BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ജാഗ്രത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിർദേശങ്ങള്‍:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിർത്തി വച്ച്‌ ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേർത്തുവച്ച്‌ തല, കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

ലോകമെങ്ങും ഗുഡ് ഫ്രൈഡേ, പക്ഷേ മലയാളിക്ക് ദുഃഖ വെളളി; പേരിലെ വ്യത്യാസത്തിന്റെ കാരണമറിയാം..

ക്രൂശിതനായ യേശുവിന്റെ സ്മരണയില്‍ ലോകമെമ്ബാടുമുള്ള ക്രൈസ്തവർ ദുഃഖ വെളളി ആചരിക്കുന്നത്. 
അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ പെസഹാ വ്യാഴവും കുരിശിലെ പീഢകളുടെ സ്മരണയില്‍ ദുഃഖ വെളളിയും ഉയർത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ഈസ്റ്ററും ആചരിക്കുമ്ബോഴും പേരിലെ ചില വൈരുദ്ധ്യം എപ്പോഴും ചർച്ചകളില്‍ നിറയാറുണ്ട്.
ക്രൈസ്തവ രാജ്യങ്ങളിലെ Good Friday കേരളത്തില്‍ എത്തിയപ്പോള്‍ എങ്ങനെ ദുഃഖ വെളളിയായി എന്നതിലാണ് പ്രധാനമായും ചർച്ചകള്‍ ഉയരാറുള്ളത്. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ക്രൈസ്തവർ ദുഃഖ വെളളി ആചരിക്കുന്നത്.

2000 വർഷങ്ങള്‍ക്ക് മുമ്ബ് യേശു ജീവൻ വെടിഞ്ഞ ആ വെള്ളിയാഴ്ച പിന്നീട് Good Friday എന്ന് അറിയപ്പെട്ട് തുടങ്ങി. എന്നാല്‍ യൂറോപ്യന്മാരുടെ ആ നല്ല വെള്ളി, കരയും കടലും കടന്ന് കേരളത്തിൻറെ മണ്ണിലും ചുവട് ഉറപ്പിച്ചപ്പോള്‍ ആ 'നല്ല വെള്ളി', 'ദുഃഖ വെള്ളി'ക്ക് വഴിമാറി. ഇതിന് പല കാരണങ്ങളാണ് നിരത്തപ്പെടുന്നത്. പ്രധാനമായും ഇംഗ്ലീഷും മലയാളവും തമ്മിലെ ഭാഷാപരമായ വ്യത്യാസങ്ങള്‍ തന്നെ.

തൻറെ വിശ്വാസികളുടെ രക്ഷയ്ക്ക് വേണ്ടി യേശു വരിച്ച കുരിശു മരണം നന്മയ്ക്ക് വേണ്ടിയാണെന്നും അതിനാലാണ് ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നതെന്നും ഒരു വിഭാഗം കരുതുന്നു. എന്നാല്‍ God's Friday (ദൈവത്തിൻറെ ദിനം) എന്നായിരുന്നു ആദ്യ കാലത്ത് നല്ല വെള്ളിയെ വിളിച്ചിരുന്നത്. എന്നാല്‍ പിന്നീടിന് ഭാഷാഭേദം സംഭവിച്ച്‌ Good friday ആയതാണെന്ന് ചിലർ വാദിക്കുന്നു. അതേമസമയം Good Friday -യെ യൂറോപ്യൻ രാജ്യങ്ങളില്‍ തന്നെ Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റർ വെളളി) എന്നിങ്ങനെ വിവിധ പേരുകളിലായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഭൂരിപക്ഷം ക്രൈസ്തവ രാജ്യങ്ങളും Good Friday എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്.

എന്നാല്‍, കേരളത്തിലെ ക്രൈസ്തവർക്കും ജർമ്മൻ ക്രിസ്ത്യനികള്‍ക്കും യേശുവിൻറെ ജീവൻ നഷ്ടമായ ആ വെള്ളിയാഴ്ച ദുഃഖ വെള്ളിയാണ് (Sorrowful Friday). യേശുവിൻറെ പീഢാ സഹനങ്ങള്‍ക്ക് ജർമ്മനി ഏറെ പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ഇതെന്ന് കരുതുന്നു. ഇന്നും തൻറെ വിശ്വാസികളുടെ രക്ഷയ്ക്കായി സ്വന്തം ജീവൻ തന്നെ ത്യജിക്കാൻ തയ്യാറായ ആ മനുഷ്യപുത്രൻറെ ഓർമ്മ പുതുക്കാനായി എല്ലാ വർഷവും ഈ ദിവസം ക്രിസ്തുമത വിശ്വാസികള്‍ ആചരിക്കുന്നു.

പീലാത്തോസിൻറെ അരമനയിലെ വിചാരണ മുതല്‍ യേശുവിൻറെ മൃതദേഹം കല്ലറയില്‍ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ദിനത്തില്‍ ക്രിസ്തുമത വിശ്വാസികളുടെ പ്രാർത്ഥനകളിലും ആചാരങ്ങളിലും നിറയുന്നത്. പെസഹാ വ്യാഴത്തിലെ അന്ത്യ അത്താഴത്തിന് ശേഷം ഗാഗുല്‍ത്താ മലയിലാണ് യോശുവിനെ ക്രൂശിക്കുന്നത്. കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിർത്തെഴുന്നേറ്റുവെന്നാണു വിശ്വാസം. ലോകമെമ്ബാടുമുള്ള ദേവാലയങ്ങളില്‍ ദുഃഖവെളളിയോടനുബന്ധിച്ചു പ്രത്യേക പ്രാർഥനാ ചടങ്ങുകള്‍ നടക്കും. പീഡാനുഭവത്തിലെ 14 സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിൻറെവഴിയാണ് പ്രധാന ചടങ്ങ്.

കേരളത്തില്‍ 4 ദിവസം ഇടിമിന്നലോടെ മഴയും കാറ്റും; കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

19, 20 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇടിമിന്നല്‍ അപകടകാരികളാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും, മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു.

ടോള്‍ പ്ലാസകള്‍ ഇനിയില്ല, 15 ദിവസത്തിനകം പുതിയ ടോള്‍ നയം; വമ്ബൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകളുടെ കാര്യത്തില്‍ വലിയ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

രാജ്യത്തെ ഹൈവേകളിലെ ടോള്‍ അടയ്ക്കുന്ന രീതി മാറാൻ പോകുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളില്‍ കേന്ദ്രം പുതിയ ടോള്‍ നയം അവതരിപ്പിക്കാൻ പോകുന്നു. അതായത് മെയ് മുതല്‍ ഈ നയം നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകള്‍. എങ്കിലും നിതിൻ ഗഡ്‍കരി ഇതുവരെ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

പുതിയ നയം നടപ്പിലാക്കിക്കഴിഞ്ഞാല്‍, ടോളിനെക്കുറിച്ച്‌ പരാതിപ്പെടാൻ ആർക്കും അവസരം ലഭിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പുതിയ സംവിധാനത്തോടെ, ഫാസ്ടാഗിന്റെ പ്രവർത്തനവും അവസാനിക്കും. പുതിയ സംവിധാനത്തിന് നിലവിലെ ടോള്‍ ബൂത്തുകള്‍ ആവശ്യമില്ലെന്ന് ഗഡ്‍കരി പറഞ്ഞു. പകരം, സാറ്റലൈറ്റ് ട്രാക്കിംഗും വാഹന നമ്ബർ പ്ലേറ്റ് തിരിച്ചറിയലും ഉപയോഗിച്ച്‌ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ പേയ്‌മെന്റുകള്‍ ഓട്ടോമാറ്റിക്കായി പണം കുറയ്ക്കും.

പുതിയ ജിപിഎസ് ടോളിംഗ് സംവിധാനം എന്താണ്?
രാജ്യത്ത് റോഡുകളുടെ നിർമ്മാണത്തോടെ ടോള്‍ ബൂത്തുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, ബൂത്തുകള്‍ ഒഴിവാക്കുന്നതിനും ജിപിഎസ് അധിഷ്‍ഠിത ടോളിംഗ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ ഫാസ്ടാഗ് സംവിധാനം മാറ്റിസ്ഥാപിക്കാൻ പോകുന്നു. ടോള്‍ ബൂത്തുകളുടെ നിർമ്മാണം അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് ടോള്‍ പിരിവിന്റെ ചെലവും വർദ്ധിപ്പിക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സർക്കാർ പുതിയ ടോളിംഗ് സംവിധാനം ഏർപ്പെടുത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകള്‍. ഈ സംവിധാനത്തില്‍, ജിപിഎസിന്റെ സഹായത്തോടെ, ടോള്‍ തുക ഡ്രൈവറുടെയോ വാഹന ഉടമയുടെയോ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് കുറയ്ക്കും. ജിപിഎസ് വഴി വാഹനം നിരീക്ഷിച്ച ശേഷമായിരിക്കും ഇത്. നിശ്ചയിച്ച മാർജിനും സമയവും അടിസ്ഥാനമാക്കിയാണ് ടോള്‍ തുക കണക്കാക്കുന്നത്.

'വിവാദങ്ങളില്‍ നയം മാറ്റമില്ല, ഞങ്ങള്‍ ഞങ്ങളായി തന്നെ തുടരും'; നയം വ്യക്തമാക്കി ദിവ്യ എസ് അയ്യര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളില്‍ നയം വ്യക്താക്കി ദിവ്യ എസ് അയ്യർ ഐ എ എസ്.
സിനിമയും ജീവിതവും ഒക്കെ ഒരേ പോലെയാണെന്നും ഒരു സിനിമ പോലെയാണ് ഇപ്പോഴത്തെ വിവാദം താൻ കാണുന്നതെന്നും ദിവ്യ പറഞ്ഞു. 'സിനിമ റിലീസ് ആവുമ്ബോള്‍ ആളുകള്‍ പല വിധത്തിലുള്ള പ്രതികരണം നടത്തും. നമ്മള്‍ ഉദ്ദേശിച്ചത് ആവില്ല കാഴ്ച്ചക്കാരന്‍ കാണുക. ചിലർക്ക് ഇഷ്ടമായെന്ന് വരില്ല. ' ദിവ്യ റിപ്പോർട്ടറിനോട് വ്യക്തമാക്കി. സൈബർ ആക്രമണം കൊണ്ടു നയത്തില്‍ മാറ്റമില്ലായെന്നും താനും ശബരീനാഥനും തങ്ങളായി തന്നെ തുടരുമെന്നും ദിവ്യ എസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. കർണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീർത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താൻ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ എസ് അയ്യർ കുറിച്ചിരുന്നു.

പോസ്റ്റിന് പിന്നാലെ വ്യാപകമായി ദിവ്യയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരൻ, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. 'പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സർവ്വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട മഹതിയാണ് ദിവ്യ എസ് അയ്യർ' എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്.
കർണ്ണൻ ആരായിരുന്നെങ്കിലും മരണം വരെ ധർമ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോ സംഗതി ശരിയാണ്, കുറ്റം പറയാൻ പറ്റില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പോസ്റ്റ് വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും ദിവ്യയുടെ ജീവിതപങ്കാളിയുമായ ശബരീനാഥനും രംഗത്തെത്തി. അഭിനന്ദനം സദുദ്ദേശപരമാണെങ്കിലും വീഴ്ച്ചയുണ്ടായി എന്നാണ് ശബരീനാഥൻ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിച്ചത് അതുപോലെയല്ല. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമർശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ല' എന്നായിരുന്നു ശബരീനാഥന്‍റെ പ്രതികരണം.

അതേസമയം തന്റെ പോസ്റ്റില്‍ വിശദീകരണവുമായി ദിവ്യ എസ് അയ്യരും രംഗത്ത് എത്തിയിരുന്നു.

തന്‍റെ അനുഭവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ഉത്തമബോധ്യത്തിലും ചില മനുഷ്യരില്‍ ഞാൻ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചുപറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് ഈ വിമർശനങ്ങള്‍ എന്നും നന്മയുള്ളവരെ കുറിച്ച്‌ നാലാളോട് പറയാൻ പ്രയാസം വേണ്ടെന്നും ദിവ്യ എസ് അയ്യർ ഇൻസ്റ്റയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

വീണ്ടും വൻകുതിപ്പ്: സ്വര്‍ണം പവന് 71,360 രൂപയായി

യു എസ് ചൈന വ്യാപാര സംഘർഷം മുറുകിയതോടെ പിടിച്ചാല്‍ കിട്ടാതെ സ്വർണം. സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപ കൂടി 71,360 രൂപയായി.

70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഗ്രാമിന്റെ വിലയാകട്ടെ 8,815 രൂപയില്‍നിന്ന് 8,920 രൂപയുമായി. 105 രൂപയാണ് കൂടിയത്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവന്റെ വിലയില്‍ വർധനവുണ്ടായത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,342 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാമിന് 95,840 രൂപയുമായി.

വ്യാപാര സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതാണ് വില വർധനവിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വർണം വാങ്ങുന്നതും ഡോളർ ദുർബലമാകുന്നതും സ്വർണം നേട്ടമാക്കി.