BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതിയില്‍ അദാനി കമ്ബനി നടത്തിയത് വൻതട്ടിപ്പ്; അന്വേഷണം ആരംഭിച്ചു

മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതിയില്‍ കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡിനെതിരേ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അന്വേഷണം ആരംഭിച്ചു.
ഹ്രസ്വദൂര ഉപരിതല-വായു മിസൈല്‍ സംവിധാനങ്ങള്‍ക്കായി ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ദീർഘദൂര മിസൈലുകളുടെ ഘടകങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഹ്രസ്വദൂര മിസൈല്‍ ഘടകങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 18 ശതമാനം പ്രാദേശിക നികുതിയും ഉണ്ട്. എന്നാല്‍ ദീർഘദൂര മിസൈല്‍ ഘടകങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.

തെറ്റിദ്ധരിപ്പിക്കലിലൂടെ ഏകദേശം 77 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ഘടനാപരമായ ഫിറ്റിങുകള്‍, മൗണ്ടിങ് അസംബ്ലികള്‍, മിസൈല്‍ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണ ഇന്റർഫേസുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഫോടനാത്മകമല്ലാത്ത ഘടകങ്ങളും നികുതി വെട്ടിച്ച്‌ ഇറക്കുമതി ചെയ്തതായും പരാതിയുണ്ട്.

ഈ ഘടകങ്ങള്‍ നികുതി നല്‍കേണ്ട വിഭാഗത്തില്‍പ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി തെറ്റായ കസ്റ്റംസ് എൻട്രികള്‍, അന്തിമ ഉപയോഗ സർട്ടിഫിക്കറ്റുകള്‍, വിദേശ വിതരണക്കാരുമായുള്ള കത്തിടപാടുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
2024 മുതല്‍ റഷ്യയില്‍ നിന്നു മാത്രം ഏകദേശം 32 ദശലക്ഷം യു.എസ് ഡോളറിന്റെ ഇറക്കുമതിയാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. ഇതേ കാലയളവില്‍ റഷ്യ, ഇസ്റാഈല്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള മൊത്തം ഇറക്കുമതി ഏകദേശം 70 ദശലക്ഷം യു.എസ് ഡോളറിന്റേതാണ്. 1962ലെ കസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 28 പ്രകാരം, മതിയായ തീരുവ ചുമത്താത്തതായി കണ്ടെത്തിയാല്‍ അധികാരികള്‍ക്ക് പലിശ സഹിതം തുക തിരിച്ചുപിടിക്കാനും ഒഴിവാക്കിയ തീരുവയുടെ തുക വരെ പിഴ ചുമത്താനും കഴിയും.

അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മിസൈല്‍ ഘടകങ്ങളെയും ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി ഈ വർഷം സെപ്റ്റംബറില്‍ കസ്റ്റംസ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ തട്ടിപ്പ് നടന്നിരിക്കുന്നത് അതിന് മുമ്ബാണ്. അതിനാല്‍ ഈ കേസില്‍ ഇളവ് ബാധകമാകില്ല.

ഗാസയില്‍ സമാധാനം ലക്ഷ്യം: ഇസ്രയേലും ഹമാസും തമ്മില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം; ആദ്യഘട്ട സമയവായ ചര്‍ച്ചകള്‍ ഈജിപ്‌തില്‍ പുരോഗമിക്കുന്നു

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചർച്ച തുടങ്ങി.
ഈജിപ്ഷ്യൻ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചർച്ച തുടങ്ങിയത്. പലസ്തീൻ തടവുകാരെ മോചിപ്പിച്ച്‌ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചർച്ചയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവർ അംഗീകരിച്ചിട്ടില്ല.

ഇസ്രായേല്‍, ഹമാസ് പ്രതിനിധികളുമായി മധ്യസ്ഥ ചർച്ചകളാണ് നടക്കുന്നത്. ഇരുവിഭാഗത്ത് നിന്നുമുള്ള പ്രതിനിധികളുമായി ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥർ വെവ്വേറെ യോഗങ്ങള്‍ നടത്തുന്നുവെന്നാണ് വിവരം. 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും നിർണായകമായ ചർച്ചകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷ. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ അല്‍താനി എന്നിവർ ചർച്ചകളുടെ ഭാഗമാണെന്നും വിവരമുണ്ട്.

തെക്കൻ ഇസ്രായേലില്‍ 2023 ഒക്ടോബർ 7 ന് ഹമാസ് നയിച്ച ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നാണ് സമാധാന ചർച്ചകള്‍ തുടങ്ങുന്നത്. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇതേ തുടർന്ന് ഗാസയില്‍ 67,160 പേർ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്.

പതിറ്റാണ്ടുകളായി ഹമാസിനെ പ്രത്യക്ഷമായി പിന്തുണച്ചിരുന്ന ഇറാൻ ഇപ്പോള്‍ ട്രംപിനെ അനുകൂലിച്ച്‌ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 21 പലസ്തീനികള്‍ കൊല്ലപ്പെടുകയും 96 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്'! കേരള-യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവിന് ഇന്ന് കോവളത്ത് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ് ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 9.30 ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സമുദ്രാധിഷ്ഠിത സാമ്ബത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്ബദ്‌വ്യവസ്ഥയിലെ പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരടക്കം പങ്കെടുക്കും

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ക്ക് പുറമേ സംസ്ഥാന മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, വി.ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍, എം.ബി രാജേഷ്, ഡോ.ആര്‍ ബിന്ദു, വീണ ജോര്‍ജ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ഡോ. ശശി തരൂര്‍ എംപി, എം. വിന്‍സെന്‍റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (പശ്ചിമ) സിബി ജോര്‍ജ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് സ്വാഗതവും സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി നന്ദിയും രേഖപ്പെടുത്തും.

വിശദ വിവരങ്ങള്‍

സമ്മേളനത്തില്‍ നീല സമ്ബദ്‌വ്യവസ്ഥയെക്കുറിച്ച്‌ ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കുകയും പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യും. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തവും നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.

തീരദേശ വികസനവും കാലാവസ്ഥാ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും, ഹാര്‍ബര്‍ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ ലോജിസ്റ്റിക്സ് ഷിപ്പിംഗ് കണക്റ്റിവിറ്റി നിക്ഷേപങ്ങളും, സുസ്ഥിര മത്സ്യബന്ധനം-അക്വാകള്‍ച്ചര്‍ മാനേജ്മെന്‍റ്-ഗവേഷണം- നിക്ഷേപങ്ങള്‍, ഗ്രീന്‍ ട്രാന്‍സിഷന്‍: സര്‍ക്കുലര്‍ ഇക്കണോമി, റിന്യൂവബിള്‍/ക്ലീന്‍ എനര്‍ജി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ്, എജ്യുക്കേഷന്‍-സ്കില്‍സ് ആന്‍ഡ് ടാലന്‍റ് മൊബിലിറ്റി, തീരദേശ ടൂറിസവും വെല്‍നസും (ആയുഷ്) എന്നീ വിഷയങ്ങളില്‍ പാനല്‍ സെഷനുകള്‍ നടക്കും.

കള്ളവണ്ടി കയറിയാല്‍ ഉടനെ പണി കിട്ടും: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാൻ പ്രത്യേക പരിശോധനാ സംഘം

ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയില്‍വേയുടെ പ്രത്യേക പരിശോധന. ഇന്നലെ ഷൊർണൂർ-നിലമ്ബൂർ റെയില്‍വേ ലൈനില്‍ നടത്തിയ പരിശോധനയില്‍ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 പേരെ പിടികൂടുകയും ഇവരില്‍ നിന്ന് 95,225 രൂപ പി‍ഴയായി ഈടാക്കുകയും ചെയ്തു.

പാലക്കാട് ഡിവിഷൻ പ്രത്യേക ടിക്കറ്റ് പരിശോധന യജ്ഞത്തില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), റെയില്‍വേ പോലീസ് (ജിആർപി), കൊമേഴ്‌സ്യല്‍ ഡിപ്പാർട്ട്‌മെന്റ് എന്നിവർ സംയുക്തമായി പങ്കെടുത്തു.
രാജ്യറാണി എക്സ്പ്രസ് (16349), കോട്ടയം നിലമ്ബൂർ എക്സ്പ്രസ് (16326) പാസഞ്ചർ ട്രെയിനുകള്‍ (56612, 66325, 56322, 56323, 56610, 56607) എന്നിങ്ങനെ നിരവധി സർവീസുകളിലാണ് ഇന്നലെ ടിക്കറ്റ് പരിശോധന ഡ്രൈവ് നടത്തിയത്.

ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവുകള്‍ കൊണ്ട് എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാമെന്നും, റെയില്‍വേ ശൃംഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയാൻ സാധിക്കുമെന്നും റെയില്‍വേ അധികൃതർ പറഞ്ഞു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും റെയില്‍വേ അധികൃതർ കൂട്ടിച്ചേർത്തു.
യാത്രക്കാർ ടിക്കറ്റുമായി യാത്ര ചെയ്യാനും, പരിശോധനയില്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റെയില്‍വേ അഭ്യർത്ഥിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും റെയില്‍വേ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനുമായി ഇത്തരം പരിശോധനകള്‍ തുടർന്ന് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം: മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്ബര്‍മാരും ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കണമെന്ന് സര്‍ക്കുലര്‍

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുമായി മലബാര്‍ ദേവസ്വം ബോര്‍ഡ്. സംഗമത്തില്‍ പരമാവധി മെമ്ബര്‍മാരെയും ഉദ്യോഗസ്ഥരെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരെയും ക്ഷേത്രം ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ഇക്കാര്യം വ്യക്തമാക്കി മലബാര്‍ ദേവസ്വം കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്ന ബോര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും യാത്ര, ഭക്ഷണ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കും. ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേത്രം ജീവനക്കാരുടെയും ചെലവ് ക്ഷേത്രം ഫണ്ടില്‍ നിന്ന് വഹിക്കണമെന്നുമാണ് ഉത്തരവ്. ആഗോള അയ്യപ്പ സംഗമത്തില്‍ പരമാവധി പേരെ പങ്കെടുപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും സര്‍ക്കുലറില്‍

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിസി യോഗം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവ യോഗത്തില്‍ ചർച്ചയാകും. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തിയേക്കും.

നേപ്പാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ സൈന്യം; ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം

യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ സൈന്യം.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നല്‍കി.

നിലവില്‍ നേപ്പാളില്‍ നിരോധനാജ്ഞയാണ്. ഇത് ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. നാളെ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചു.
സൈന്യത്തിൻ്റെ മുന്നറിയിപ്പിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഏഴ് ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. ബല്‍റാംപുര്‍, ശ്രവസ്തി, മഹാരാജ്ഗഞ്ജ്, പിലിഭിത്ത്, സിദ്ധാര്‍ഥനഗര്‍, ബഹ്റൈച്ച്‌, ലഖിംപുര്‍ഖേരി ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷിക്കാനും കര്‍ശന പട്രോളിംഗിനുമാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ല. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാരോട് നിലവിലുള്ള സ്ഥലത്തുതന്നെ തുടരാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അടിയന്തര സാഹചര്യമുണ്ടായാല്‍ നേപ്പാളിലെ +977 - 980 860 2881, +977 - 981 032 6134 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.