BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

മന്ത്രിയുമായുള്ള ചര്‍ച്ചയും പരാജയം: ആശമാരുടെ നിരാഹാര സമരം ഇന്ന് മുതല്‍

എൻ.എച്ച്‌.എം ഡയറക്ടറുമായും പിന്നാലെ ആരോഗ്യമന്ത്രിയുമായും നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്.
അസോസിയേഷൻ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ഷീജ എന്നിവരാണ്‌ ഇന്ന് രാവിലെ 11 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ നിരാഹാരമിരിക്കുക.

ഓണറേറിയം വർദ്ധിപ്പിക്കുക, പെൻഷൻ ആനുകൂല്യം ഏർപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ ഉറപ്പുനല്‍കാൻ ചർച്ചയില്‍ സർക്കാർ തയ്യാറായില്ലെന്ന് കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക്

നാഷണല്‍ ഹെല്‍ത്ത് മിഷൻ കേരള ഘടകത്തിന്റെ ഓഫീസിലാണ് എൻ.എച്ച്‌.എം ഡയറക്ടർ വിനയ് ഗോയലുമായി ചർച്ച നടന്നത്. സർക്കാരിന് പണമില്ലെന്നും സമയം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്തില്ല.

തിരിച്ചെത്തിയ സമരക്കാർ മുദ്രവാക്യം മുഴക്കി പ്രതിഷേധജാഥ നടത്തുന്നതിനിടെയാണ്‌ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചത്‌. നിയമസഭയിലെ മന്ത്രിയുടെ ക്യാബിനിലായിരുന്നു ചർച്ച. കാര്യങ്ങള്‍ യാഥാർത്ഥ്യബോധത്തോടെ കാണണമെന്നും പിരിഞ്ഞുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമരക്കാർ വഴങ്ങിയില്ല. നിരാഹാര സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കണ്ണില്‍പൊടിയിടാനുള്ള ചർച്ച മാത്രമായിരുന്നു ഇതെന്ന് സമരക്കാർ ആരോപിച്ചു. മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടശേഷവും സമരക്കാർ പ്രകടനം നടത്തി.

കേരള ആശ ഹെല്‍ത്ത്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി.കെ. സദാനന്ദൻ, വൈസ്‌ പ്രസിഡന്റ്‌ എസ്‌. മിനി, സംസ്ഥാന സമിതി അംഗങ്ങളായ കെ.പി. റോസമ്മ, എസ്‌. ശാലിനി, ബീന പീറ്റർ, രാജി, പി.ശാന്തമ്മ, ആർ. ഷീജ എന്നിവരാണ്‌ ചർച്ചയില്‍ പങ്കെടുത്തത്‌.

കേരളത്തില്‍ ആദ്യമായി എത്തുന്നത് കൊച്ചിയില്‍; പിന്നാലെ മറ്റിടങ്ങളിലേക്കും എത്തിയേക്കും

ഹൈഡ്രജൻ ഇന്ധനമായ കേരളത്തിലെ ആദ്യത്തെ ബസ് കൊച്ചിയിലെത്തി. അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് വിമാനയാത്രക്കാർക്ക് വേണ്ടിയാണ് സർവീസ് നടത്തുക.

30 സീറ്റ് ബസിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എല്‍) ഇന്ധനം നല്‍കും. ഒട്ടും അന്തരീക്ഷ മലിനീകരണമില്ലാത്ത യാത്രയാണ് പ്രത്യേകത. കെ.പി.ഐ.ടി ടെക്‌നോളജീസ്, ബി.പി.സി.എല്‍ എന്നിവയുമായി സഹകരിച്ച്‌ ജപ്പാനിലെ മിറ്റ്‌സുയി ആൻഡ് കമ്ബനി ലിമിറ്റഡ്, നെതർലൻഡ്‌സിലെ വി.ഡി.എല്‍ ഗ്രൂപ്പ്‌എന്നിവയുടെ പിന്തുണയോടെ ഇ.കെ.എ മൊബിലിറ്റിയാണ് ബസ് നിരത്തിലിറക്കുന്നത്.

ഒമ്ബതുമീറ്റർ നീളമുള്ള ബസില്‍ ഹൈഡ്രജൻ ഇന്ധന സെല്‍ സാങ്കേതികവിദ്യ സംയോജിപ്പിച്ചു. ബി.പി.സി.എല്ലാണ് ഹൈഡ്രജൻ ഉത്പാദനം, വിതരണം, ഇന്ധനം നിറയ്ക്കല്‍ എന്നിവ നിർവഹിക്കുന്നത്.

ഹൈഡ്രജൻ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ സ്വീകാര്യത ബസിന്റെ വരവോടെ വേഗത്തിലാകുമെന്ന് അധികൃതർ പറഞ്ഞു. ഹരിത ഹൈഡ്രജൻ അടിസ്ഥാന സൗകര്യത്തില്‍ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യും. ശുദ്ധമായ ഊർജ പരിഹാരങ്ങള്‍ കൂടുതലാക്കുന്നതിലൂടെ സുസ്ഥിര സഞ്ചാരത്തില്‍ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.

സുസ്ഥിര നഗര ഗതാഗതത്തിനുള്ള ശുദ്ധമായ ഊർജ്ജ പരിഹാരങ്ങള്‍ക്ക് തുടക്കമിടുകയാണ്.

'ആദ്യം കഴുത്തുഞെരിച്ച്‌ ചുമരില്‍ തലയിടിച്ചു, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു'; അഫാനെതിരെ ഉമ്മ ഷെമിയുടെ ആദ്യമൊഴി

വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി. 
അഫാൻ ആദ്യം കഴുത്ത് ഞെരിച്ച്‌ ചുമരില്‍ തലയടിച്ചുവെന്നും ബോധം വന്നപ്പോള്‍ മകൻ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നല്‍കി.

ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവർ മൊഴിയില്‍ പറയുന്നു.

സംഭവ ദിവസം 50,000രൂപ കടം തിരികെ നല്‍കണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ ഉള്‍പ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങള്‍ കേട്ടത് മകന് സഹിച്ചില്ല. ഇതിന് ശേഷമാണ് അഫാൻ ആക്രമിച്ചത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. യൂ ട്യൂബില്‍ ഇളയമകനെ കൊണ്ട് പലതും സെർച്ച്‌ ചെയ്യിച്ചുവെന്നും ഷെമി മൊഴി നല്‍കി. കിളിമാനൂർ എസ്‌എച്ച്‌ഒക്കാണ് മൊഴി നല്‍കിയത്.

ഏഴ് പേര്‍ക്ക് വരെ ഇരിപ്പിടം, 45 യാത്രകള്‍; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ പേടകത്തിന് സവിശേഷതകളേറെ

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഉള്‍പ്പടെ ക്രൂ-9 ദൗത്യത്തിലെ നാല് ഗവേഷകര്‍ ഭൂമിയില്‍ തിരിച്ചെത്തിക്കഴിഞ്ഞു.

ഒമ്ബത് മാസത്തിലധികമായി ബഹിരാകാശത്ത് കഴിഞ്ഞിരുന്ന സുനിത വില്യംസ് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം കാപ്സ്യൂള്‍ വഴിയാണ് മടങ്ങിയെത്തിയത്. ഡ്രാഗണ്‍ കാപ്സ്യൂള്‍ എത്രത്തോളം വ്യത്യസ്‍തമാണെന്നും അതിന്‍റെ പ്രവർത്തനരീതികള്‍ എങ്ങനെയാണെന്നും മനസിലാക്കാം.
ഏഴ് പേരെ വരെ വഹിക്കും, ഐഎസ്‌എസിനും അപ്പുറത്തേക്ക്

8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനുള്ളത്. ലോഞ്ച് പേലോഡ് മാസ് 6,000 കിലോഗ്രാമും റിട്ടേണ്‍ പേലോഡ് മാസ് 3,000 കിലോഗ്രാമുമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങളില്‍ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന് ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ആദ്യത്തെ സ്വകാര്യ പേടകവുമാണിത്. നിലവില്‍ ഭൂമിയിലേക്ക് ബഹിരാകാശ നിലയത്തില്‍ നിന്ന് ഗണ്യമായ അളവില്‍ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരികെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകമാണിത് എന്നുമാണ് സ്‌പേസ് എക്സ് പറയുന്നത്.

ലളിതമായി പറഞ്ഞാല്‍, ഡ്രാഗണ്‍ കാപ്സ്യൂളിന്‍റെ ജോലി ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുകയും അവിടെയുള്ള ബഹിരാകാശ യാത്രികരെ ഭൂമിയിലേക്ക് കൊണ്ടുവരികയുമാണ്. ഇലോണ്‍ മസ്‍കിന്‍റെ കമ്ബനിയാണ് ഡ്രാഗണ്‍ തയ്യാറാക്കിയത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്‌പേസ് എക്‌സും സംയുക്തമായിട്ടാണ് ഡ്രാഗണ്‍ കാപ്സ്യൂള്‍ പരീക്ഷിച്ചത്. 2020ലായിരുന്നു ഡ്രാഗണ്‍ പേടകത്തിന്‍റെ ആദ്യ ഐഎസ്‌എസ് സന്ദര്‍ശനം.

കാര്‍ഗോ ആയും ഉപയോഗം

ഏഴ് പേരെ വഹിക്കാൻ വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഡ്രാഗണ്‍ ക്യാപ്‍സൂള്‍ എന്ന് പറഞ്ഞുവല്ലോ. അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച്‌ തിരിച്ചെത്താൻ ഡ്രാഗണ്‍ ക്യാപ്‍സൂളിന് കഴിയും. ഇതിന് ഭൂമിയില്‍ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് വലിയ അളവില്‍ സാധനങ്ങള്‍ കൊണ്ടുപോകാനും അവിടെ നിന്ന് തിരികെ കൊണ്ടുവരാനും കഴിയും. അതിനാല്‍ ഒരു കാര്‍ഗോ ബഹിരാകാശ പേടകമായും ഡ്രാഗണിനെ ഉപയോഗിക്കാം.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മനുഷ്യരെ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ ബഹിരാകാശ പേടകമാണിത്. 8.1 മീറ്റർ നീളമുള്ള ഡ്രാഗണ്‍ ക്യാപ്‍സൂളില്‍ 16 എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗ് എളുപ്പമാക്കുന്നതിന്, അതില്‍ ആറ് പാരച്യൂട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പേടകത്തിന്‍റെ വേഗത സ്ഥിരപ്പെടുത്താൻ രണ്ട് പാരച്യൂട്ടുകള്‍ പ്രവർത്തിക്കുന്നു. അതേസമയം, ലാൻഡിംഗിന് മുമ്ബ് ബഹിരാകാശ പേടകത്തിന്‍റെ വേഗത കുറയ്ക്കാൻ നാല് പാരച്യൂട്ടുകള്‍ സഹായിക്കുന്നു. ഈ രീതി ബഹിരാകാശ യാത്രികരെ വെള്ളത്തില്‍ ഇറക്കുന്നത് എളുപ്പമാക്കുന്നു.

44 തവണ ബഹിരാകാശ നിലയത്തില്‍ പോയ പേടകം

ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ഇതുവരെ 44 തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നിട്ടുണ്ട്. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗിനായി ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ പാരച്യൂട്ട് സംവിധാനം ഉപയോഗിക്കുന്നതായി സ്‌പേസ് എക്‌സ് അവകാശപ്പെടുന്നു. ദൗത്യത്തില്‍ ബഹിരാകാശ പേടകത്തെ നയിക്കാൻ സഹായിക്കുന്ന 16 ഡ്രാക്കോ ത്രസ്റ്ററുകള്‍ ഡ്രാഗണ്‍ ക്യാപ്‍സൂളില്‍ ഉപയോഗിക്കുന്നു. ഓരോ ഡ്രാക്കോ ത്രസ്റ്ററും ബഹിരാകാശത്ത് 90 പൗണ്ട് ബലം ഉത്പാദിപ്പിക്കുന്നു.

ഡ്രാഗണിന്‍റെ അടുത്ത സ്റ്റോപ്പ് ഭൂമി, പക്ഷേ സുനിത വില്യംസ് നേരെ വീട്ടിലേക്കല്ല; ആദ്യം പോവുക ആശുപത്രിയിലേക്ക്

നീണ്ട 9 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം നാസയുടെ സുനിത വില്യംസും ബുച്ച്‌ ബുല്‍മോറും ഭൂമിയിലേക്കുള്ള മടക്ക യാത്ര തുടങ്ങി.

ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യം ഇന്ന് രാവിലെയൊണ് ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) നിന്ന് അണ്‍ഡോക്ക് ചെയ്തത്. സുനിതയ്ക്കും ബുച്ചിനുമൊപ്പം നിക് ഹേഗും അലക്സാണ്ടർ ഗോർബനോവും സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയിലേക്ക് മടക്കയാത്രയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ ലാന്‍ഡ് ചെയ്താലുടന്‍ ഈ നാല്‍വര്‍ സംഘത്തെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇതിന് ശേഷമാകും അവരവരുടെ വീട്ടിലേക്കുള്ള മടക്കം.

ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27നാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തെ തിരികെ ഭൂമിയിലെത്തിക്കുന്ന ഫ്രീഡം ഡ്രാഗണ്‍ ക്യാപ്സൂളിന്‍റെ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഡ്രാഗണ്‍ പേടകം അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ ആണ് ലാന്‍ഡ് ചെയ്യുക. ഇതിന് ശേഷം ക്യാപ്‌സൂള്‍ നാസയും സ്പേസ് എക്സും ചേര്‍ന്ന് കരയ്ക്കെത്തിക്കും. ലോ-ഗ്രാവിറ്റിയില്‍ നിന്നാണ് ബഹിരാകാശ യാത്രികരുടെ വരവ് എന്നതിനാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് പ്രയാസമായിരിക്കും. അതിനാല്‍ സുനിത വില്യംസ്, ബുച്ച്‌ വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെത്തിച്ച്‌ പോസ്റ്റ്-ഫ്ലൈറ്റ് വൈദ്യപരിശോധനയ്ക്ക് നാസ ആദ്യം വിധേയമാക്കും. നാല് സഞ്ചാരികള്‍ക്കും ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നാസയുടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നല്‍കും.
ബഹിരാകാശ യാത്രയ്ക്ക് മുമ്ബുള്ള അവസ്ഥയിലേക്ക് തിരികെയെത്തിക്കുന്നതിനായി ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്ന എല്ലാ യാത്രികര്‍ക്കും റീഹാബിലിറ്റേഷന്‍ പോഗ്രാം നാസ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ ബഹിരാകാശ യാത്രയ്ക്ക് ശേഷവും ബഹിരാകാശ യാത്രികരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഈ വിശദ പരിശോധനയും റീഹാബിലിറ്റേഷനും. ഇതിന്‍റെ ഭാഗമായി ശാരീരിക പരിശോധനകള്‍, മനഃശാസ്ത്രപരമായ വിലയിരുത്തലുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ പോസ്റ്റ്-ഫ്ലൈറ്റ് മെഡിക്കല്‍ ടെസ്റ്റുകളും അവലോകനങ്ങളും സ്പേസ് മെഡിസിനില്‍ പരിചയസമ്ബന്നരായ നാസയുടെ മെഡിക്കല്‍ സംഘം നടത്തും. ഒരു ഫ്ലൈറ്റ് സര്‍ജനും, വ്യായാമ വിദഗ്ധനും, ഫിസിയോതെറാപ്പിസ്റ്റും ചേര്‍ന്ന സംഘമാണ് ഇതിന് നേതൃത്വം നല്‍കുക. മസാജ് തെറാപ്പി, ഫിസിക്കല്‍ റീക്കണ്ടീഷനിംഗിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ എല്ലാം ഈ സെഷനുകളില്‍ ഉള്‍പ്പെടുന്നു. ഇതിനെല്ലാം നാസ ശാസ്ത്രീയമായി തയ്യാറാക്കിയ പ്രോട്ടോക്കോള്‍ പിന്തുടരുന്നുണ്ട്.

ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പാക്കാനായി മാത്രമല്ല, ഭാവി പര്യവേഷണങ്ങള്‍ക്ക് മുമ്ബ് സ്വീകരിക്കേണ്ട കൂടുതല്‍ നടപടികളെ കുറിച്ച്‌ അറിയാന്‍ കൂടിയാണ് നാസ ഈ വൈദ്യപരിശോധനകളും റീഹാബിലിറ്റേഷനും സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ക്രൂ-9 സംഘത്തില്‍ മടങ്ങിയെത്തുന്ന സുനിത വില്യംസ്, ബുച്ച്‌ വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവര്‍ക്ക് ഈ പരിശോധനകളും പരിശീലനങ്ങളുമെല്ലാം പൂര്‍ത്തിയാക്കി, ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ട ശേഷമേ വീട്ടിലേക്ക് മടങ്ങാനാകൂ. ബഹിരാകാശ യാത്രയ്ക്ക് പോകും മുമ്ബുള്ള കഠിന പരിശീലനം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനും.

വമ്ബിച്ച ആദായവില്പന ! തട്ടിപ്പില്ലാതെ പാതിവിലയ്ക്ക് ബെവ്കോ ഔട്ട്ലെറ്റില്‍‌ ബ്രാൻഡ‍ി കമ്ബനിയുടെ സ്റ്റോക്ക് ക്ലിയറൻസ് വില്‍പന.

ബിവറേജസ് കോർപറേഷൻ മദ്യവില്‍പനശാലകളില്‍ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ്. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്ബനിയാണ് ചില ബ്രാൻഡുകള്‍ നിർത്തുന്നതിന്‍റെ ഭാഗമായി വില പകുതിയായി കുറച്ചത്.

1310 രൂപയ്ക്കു വിറ്റിരുന്ന ബ്രാൻഡിയുടെ വില 650 രൂപയാക്കി കുറച്ചു. സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. സർക്കാർ നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയില്‍ കുറവുണ്ടാവില്ല. നഷ്ടം കമ്ബനിക്ക് മാത്രമായിരിക്കും.

അതേസമയം ക്യൂവില്‍ ആളുണ്ടെങ്കില്‍ രാത്രി ഒൻപത് മണി കഴിഞ്ഞാലും ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പന തുടരണമെന്ന ഉത്തരവ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. അസിസ്റ്റന്റ് ജനറല്‍ മാനേജർ ടി മീനാകുമാരിയാണ് ഉത്തരവ് പുറത്തിറക്കിയത്. വെള്ളിയാഴ്ച പുറത്തുവന്ന ഉത്തരവിലെ കാര്യങ്ങള്‍ അന്നുതന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. ഉത്തരവ് വിവാദമായതോടെ പിൻവലിക്കുകയും ചെയ്തു.

രാവിലെ 10 മണിമുതല്‍ രാത്രി ഒൻപത് മണിവരെയാണ് ബെവ്കോയുടെ പ്രവൃത്തിസമയം. സാധാരണയായി 9മണിക്ക് ഷോപ്പുകള്‍ അടയ്ക്കാറുണ്ട്. ഇനി അങ്ങനെ പാടില്ലെന്നാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്. രാത്രി ഒൻപത് മണിക്ക് ക്യൂവില്‍ ആളുണ്ടെങ്കില്‍ അവർക്കെല്ലാം മദ്യം നല്‍കുന്നത് ഉറപ്പാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ബാർ ഉടമകളുടെ സംഘടനകള്‍‌ അടക്കം ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തോ? പുത്തന്‍ സാങ്കേതിക വിദ്യ മൊബൈല്‍ ഫോണിനെ ഇല്ലാതാക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്.

മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത ഒരു കാലത്താണ് ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ രാത്രി ഉറങ്ങും വരെ എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ അടുത്ത് തന്നെ വേണം.

മൊബൈലിന്റെ അലാം കേട്ടാണ് ഭൂരിഭാഗവും ഉറക്കം ഉണരുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ യുഗം ഉടന്‍ അവസാനിക്കുമെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്. സുക്കര്‍ബര്‍ഗ് പറയുന്നത് ശെരിയാണെങ്കില്‍ വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഗ്ലാസ് വിപണി കീഴടക്കുമെന്നും അതോടെ മൊബൈല്‍ ഫോണ്‍ ഇല്ലാതെ ആകുകയും ചെയ്യും.

മനുഷ്യനെ ഡിജിറ്റല്‍ ലോകവുമായി ബന്ധിപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ കാലഹരണപ്പെട്ടു പോകുമെന്നാണ് സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ അമ്മാനമാടുന്ന സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നത്. ഇത് കേള്‍ക്കുമ്ബോള്‍ അസാധ്യമെന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇതിനുള്ള കോപ്പുകൂട്ടല്‍ തുടങ്ങി കഴിഞ്ഞു. മെറ്റ, ആപ്പിള്‍ തുടങ്ങി പല സാങ്കേതിക ഭീമന്മാരും കോടിക്കണക്കിന് രൂപയാണ് സ്മാര്‍ട്ട് ഗ്ലാസിനായി മുതല്‍ മുടക്കിയിരിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിയുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിറ്റേയും സഹായത്തോടെ ഇത് സാധ്യമാക്കാനുള്ള പ്രയത്‌നത്തിലാണ് ഇവരെല്ലാം.
ദിവസത്തില്‍ ഓരോ നിമിഷവും ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറ ഫോണ്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്നചോദ്യം. ഇന്ന് മനുഷ്യരുടെ ഷെഡ്യൂളുകളും സാമൂഹിക ജീവിതവും ഷോപ്പിങ് കള്‍ച്ചറുമെല്ലാം നിയന്ത്രിക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍ ആണെങ്കിലും പലപ്പോഴും ഇവ ബാധ്യതയും ആകാറുണ്ട്. തുടര്‍ച്ചയായി വരുന്ന നോട്ടിഫിക്കേഷനുകളും ചാര്‍ജ് ചെയ്യേണ്ടി വരുന്നതുമെല്ലാം പലര്‍ക്കും ബാധ്യതയാണ്. അതുകൊണ്ട് തന്നെ മൊബൈള്‍ ഫോണിനെ ഇല്ലാതാക്കി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് സാങ്കേതിക ഭീമന്മാരുടെ ശ്രദ്ധ മുഴുവന്‍.

മെറ്റയുടെ ഓറിയോണ്‍ പ്രോജക്‌ട് ഇതിനുള്ള പണി തുടങ്ങി കഴിഞ്ഞു. പാട്ടു കേള്‍ക്കാനും ഫോട്ടോ എടുക്കാനും കോള്‍ ചെയ്യാനുമെല്ലാം കുറച്ച്‌ കൂടി ഈസിയായ ഒന്നിനെയാണ് സുക്കര്‍ബര്‍ഗിന്റെ ടീം ലക്ഷ്യം വയ്ക്കുന്നത്. ആപ്പിളിന്റെ വിഷന്‍ പ്രോയും പങ്കുവെയ്ക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ യുഗത്തിന് അന്ത്യമാവുന്നു എന്ന് തന്നെയാണ്. ആപ്പിളും ഇതിനായി കോടിക്കണക്കിന് രൂപയാണ് നിക്ഷേപിക്കുന്നത്. ഗൂഗിളും സാംസങും പോലുള്ള മറ്റ് കമ്ബനികളും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ സ്മാര്‍ട്ട് ഗ്ലാസ് വികസിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. വോയിസ് കമാന്‍ഡുകള്‍ നല്‍കുന്നതും ഭാഷാ അതിര്‍ വരമ്ബുകള്‍ ഇല്ലാതാക്കുന്നതുമായ പുതിയ സാങ്കേതിക വിദ്യയാണ് എല്ലാവരും ലക്ഷ്യം വയ്ക്കുന്നത്.

ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകും, മുന്നറിയിപ്പ്

ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി എംവിഡി.
ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ഡിഒ എന്ന പേരില്‍ എത്തുന്ന എപികെ ഫയല്‍ ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും എപികെ ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.

മോട്ടോര്‍ വാഹന വകുപ്പോ, പൊലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്ബറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്ബറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.

ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി ചെക്ക് പെന്‍ഡിങ് ട്രാന്‍സാക്ഷന്‍ എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്ബറോ,ചലാന്‍ നമ്ബറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്‍ഡിങ്ങ് ഉണ്ടോ എന്ന് അറിയാം. ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്ബറിലേക്ക് ബന്ധപ്പെടാമെന്നാം എംവിഡി അറിയിച്ചു.

സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശമാര്‍; നാല് ഗേറ്റും വളയും, സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം.

സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശാ പ്രവര്‍ത്തകര്‍. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റ് 4 ഗേറ്റും ആശമാര്‍ ഉപരോധിക്കും.
വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിന്റെ ഭാഗമായേക്കും.
വേതന വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉപരോധ ദിവസം നടക്കാനിരിക്കെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഏകദിന പരിശീലന പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം ,തൃശൂര്‍ ജില്ലകളിലാണ് പരിശീലനം. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച്‌ വൈകിട്ടു തന്നെ ജില്ല ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശമാരുടെ ആരോപണം. എന്‍എച്ച്‌എം ഭരണകക്ഷിയുടെ ചട്ടുകമാകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ടാബുകളുടെ ലോകത്ത് ഇവൻ വിലസും: വണ്‍പ്ലസ് പാഡ് 2 പ്രോ ഉടൻ വിപണിയിലേക്ക്‌.

ഡിസ്‌പ്ലേയുടെ വലിപ്പം കൊണ്ട് ടാബുകള്‍ക്കിടയില്‍ കിങ് ആയി വിലസാൻ ഒരുങ്ങുന്ന ഒരാള്‍ പണിപ്പുരയിലുണ്ട്. സാക്ഷാല്‍ വണ്‍പ്ലസിന്റെ പുത്രൻ.

വണ്‍പ്ലസ് പാഡ് 2 പ്രോ (OnePlus Pad 2 Pro ) ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. 13.2 ഇഞ്ചിന്റെ 144 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 3.4K റെസല്യൂഷനോടുകൂടിയ എല്‍സിഡി സ്‌ക്രീൻ വണ്‍പ്ലസ് പാഡ് 2 പ്രോയിയുടെ എറ്റവും പ്രധാന പ്രത്യേകത. 600 നിറ്റ്സ് വരെ ബ്രൈറ്റ്നെസും ലഭിക്കും. 3.4 കെ റസലൂഷനുള്ള ഡിസ്പ്ലേയ്ക്ക് ഡോള്‍ബി വിഷൻ പിന്തുണയുണ്ട്. 30 ഹെർട്‌സ്, 48 ഹെർട്സ്, 50 ഹെർട്‌സ്, 60 ഹെർട്‌സ്, 90 ഹെർട്‌സ്, 120 ഹെർട്‌സ്, 144 ഹെർട്‌സ് എന്നിങ്ങനെ റിഫ്രഷ്റേറ്റ് മാറ്റാനാവും.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് ടാബിന്റെ പ്രവർത്തനം. ടെക്സ്ചേർഡ് ഫിനിഷോടുകൂടിയ മെറ്റല്‍ യുണിബോഡിയാണ് വണ്‍പ്ലസ് ടാബ് 2 പ്രോക്ക് നല്‍കാൻ സാധ്യത. അഡ്രിനോ 750 ജിപിയു ആണിതില്‍ നല്‍കിയിട്ടുള്ളത്. 10000 എംഎഎച്ച്‌ ബാറ്ററിയില്‍ 40 ദിവസത്തോളം സ്റ്റാന്റ്ബൈ മോഡില്‍ ചാർജ് നില്‍ക്കുമെന്നാണ് കമ്ബനിയുടെ വാഗ്ദാനം.
കൂടുതല്‍ ശക്തമായ ബാസ് എഫക്‌ട് മികച്ച ശബ്ദ പ്രകടനവും മികച്ച സ്റ്റീറിയോ ഓഡിയോയും നല്‍കാനായി ആറ് സ്പീക്കറുകളും നല്‍കിയിട്ടുണ്ട്. 10000 mAh ബാറ്ററിക്ക് 67W SUPERVOOC ഫാസ്റ്റ് ചാർജിംഗ് നല്‍കിയതിനാല്‍ 80 മിനിറ്റില്‍ ടാബ് പൂർണ്ണമായി ചാർജ് ചെയ്യാമെന്ന് കമ്ബനി പറയുന്നു. വണ്‍പ്ലസ് സ്റ്റൈലോ 2 എന്ന റ്റൈലസ് പെൻ ടാബില്‍ എഴുതുന്നതിനും വരയ്ക്കുന്നതിനുമായി ഉപയോഗിക്കാം.

കൂടാതെ വണ്‍പ്ലസ് സ്മാർട്ട് കീബോർഡും ഇതില്‍ ഉപയോഗിക്കാവുന്നതാണ്. 13 എംപി റിയർ ക്യാമറയയും 8 എംപി മുൻ ക്യാമറയും വണ്‍പ്ലസ് പാഡ് 2 പ്രോയിലും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് ക്യാമറകളിലും ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യമുണ്ട്. ഫേസ് അണ്‍ലോക്ക് ലഭ്യമാണ്.

വൈഫൈ ഓപ്ഷൻ മാത്രമാണ് ഇതിനുള്ളത്. ചാർജ് ചെയ്യുന്നതിനും ഓഡിയോ ഡിവൈസുകള്‍ക്കും വേണ്ടി ടൈപ്പ് സി പോർട്ട് നല്‍കാനാണ് സാധ്യത. ഫോട്ടോകളില്‍ നിന്നും ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാൻ AI Eraser 2.0 സവിശേഷതകളുണ്ട്. സ്റ്റിക്കർ ഉണ്ടാക്കാൻ സ്മാർട്ട് കട്ടൗട്ട്, എഐ സമ്മറി ആന്റ് എഐ റൈറ്റർ പോലുള്ള ഫീച്ചറുകളുള്ള എഐ ടൂള്‍ബോക്‌സുകളും വണ്‍പ്ലസ് ടാബ് 2 പ്രോയില്‍ ഉണ്ടാകുമെന്ാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. 

16 ജിബി വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇന്റേണല്‍ സ്റ്റോറേജും വണ്‍പ്ലസ് പാഡ് 2 പ്രോ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലുമിനിയം യുണിബോഡി സീംലെസ് ഡിസൈൻ ദീർഘകാല സ്ഥിരതയും നല്‍കുന്നു. അനോഡൈസേഷൻ, സ്‌ക്രാച്ച്‌-ഫ്രീ സവിശേഷത ഉറപ്പാക്കുന്നു. സ്‌നാപ് ഡ്രാഗണ്‍ 8 ജെൻ 3 പ്രോസസർ ഏറ്റവും വേഗത്തിലുള്ള പെർഫോമെൻസ് ഉറപ്പാക്കും.

ക്വാല്‍കോം അഡ്രനോ ജിപിയു പുതുക്കിയതോടെ 25% വേഗതയുള്ള ഗ്രാഫിക്‌സ് റൻഡറിംഗും 25% മെച്ചപ്പെട്ട GPU പവർ എഫിഷ്യൻസി കൂടി ലഭിക്കുന്നുണ്ട്. വണ്‍പ്ലസ് പാഡ് 2 പ്രോയില്‍ ഗെയിമിംഗും സ്ട്രീമിങ്ങും മെച്ചപ്പെടുമെന്നുമാണ് ടെക് വിദഗ്ദരുടെ വിലയിരുത്തല്‍. ഫയലുകള്‍/ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ സ്‌കാൻ ചെയ്യാനും നിരവധി AI ഫീച്ചറുകളും അവതരിപ്പിക്കും.

ഗെയിമിങ് പ്രേമികള്‍ക്ക് ഹൈപ്പർ ബൂസ്റ്റ് മോഡ് മികച്ച ഗെയിമിംഗ് അനുഭവും വണ്‍പ്ലസ് പാഡ് 2 പ്രോ നല്‍കും. ഈ വർഷം ആദ്യ പകുതിയില്‍ ചൈനയില്‍ വണ്‍പ്ലസ് പാഡ് 2 പ്രോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ഇതിന്റെ ലഭ്യത സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും വണ്‍പ്ലസില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ടെക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.