വളാഞ്ചേരിയിലെ ഏഴ് മലയാളികള്‍ക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എല്ലാവരും നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരം സംഭവം.
ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്ത് പ്രത്യേക നടപടികള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിവരികയാണ്. എച്ച്‌ഐവി സര്‍വ്വെയും നടക്കുന്നുണ്ട്. ഒരു മലയാളിയിലാണ് ആദ്യം എച്ച്‌ഐവി ലക്ഷണം കണ്ടെത്തിയത്. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് ലഹരി സംഘങ്ങളുമായി ബന്ധുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ നടുക്കുന്ന വിവരമാണ് പുറത്തുവന്നത്.
ലക്ഷണം കണ്ടെത്തിയ വ്യക്തിയുടെ സംഘത്തില്‍പ്പെട്ടവരെ കൂടി പിന്നീട് പരിശോധിച്ചു. രണ്ട് മാസത്തിനിടെയാണ് 10 പേര്‍ക്് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സിറിഞ്ച് വഴിയാണ് രോഗം വ്യാപിച്ചത് എന്നാണ് മനസിലാകുന്നത്. ലഹരി സംഘത്തില്‍പ്പെട്ടവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് കാരണം എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ലഹരി സംഘങ്ങള്‍ ഈ സിറിഞ്ച് കൂടുതല്‍ പേര്‍ക്ക് കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്.
മറ്റു സ്ഥലങ്ങളിലും രോഗം വ്യാപിച്ചിട്ടുണ്ടാകാമെന്ന് മലപ്പുറം ഡിഎംഒ ആര്‍ രേണുക സംശയം പ്രകടിപ്പിച്ചു. വളാഞ്ചേരിയില്‍ പരിശോധിച്ച ഒരു സംഘം ആളുകളില്‍ സ്ഥിരീകരിച്ചു എന്നേയുള്ളൂവെന്നും അവര്‍ പ്രതികരിച്ചു. ആദ്യം ഉപയോഗിച്ച വ്യക്തിക്ക് എവിടെ നിന്ന് സിറിഞ്ച് കിട്ടി എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഡിഎംഒ പറഞ്ഞു.
ലഹരി ഉപയോഗിച്ചവര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചു, ഉപയോഗിച്ച സിറിഞ്ച് ലഹരി വില്‍പ്പനക്കാര്‍ കൂടുതല്‍ പേര്‍ക്ക് കൈമാറി... ഈ രണ്ട് സാധ്യതകളാണ് ഉദ്യോഗസ്ഥര്‍ കാണുന്നത്. ബോധവല്‍ക്കരണവും ശക്തമായ പരിശോധനയുമാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സര്‍വ്വെ നടത്തിവരുന്നുണ്ട്. സ്‌ക്രീനിങിന്റെ ഭാഗമായ ഒരു വ്യക്തിക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ട് എന്ന് വ്യക്തമായി. തുടര്‍ന്നാണ് ബന്ധമുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇനിയും കൂടുതല്‍ പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
രോഗ ലക്ഷണമുള്ളവര്‍ പരസ്യപ്പെടുത്താന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ വ്യാപനം തടയുക എന്നത് ശ്രമകരമായ ദൗത്യമാണ്. എച്ച്‌ഐവിക്ക് കൃത്യമായ ചികില്‍സയുണ്ട് എന്ന ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന് ഡിഎംഒ രേണുക പറഞ്ഞു.
No comments
Post a Comment