സംഘർഷ സാഹചര്യം ലഘൂകരിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും പാകിസ്താനോടും ആവശ്യപപെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുമാണ് സംസാരിച്ചത്.
തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യു എസിന്റെ ഉറച്ച് നിലപാട് ആവർത്തിച്ച അദ്ദേഹം മനസ്സാക്ഷിയില്ലാത്ത ഭീകരാക്രമണം അന്വേഷിക്കുന്നതില്‍ പാകിസ്ഥാന്റെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ജയശങ്കറുമായുള്ള കോളില്‍ പഹല്‍ഗാം ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്ക് യുഎസിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. "ഇന്ത്യയും പാകിസ്ഥാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിച്ച് സംഘർഷം ഒഴിവാക്കണം," എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ്, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായുള്ള സഹകരണം യു എസ് ശക്തിപ്പെടുത്തും," എന്നും വ്യക്തമാക്കി.
ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തിലും റൂബിയോ ആക്രമണത്തെ പൂർണ്ണമായും തള്ളുകയും അപലപിക്കുകയും ചെയ്തു. ഇന്ത്യയുമായി ചേർന്ന് സമാധാനം നിലനിർത്താൻ പാകിസ്ഥാനെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, നേരിട്ടുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. എന്നാല്‍, ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതം എന്നായിരുന്നു ആരോപിച്ചത്. ഇന്ത്യയുടെ നടപടികളെ പ്രകോപനപരം എന്ന് വിമർശിച്ച് അദ്ദേഹം നിഷ്പക്ഷ അന്വേഷണത്തിന് ആഹ്വാനം ചെയ്തു.
തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകള്‍ക്ക് നിർദ്ദേശം നല്‍കിയ സാഹചര്യത്തില്‍ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടിയതായുള്ള വാർത്തകള്‍ പുറത്ത് വരുന്നതിന് ഇടയില്‍ കൂടിയാണ് മാർക്ക് റൂബിയോയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും ലൈൻ ഓഫ് കണ്‍ട്രോളില്‍ (എല്‍ ഒ സി) തുടർച്ചയായി വെടിവെപ്പ് തുടരുന്നതാണ് സംഘർഷ സാഹചര്യം രൂക്ഷമാക്കിയിരിക്കുന്നത്. പാക് ഇന്‍ഫർമേഷന്‍ വകുപ്പ് അത്തൗള്ള താരാർ, ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ സൈനിക നടത്തുമെന്ന വിവരം ലഭിച്ചതായും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
യു എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രങ്ങളിലേയും നേതാക്കളുമായും സംസാരിച്ച് 'നീതിയും ഉത്തരവാദിത്തവും' ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു എൻ സെക്യൂരിറ്റി കൗണ്‍സില്‍, ആക്രമണത്തെ അപലപിച്ചെങ്കിലും, പാകിസ്ഥാന്റെയും ചൈനയുടെയും ഇടപെടലിനെ തുടർന്ന് പ്രസ്താവന മയപ്പെടുത്തി. ഏപ്രില്‍ 24-ന് യു എൻ വക്താവ് സ്റ്റെഫാൻ ദുജാറിക്, സ്ഥിതിഗതികള്‍ വഷളാകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വർദ്ധിച്ചുവരുന്ന സംഘർഷ സാഹചര്യത്തില്‍ സൗദി അറേബ്യയും ഖത്തറും ആശങ്ക പ്രകടിപ്പിക്കുകയും തർക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരങ്ങള്‍ തേടാൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. സംയമനം പാലിക്കാനും, സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാനുമാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.
തർക്കങ്ങള്‍ക്ക് നയതന്ത്ര പരിഹാരങ്ങള്‍ തേടണമെന്ന് ആവശ്യപ്പെട്ട സൗദി അറേബ്യ നല്ല അയല്‍പക്ക ബന്ധങ്ങള്‍ വളർത്തിയെടുക്കുന്നതിന്റെയും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം സൗദി എടുത്തുകാട്ടി. സംഘർഷങ്ങള്‍ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങള്‍ക്കും സൗദി അറേബ്യ പിന്തുണ അറിയിച്ചു.
സമാനമായ രീതിയില്‍ പരമാവധി സംയമനം പാലിക്കാനും ക്രിയാത്മകമായ സംഭാഷണങ്ങളില്‍ ഏർപ്പെടാനും ഖത്തർ ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു. നയതന്ത്രത്തിലൂടെയുള്ള സമാധാനപരമായ സംഘർഷ പരിഹാരമാണ് മേഖലയിലും അതിനപ്പുറത്തും സ്ഥിരതയിലേക്കുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.