BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label National. Show all posts
Showing posts with label National. Show all posts

ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത. നിരീക്ഷണ നടപടികള്‍ ശക്തമാക്കാൻ സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

രാജ്യത്തെ വിമാനത്താവളങ്ങള്‍, എയർസ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്ലൈയിംഗ് സ്കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും അടിയന്തര നിരീക്ഷണ നടപടികള്‍ ശക്തമാക്കാൻ സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദ്ദേശം.

ടെർമിനലുകള്‍, പാർക്കിംഗ് ഏരിയകള്‍, പെരിമീറ്റർ സോണുകള്‍, മറ്റ് ദുർബല സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പട്രോളിംഗ് വർദ്ധിപ്പിക്കുന്നതിനൊപ്പം 24 മണിക്കൂറും പരമാവധി ജാഗ്രത നിലനിർത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ പ്രാദേശിക പോലീസ് സേനയുമായി ഏകോപിപ്പിച്ച്‌ നഗര സുരക്ഷാ നടപടികളും ശക്തിപ്പെടുത്തണം.

വാണിജ്യ വിമാനങ്ങളില്‍ കയറ്റുന്നതിന് മുമ്ബ് എല്ലാ ചരക്കുകള്‍ക്കും മെയിലുകള്‍ക്കും കർശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍ ഉറപ്പാക്കണം. ആഭ്യന്തര, അന്തർദേശീയ വിമാന ഓപ്പറേറ്റർമാർക്കും ഈ നിർദ്ദേശം ബാധകമാണ്. മെയില്‍ പാഴ്സലുകള്‍ക്കായുള്ള മെച്ചപ്പെടുത്തിയ സ്ക്രീനിംഗ് നടപടികള്‍ എല്ലാ സ്റ്റേഷനുകളിലുടനീളമുള്ള ആഭ്യന്തര, അന്തർദേശീയ കയറ്റുമതികള്‍ക്കും ബാധകമാണ്.

എല്ലാ ജീവനക്കാർക്കും, കോണ്‍ട്രാക്ടർമാർക്കും, സന്ദർശകർക്കും, ഏതെങ്കിലും അനധികൃത പ്രവേശനം ഉടനടി റിപ്പോർട്ട് ചെയ്യുകയും നിഷേധിക്കുകയും ചെയ്യണമെങ്കില്‍, വിമാനത്താവള അധികാരികള്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കർശനമായി പരിശോധിക്കണം.

സംശയാസ്പദമായ പെരുമാറ്റമോ ഉടനടി പ്രതികരണം ആവശ്യമുള്ള ശ്രദ്ധിക്കപ്പെടാത്ത വസ്തുക്കളോ ഉള്ള എല്ലാ സിസിടിവി സംവിധാനങ്ങള്‍ക്കും തുടർച്ചയായ പ്രവർത്തന നിരീക്ഷണം ആവശ്യമാണ്.

പ്രാദേശിക പോലീസ്, സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്റലിജൻസ് ബ്യൂറോ, മറ്റ് പ്രസക്തമായ ഏജൻസികള്‍ എന്നിവയുമായി അടുത്ത ബന്ധം പുലർത്താൻ ബിസിഎഎസ് നിർബന്ധിതമാക്കിയിട്ടുണ്ട്.

സംശയാസ്‌പദമായ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടാത്ത ലഗേജുകളും യാത്രക്കാർ റിപ്പോർട്ട് ചെയ്യണമെന്നും ഉചിതമെന്ന് തോന്നുന്നിടത്ത് ഇടയ്ക്കിടെ അറിയിപ്പുകള്‍ നല്‍കണമെന്നും നിർദ്ദേശിക്കും.

അടിയന്തര പ്രതികരണ സംഘങ്ങളും പ്രോട്ടോക്കോളുകളും അവലോകനം ചെയ്യുകയും സജീവമാക്കുകയും വേണം, സാധ്യമാകുന്നിടത്ത് ദ്രുത പരിശീലനങ്ങളോ ബ്രീഫിംഗുകളോ നടത്തണമെന്ന് ഉപദേശക സമിതി പറഞ്ഞു.

എയർപോർട്ട് ഡയറക്ടർമാർ പ്രത്യേക എയർലൈൻ പാസഞ്ചർ സർവീസ് കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുകൂട്ടണം, സിവില്‍ ഏവിയേഷൻ പ്രവർത്തനങ്ങളില്‍ നിയമവിരുദ്ധമായ ഇടപെടല്‍ തടയുന്നതിനുള്ള മുൻകരുതല്‍ നടപടികള്‍ നടപ്പിലാക്കാൻ എല്ലാ ഏജൻസികളെയും ഉപദേശിക്കണം.

പ്രാദേശിക ബിസിഎഎസ് ഡയറക്ടർമാർ അവരുടെ അധികാരപരിധിയിലുള്ള വിമാനത്താവളങ്ങളിലുടനീളം ഉടനടി പ്രത്യേക മീറ്റിംഗുകള്‍ ഉറപ്പാക്കും.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച്‌ എൻ ഐ എ കോടതി

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച്‌ ബിലാസ്പൂർ എൻഐഎ കോടതി. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കുന്നതിനൊപ്പം 50,000 രൂപയുടെ ബോണ്ടും പാസ്പോർട്ട് കെട്ടിവയ്‌ക്കണമെന്നുമുള്ള ഉപധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്. നടപടികള്‍ പൂർത്തീകരിച്ച്‌ രണ്ടു പേരും ഇന്നു തന്നെ ജയില്‍ മോചിതരാവും

സഭാ നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ തന്നെ ബിജെപി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ക്കതിരായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചില്ല. പെണ്‍കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍, മാതാപിതാക്കളുടെ മൊഴി, മതപരിവര്‍ത്തന കുറ്റം നിലനില്‍ക്കില്ല തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഇതിലൊന്നും പ്രോസിക്യൂഷന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലായെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

കഴിഞ്ഞ ഒമ്ബത് ദിവസമായി സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസുമാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. അതേസമയം പ്രോസിക്യൂഷന്‍ കന്യാസ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടും കേരളത്തില്‍ കോണ്‍ഗ്രസ്, സി പി എം നേതാക്കള്‍ വസ്തുതകള്‍ വളച്ചൊടിച്ച്‌ ബിജെപിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കന്യാസ്ത്രീകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് കേരളത്തില്‍ നിന്നുളള എം പിമാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു വിമര്‍ശനം.

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു.

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. 
സെപ്റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ് ഉണ്ടാവുക. 
രജിസ്ട്രേഡ് തപാൽ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാൽ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

തപാൽ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് ഈ മാറ്റം എന്നാണ് ഉത്തരവിൽ പറയുന്നത്. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം.

‘രജിസ്ട്രേഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കുകയോ പകരം ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുകയോ വേണം. മുന്നൊരുക്കം ഉടൻ പൂർത്തിയാക്കി ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് അയക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ നിർദേശിച്ചു.

ബലാത്സംഗ കേസുകളിൽ പ്രതിക്ക് ജാമ്യം നല്‍കുന്നതിന് മുമ്ബ് അതിജീവിതയുടെ വാദം കൂടി കേള്‍ക്കണം; സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്

ബലാത്സംഗ കേസുകളില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. പ്രതിക്ക് ജാമ്യം നല്‍കുന്നതിന് മുമ്ബ് അതിജീവിതയുടെ വാദം കൂടി കേള്‍ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
കേരളത്തില്‍ നിന്നുളള ഒരു ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്ബോഴാണ് സുപ്രീംകോടതി നിര്‍ണായക ഉത്തരവിട്ടത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തളളിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.
ഈ വിധി ബലാത്സംഗ കേസുകളിലെ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഒരു വലിയ ചുവടുവെപ്പാണ്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമ്ബോള്‍ അതിജീവിത നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഈ വിധിയിലൂടെ ഒരു പരിധി വരെ ആശ്വാസമാകും.

അതിജീവിതയുടെ ഭാഗം കൂടി കേള്‍ക്കുന്നത് കേസിന്റെ എല്ലാ വശങ്ങളും പൂർണ്ണമായി മനസ്സിലാക്കാനും ശരിയായ തീരുമാനമെടുക്കാനും കോടതിയെ സഹായിക്കും. ഇത് നീതിന്യായ വ്യവസ്ഥയില്‍ അതിജീവിതയ്ക്ക് കൂടുതല്‍ വിശ്വാസം നല്‍കുന്ന ഒരു നടപടിയാണ്.

തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ ഉറച്ച നടപടി ഉറപ്പ്: നരേന്ദ്ര മോദി

തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരെ ഉറച്ചതും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ - ഇന്ത്യ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അംഗോളന്‍ പ്രസിഡന്റ് ജോവോ മാനുവല്‍ ഗോണ്‍കാല്‍വ്‌സ് ലോറെന്‍കോയുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരത മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 22-നാണ് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
നാല് ആക്രമണകാരികളില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ചേര്‍ന്ന സുരക്ഷാ കാര്യങ്ങളുടെ മന്ത്രിസഭാ സമിതി യോഗത്തില്‍ നീതി തേടുന്നതില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. 'എല്ലാ തീവ്രവാദികളെയും അവരുടെ പിന്തുണക്കാരെയും ഞങ്ങള്‍ തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങള്‍ അവരെ പിന്തുടരും,' അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനുള്ള ശിക്ഷാ നടപടികളുടെ ഭാഗമായി, ഇന്ത്യ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുരയാണ്. കൂടാതെ അട്ടാരി അതിര്‍ത്തി അടച്ചു, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ എല്ലാ വിസകളും റദ്ദാക്കി, പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്കും എക്‌സ് ഹാന്‍ഡിലുകള്‍ക്കും നേരെ വ്യാപകമായ നടപടി സ്വീകരിച്ചു, നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്തി തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട്, 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. അബ്ദാലി വെപ്പണ്‍ സിസ്റ്റം എന്നറിയപ്പെടുന്ന ഈ മിസൈല്‍, 'എക്സര്‍സൈസ് ഇന്‍ഡസ്' എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചതെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി ഇന്നെത്തും; വിഴിഞ്ഞം നാളെ രാജ്യത്തിന് സമര്‍പ്പിക്കും.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും.

വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂർണതോതില്‍ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.

വ്യാഴാഴ്ച വൈകീട്ട് 7.50-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരേ രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ 9.30-ന് രാജ്ഭവനില്‍നിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തുമെത്തും.

10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററില്‍ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.

അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വ്യാപക വെടിവെപ്പ്, പ്രകോപനം; കനത്ത തിരിച്ചടി നല്‍കി ഇന്ത്യൻ സൈന്യം

അതിർത്തിയില്‍ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നല്‍കി. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായില്ല.

26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിർത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ് സൈന്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സൈന്യം പുറത്തുവിട്ടിരിക്കുകയാണ്. അഞ്ച് ഭീകരരില്‍ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.

അലി ഭായ് എന്നറിയപ്പെടുന്ന തല്‍ഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദില്‍ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തല്‍ഹ എന്നിവരാണ് പാകിസ്താനില്‍ നിന്നുള്ളവർ. ആദില്‍ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.

ഭീകരർക്കായുള്ള വ്യാപക തിരച്ചില്‍ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാല്‍ മേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ കാണും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ചന്റെ പോസ്റ്റ് 'ടി 5356'; വിവാദ പോസ്റ്റിന് വൻ വിമര്‍ശനം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം മുഴുവൻ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം നിരവധി ബോളിവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത നിശബ്ദത വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ തന്റെ ഒഫീഷ്യല്‍ എക്സ് അക്കൗണ്ടില്‍ അമിതാഭ് ബച്ചന്‍ എഴുതിയത് 'ടി 5356' എന്ന് മാത്രം. മറ്റൊന്നും പറഞ്ഞില്ല. ഇത് പലരും നിശബ്ദതയായി വ്യാഖ്യാനിച്ചു. ഇത്രയും വലിയൊരു ആക്രമണം രാജ്യത്തെ നിരപരാധികള്‍ക്കെതിരെ നടന്നിട്ട് താരം പുലര്‍ത്തുന്ന നിശബ്ദത വലിയ തോതിലാണ് വിമര്‍ശനത്തിന് വിധേയമായത്

ഭാര്യ ജയാ ബച്ചന്റെ രാഷ്ട്രീയ ജീവിതം കണക്കിലെടുത്താണ് അമിതാഭ് പ്രതികരിക്കാത്തതെന്നും ചിലർ ഇതിനെ വ്യാഖ്യാനിക്കുക പോലും ചെയ്തു ഈ എക്സ് പോസ്റ്റിന് താഴെ. 'ഇതിനർത്ഥമെന്താണ്?' 'നിശബ്ദത പാലിക്കാന്‍ കാരണമായ സന്ദർഭമെന്താണ്?' 'നിശബ്ദത പലതും പറയുന്നുണ്ട് അമിത് ജീ' എന്നിങ്ങനെയാണ് ഈ എക്സ് പോസ്റ്റിന് വന്ന മറുപടികള്‍.

ചില നെറ്റിസണ്‍സ് ബിഗ് ബിയെ ട്രോളാൻ തുടങ്ങി. പഹല്‍ഗാം ആക്രമണത്തെ ബോളിവുഡിലെ പ്രമുഖ താരം അവഗണിച്ചുവെന്നാണ് ആരോപണം ഉന്നയിച്ചത്. 'സിനിമാലോകത്തെ മുതിർന്ന നടനാണ് താങ്കള്‍. പക്ഷേ പഹല്‍ഗാം ആക്രമണത്തെക്കുറിച്ച്‌ ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ?' എന്നാണ് ഒരാള്‍ ചോദിച്ചത്.
കശ്മീരില്‍ ഇത്രയും നടന്നിട്ടും ഒരു ആശ്വസ വാക്കെങ്കിലും പറയണ്ടെ എന്നും ചിലര്‍ ചോദിച്ചു. എന്തായാലും 15 മണിക്കൂര്‍ മുന്‍പ് ഇട്ട എക്സ് പോസ്റ്റിന് ശേഷം വിശദീകരണമൊന്നും അമിതാഭ് നല്‍കിയിട്ടില്ല.

പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു. മതം ചോദിച്ച്‌ ഭീകരര്‍ വെടിയുതിർത്തപ്പോള്‍ 26 പേരാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി.

ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.

അതേ സമയം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നല്‍കാൻ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി.

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ടോള്‍ പ്ലാസകള്‍ ഇനിയില്ല, 15 ദിവസത്തിനകം പുതിയ ടോള്‍ നയം; വമ്ബൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകളുടെ കാര്യത്തില്‍ വലിയ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

രാജ്യത്തെ ഹൈവേകളിലെ ടോള്‍ അടയ്ക്കുന്ന രീതി മാറാൻ പോകുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളില്‍ കേന്ദ്രം പുതിയ ടോള്‍ നയം അവതരിപ്പിക്കാൻ പോകുന്നു. അതായത് മെയ് മുതല്‍ ഈ നയം നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകള്‍. എങ്കിലും നിതിൻ ഗഡ്‍കരി ഇതുവരെ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

പുതിയ നയം നടപ്പിലാക്കിക്കഴിഞ്ഞാല്‍, ടോളിനെക്കുറിച്ച്‌ പരാതിപ്പെടാൻ ആർക്കും അവസരം ലഭിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പുതിയ സംവിധാനത്തോടെ, ഫാസ്ടാഗിന്റെ പ്രവർത്തനവും അവസാനിക്കും. പുതിയ സംവിധാനത്തിന് നിലവിലെ ടോള്‍ ബൂത്തുകള്‍ ആവശ്യമില്ലെന്ന് ഗഡ്‍കരി പറഞ്ഞു. പകരം, സാറ്റലൈറ്റ് ട്രാക്കിംഗും വാഹന നമ്ബർ പ്ലേറ്റ് തിരിച്ചറിയലും ഉപയോഗിച്ച്‌ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ പേയ്‌മെന്റുകള്‍ ഓട്ടോമാറ്റിക്കായി പണം കുറയ്ക്കും.

പുതിയ ജിപിഎസ് ടോളിംഗ് സംവിധാനം എന്താണ്?
രാജ്യത്ത് റോഡുകളുടെ നിർമ്മാണത്തോടെ ടോള്‍ ബൂത്തുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, ബൂത്തുകള്‍ ഒഴിവാക്കുന്നതിനും ജിപിഎസ് അധിഷ്‍ഠിത ടോളിംഗ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ ഫാസ്ടാഗ് സംവിധാനം മാറ്റിസ്ഥാപിക്കാൻ പോകുന്നു. ടോള്‍ ബൂത്തുകളുടെ നിർമ്മാണം അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് ടോള്‍ പിരിവിന്റെ ചെലവും വർദ്ധിപ്പിക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സർക്കാർ പുതിയ ടോളിംഗ് സംവിധാനം ഏർപ്പെടുത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകള്‍. ഈ സംവിധാനത്തില്‍, ജിപിഎസിന്റെ സഹായത്തോടെ, ടോള്‍ തുക ഡ്രൈവറുടെയോ വാഹന ഉടമയുടെയോ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് കുറയ്ക്കും. ജിപിഎസ് വഴി വാഹനം നിരീക്ഷിച്ച ശേഷമായിരിക്കും ഇത്. നിശ്ചയിച്ച മാർജിനും സമയവും അടിസ്ഥാനമാക്കിയാണ് ടോള്‍ തുക കണക്കാക്കുന്നത്.

ലോണെടുക്കാന്‍ ആള് കൂടും, റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കും നല്ലകാലം; കാത്തിരുന്ന പ്രഖ്യാപനമെത്തി

ഒരു വീട് വയ്ക്കാനോ പുതിയ വാഹനം വാങ്ങാനോ ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. 
റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ തീരുമാനം പ്രഖ്യാപിക്കുമ്ബോള്‍ അത് വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ലകാലമാണെന്ന സൂചനയാണ് നല്‍കുന്നത്.
ആര്‍ബിഐ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചുവെന്നതാണ് പുതിയ പ്രഖ്യാപനം. റിപ്പോ നിരക്ക് ആറ് ശതമാനമായി കുറഞ്ഞു.

ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരിയിലും 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി വായ്പ നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന-വാഹന, വ്യക്തിഗത വായ്പ പലിശ നിരക്കും ബാങ്കുകളില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് വായ്പാ സാകര്യം ലഭിക്കാന്‍ ഇത് സഹായകമാകും. വായ്പയുടെ ചെലവ് കുറച്ച്‌ വളര്‍ച്ചയ്ക്ക് കരുത്തേകുക എന്നതാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെക്കാൻ അധികാരമില്ല; ഗവര്‍ണര്‍ക്ക് അതിനുള്ള വീറ്റോപവറില്ലെന്ന് സുപ്രീം കോടതി

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച്‌ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി.

ബില്ലുകള്‍ പിടിച്ചുവയ്ക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമർശിച്ചു.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവർണർ ആല്‍.എൻ. രവിക്കെതിരേ തമിഴ്നാട് സർക്കാർ നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവർണർമാർക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.