മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നത് അതിനെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യമാണ്. ചലച്ചിത്ര - കലാ രംഗത്തുള്ളവർ അതിന് മാതൃക സൃഷ്ടിക്കണം. സിനിമ കോണ്‍ക്ലേവ് നൂതന ആശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാനുള്ള തുറന്ന സംവാദ വേദിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമയ്ക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ കാലത്തും മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച നടൻ മോഹൻ ലാല്‍ പറഞ്ഞു. ചലച്ചിത്രനയ രൂപീകരണത്തിലൂടെ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ ദൈവത്തിന്റെ സിനിമയാണെന്ന് പറഞ്ഞ നടി സുഹാസിനി, ഈ കോണ്‍ക്ലവ് മറ്റുള്ള സംസ്ഥാനങ്ങളിലെ കോണ്‍ക്ലേവുകള്‍ക്ക് മാതൃകയാകുമെന്നും പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്രനയ രൂപീകരണം ഇത്ര വിശാലമായി രൂപീകരിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. കോണ്‍ക്ലേവ് സിനിമ നയം മാറ്റത്തിലെ നിർണായക ചുവടുവെപ്പാണ്. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കാനുള്ള പ്രാരംഭഘട്ടമാണിത്. ചലച്ചിത്ര മേഖലയിലെ ഒൻപതോളം വിഷയങ്ങള്‍ സമഗ്രമായി ചർച്ച ചെയ്യും. ഏറ്റവും ദൃഢമായ ചലച്ചിത്ര നയം രൂപീകരിക്കാൻ എല്ലാവരും സഹകരിക്കണം. വനിതാ സിനിമ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നല്‍കിയ നിിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി.
No comments
Post a Comment