BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

ഫ്രാൻസിസ് മാര്‍പാപ്പയുടെ വിയോഗം; രാജ്യത്ത് 3 ദിവസം ദുഃഖാചരണം

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

നാളെ ഏപ്രില്‍ 22-ാം തീയതിയും 23 ബുധനാഴ്ചയും മൃതശരീരം സംസ്കരിക്കുന്ന ദിവസവും ദുഃഖാചരണം നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇന്നേദിവസം രാജ്യത്തിൻ്റെ ത്രിവർണ പതാക താഴ്ത്തി കെട്ടുന്നതാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ന് ഏപ്രില്‍ 21-ാം തീയതി ഈസ്റ്റർ കഴിഞ്ഞിട്ടുള്ള ആദ്യ തിങ്കളാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യുന്നത്. മരണം സ്ഥിരീകരിച്ച്‌ കഴിഞ്ഞ് നാല് മുതല്‍ ആറാം ദിവസമാകും മാർപാപ്പയുടെ മൃതശരീരം സംസ്കരിക്കുക. യൂറോപ്പ് ഇതരരാജ്യത്ത് നിന്നുള്ള ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം സംസ്കരിച്ചതിന് ശേഷം 18 ദിവസത്തിനുള്ളില്‍ കർദിനാല്‍മരുടെ കോണ്‍ക്ലേവ് കൂടിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്തുക.

വിലയില്‍ പുതിയ റെക്കാഡിട്ട് സ്വര്‍ണം; ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 രൂപ കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച്‌ 75,120 രൂപയായി.

ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്.

ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങള്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു.

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാർജിച്ചതിനാല്‍ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയില്‍ വില ഉയർന്നു. സാമ്ബത്തിക അനിശ്ചിതത്വ കാലയളവില്‍ നിക്ഷേപകർക്ക് മനസ് ഉറപ്പിച്ച്‌ വിശ്വസിക്കാമെന്നതാണ് സ്വർണത്തിന്റെ ഏറ്റവും വലിയ ശക്തി. അതിനാല്‍ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. അമേരിക്കൻ ഡോളറിലും കടപ്പത്രങ്ങളിലും വിശ്വാസം കുറഞ്ഞതോടെ വിദേശ നാണയ ശേഖരത്തിലും ഡോളറിന് പകരം സ്വർണം ഇടം നേടുന്നു.

അതേസമയം, സ്വർണവില വർദ്ധിച്ചതോടെ കേരളത്തിലെ കടകളില്‍ തിരക്ക് വളരെ കുറവാണ്. സംസ്ഥാനത്തെ പല കടകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന സ്വർണക്കച്ചവടക്കാരുടെ അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു. വില വർദ്ധനവ് ഇങ്ങനെ തുടർന്നാല്‍ വിവാഹച്ചടങ്ങുകളില്‍ നിന്ന് സ്വർണം അപ്രത്യക്ഷമാകുന്ന കാലം അധികം വൈകാതെ വന്നേക്കാം.

'തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മുൻ കര്‍ണാടക ഡിജിപിയുടെ കൊലപാതകത്തില്‍ ഭാര്യ പല്ലവിയുടെ മൊഴി

കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി നല്‍കി. തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഓം പ്രകാശ് മർദ്ദിച്ചപ്പോള്‍ സ്വയരക്ഷക്കായാണ് തിരികെ കത്തി എടുത്ത് വീശിയത്.

ഇന്നലെ രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഇതിനിടയില്‍ ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തന്നെയും മകളെയും കൊല്ലുമെന്ന് പറഞ്ഞു. രക്ഷപ്പെടാൻ ഓം പ്രകാശിന്‍റെ ദേഹത്തേക്ക് മുളകു പൊടി വിതറി. വെളിച്ചെണ്ണ ഒഴിച്ചു. എന്നിട്ടും ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്ത് മകള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പല്ലവി മൊഴി നല്‍കി.

കർണാടകയിലെ മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പല്ലവിയെയും മകള്‍ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്നും പൊലീസ് വിലയിരുത്തുന്നു. എന്നാല്‍, പല്ലവിയുടെ മൊഴിയടക്കം പരിശോധിക്കുകയാണ് പൊലീസ്.

മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത്‌ എഴുതി വച്ചിരുന്നത്. ഇതിന്‍റെ പേരില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടില്‍ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് നിഗമനം. ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ വിളിച്ച്‌ വിവരം അറിയിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു. 'ഞാനാ പിശാചിനെ കൊന്നു' ('I finished that monster') എന്ന് പല്ലവി പറഞ്ഞെന്ന് സുഹൃത്തിന്‍റെ മൊഴി.

ബംഗളൂരുവിലെ സ്വന്തം വീടിനുള്ളിലാണ് കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓംപ്രകാശിന്‍റെ ദേഹത്ത് കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.68 കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 68 വയസ്സായിരുന്നു.

2015 മുതല്‍ 2017 വരെ കർണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്‌.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊലീസ് മേധാവിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്ബ് ഓം പ്രകാശ് ഫയർ ഫോഴ്സ് മേധാവിയുടേതുള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞു, തകര്‍ന്നുവീണത് ഫൈനലിന് തൊട്ടുമുമ്ബ്; പരിക്കേറ്റത് 52 പേര്‍ക്ക്

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 52 ആയി.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. 
ടൂർണമെന്റിന്‍റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം. മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം.

മത്സരത്തിന് മുമ്ബായി മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിര്‍മിച്ച താത്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു. ഇതാണ് ഗാലറി തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.പരിക്കേറ്റവരില്‍ 45 പേര്‍ കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേര്‍ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്‍റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. രണ്ടാഴ്ചയായി സ്ഥലത്ത് സെവൻസ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്. അവധി ദിവസമായതിനാല്‍ നിരവധി പേരാണ് മത്സരം കാണാനെത്തിയത്. ഗാലറി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

വാട്സാപ്പില്‍ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാല്‍ തൊട്ടുപോകരുത്, ക്രെഡിറ്റ് കാര്‍ഡില്‍നിന്നുവരെ പണംപോകും

ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പില്‍ ലഭിച്ചാല്‍ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡില്‍നിന്നുവരെ അപഹരിക്കപ്പെടും.

എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 20,000 രൂപയാണ് ഇത്തരത്തില്‍ അപഹരിച്ചത്.

എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ

ഏപ്രില്‍ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് സന്ദേശം. ചെലാൻ നമ്ബർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്ബർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്സാപ്പ് നമ്ബറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാല്‍ പണം അടച്ചില്ല. പക്ഷേ, ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.

ഇതിനിടയില്‍ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാല്‍ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരില്‍നിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകള്‍ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.

സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.

പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

പരാതിനല്‍കാൻ പെടാപ്പാട്

പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ 1930 എന്ന നമ്ബറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനല്‍കണമെന്ന് നിർദേശിച്ചു. ആ നമ്ബറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.

ക്രെഡിറ്റ് കാർഡുകാർ പറയുന്നത്

ഡിസ്പ്യുട്ട് ഫോം അടക്കം ഫയല്‍ചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതില്‍ ആരും ഉറപ്പുപറയുന്നില്ല.

സ്വര്‍ണവില എങ്ങോട്ട്?, 71,500 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ കൂടിയത് 1800 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച്‌ പുതിയ ഉയരം കുറിച്ചു.

ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം താഴ്ന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ജാഗ്രത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിർദേശങ്ങള്‍:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിർത്തി വച്ച്‌ ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേർത്തുവച്ച്‌ തല, കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.