ബില്ലുകള്‍ പിടിച്ചുവയ്ക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമർശിച്ചു.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവർണർ ആല്‍.എൻ. രവിക്കെതിരേ തമിഴ്നാട് സർക്കാർ നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവർണർമാർക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.
No comments
Post a Comment